ആരോപണത്തിനു വിശദീകരണം നല്‍കുന്നതിനു പകരം, സത്യവാങ്മൂലം നല്‍കുകയോ മാപ്പെഴുതുകയോ വേണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇത് വിശദീകരണമല്ല, പേടിപ്പിക്കലാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു കമ്മീഷനെതിരെ ഉയര്‍ത്തിയ ക്രമക്കേടാരോപണം വളരെ ഗുരുതരമാണ്. അതു സംബന്ധമായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ പ്രതികരണം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വലിയ തോതില്‍ തിരിമറികള്‍ നടന്നിട്ടുണ്ട് എന്നതിലേക്കുള്ള ചൂണ്ടു പലകയാണ്.
ആരോപണത്തിനു വിശദീകരണം നല്‍കുക എന്നതിനു പകരം, ഭീഷണിയുടെ സ്വരത്തില്‍ സത്യവാങ്മൂലം നല്‍കുകയോ മാപ്പെഴുതുകയോ വേണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. ഇത് വിശദീകരണമല്ല, മറിച്ച് ഭീഷണിപ്പെടുത്തലാണ്.
എത്ര നാളായി ഈ ആരോപിക്കപ്പെട്ട തരത്തിലുള്ള കൃത്രിമങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നടക്കുന്നു എന്നതില്‍ വ്യക്തതയില്ല, എങ്കിലും ഇത്തരം പരാതികള്‍ സ്വീകരിക്കാനുള്ള സന്നദ്ധത കമ്മീഷന്‍ കാണിക്കുന്നേ ഇല്ല. പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതു തന്നെയാണ് പ്രവണതയെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എന്തു ചെയ്യാനാവും?
നിലവില്‍ മോദി ഗവണ്മെന്റിനോട് ചേര്‍ന്നു നില്‍ക്കുന്ന രണ്ട് ഭരണ പാര്‍ട്ടികളെ ആ മുന്നണി വിട്ടു പോരുന്നതിനായി സമീപിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. നിതീഷ് കുമാറിന്റെ ജനതാദള്‍(യു), ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി എന്നിവയാണവ. ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല എങ്കില്‍, ഈ ഇലക്ഷന്‍ തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അവര്‍ക്കു നേരെയും ഉയരുകയും അതില്‍ അവര്‍ പങ്കാളികളാണെന്ന സ്ഥിതി വരികയും ചെയ്യും.
ബി ജെ പിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക എന്നതാണ് പ്രതിപക്ഷത്തിനുള്ള മറ്റൊരു വഴി. പക്ഷേ, ഈ പുതിയ സാഹചര്യത്തില്‍ അതൃപ്തരായ ബി ജെ പി നേതാക്കള്‍ മുഴുവന്‍ ഒരു കലാപത്തിനൊരുങ്ങുമോ എന്നതാണ് ചോദ്യം. അതൃപ്തരായ ഒരുപാട് നേതാക്കള്‍ അവിടെയുണ്ട്. ഇത് അവര്‍ക്ക് സ്വയം തീരുമാനിക്കാനുള്ള ഒരു സാഹചര്യമാണ്.
ബി ജെ പിയുടെ പിതൃ സംഘടനയായ ആര്‍ എസ് എസ് ഇതുവരേക്കും വോട്ടര്‍ പട്ടിക വിഷയത്തില്‍ നിര്‍വികാരമായ ഒരു മൗനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്തു തന്നെയായിരുന്നാലും, അത് ബി ജെ പിയുടെ വിശ്വാസ്യതയെ ബാധിക്കും, അവരെ പ്രതിരോധത്തിലേക്ക് തകര്‍ത്തെറിയുമെന്നതില്‍ സംശയമില്ല.
ഒരു പ്രതിരോധത്തിലേക്ക് നീങ്ങുക എന്നതിനു പകരം വീണ്ടെടുപ്പിനുള്ള അവസരം കാത്തിരിക്കുക എന്നതിലേക്ക് സംഘപരിവാര്‍ നീങ്ങാനുള്ള സാധ്യതയും തള്ളിക്കൂടാ. ഹിന്ദുത്വ ആശയധാരകള്‍ വിജയി- പരാജിതന്‍ ഫിലോസഫിയിലാണ് വിശ്വസിക്കുന്നത്. അവര്‍ എന്തു വില നല്‍കിയും വിജയം നേടുന്നതിനെയാണ് പിന്തുണയ്ക്കുന്നത്.
അവര്‍ കരുതുന്നത്, ചരിത്രത്തില്‍ വിജയി മാത്രമേ ഓര്‍മിക്കപ്പെടുന്നുള്ളൂ, പരാജിതന്‍ മറവിയിലേക്ക് തള്ളപ്പെടും എന്നാണ്. ഇത് ധര്‍മം സ്ഥാപിക്കുന്നതിനായി ഒരുവന് അക്രമത്തെയും ശരികേടിനെയും ന്യായീകരിക്കാനാവും എന്നാണ് അര്‍ഥമാക്കുന്നത്.
ഈ തരത്തിലുള്ള ചിന്ത നരേന്ദ്ര മോദിയെപ്പോലെ ജനങ്ങളെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ടെന്ന് കരുതുന്ന മൈതാനപ്രസംഗകരെ ഉത്പാദിപ്പിക്കുന്നതിലേക്കാണ് നയിക്കുന്നത്. മോദി ഇപ്പോഴും കരുതുന്നത് അദ്ദേഹം ഒരു വിജയ ഓട്ടത്തിലാണ് എന്നാണ്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയില്‍ എന്നതു പോലെ പ്രതിപക്ഷത്തിന്റെ അസ്വീകാര്യതയിലും മാറ്റമുണ്ടായിട്ടുണ്ട്.
കഴിഞ്ഞുപോയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദിയുടേയും ബി ജെ പിയുടേയും ആഖ്യാനത്തിനനുസരിച്ച് പരുവപ്പെടുത്തിയിട്ടുണ്ട് എന്ന് ജനങ്ങളെ ധരിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ചിട്ടുണ്ട്. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പോലെ, തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഒരു അന്തരീക്ഷത്തിനനുസരിച്ച് ന്യായീകരിക്കപ്പെടുകയാണുണ്ടായിരുന്നത്.
വോട്ട് മോഷണം മറച്ചുവെക്കുന്നതിനായി ഒരു വിജയ കഥനം നടത്തിയത് അദ്ദേഹം ഉന്നയിച്ചിരുന്നു. ഈ അന്തരീക്ഷം കേവലം വിജയങ്ങള്‍ കൊണ്ട് മാത്രമല്ല ഉണ്ടാക്കിയെടുത്തത്, ചില തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ തോറ്റുകൊണ്ടു കൂടിയാണ്.
 2019ലെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നേരിട്ട മണ്ഡലങ്ങളില്‍ ആനുപാതികമല്ലാതെ ബി ജെ പി വിജയം നേടി എന്ന് അവകാശപ്പെട്ട അശോക യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ സഭ്യസാചി ദാസിന്റെ വിധി ആരും മറന്നു പോയിക്കൂടാ. അദ്ദേഹം വാദം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു. ''മുന്നില്‍ വെച്ച തെളിവുകള്‍ തിരഞ്ഞെടുപ്പ് കൃത്രിമത്വവുമായി പൊരുത്തപ്പെടുന്നതും പ്രചാരണ സിദ്ധാന്തങ്ങള്‍ക്ക് പിന്തുണ നല്‍കാത്തതുമാണ്.
ഈ കൃത്രിമങ്ങള്‍ ആസൂത്രിതമായ വോട്ടര്‍മാരുടെ പേരുനീക്കലിന്റേയും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കെതിരായ വിവേചനത്തിന്റെയും രൂപം പൂണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ദുര്‍ബലമായ വിലയിരുത്തലുകളാണ് ഒരു പരിധി വരെ ഇതിന് സഹായകമായത്. അതിന്റെ പരിണതിയോ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഉത്കണ്ഠാകുലമായ പിന്നോട്ടുപോക്കും.''
രാഷ്ട്രത്തെ രക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തില്‍ ആളുകള്‍ വിശ്വസിക്കുമോ? രാജ്യം മുഴുക്കെ അദ്ദേഹം നടത്തുന്ന പരിപാടികളില്‍ കൂടി വരുന്ന ജനങ്ങളുടെ എണ്ണത്തില്‍ അതിന്റെ ഉത്തരമുണ്ട്.
പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണത്തിനുള്ള ഏറ്റവും വലിയ ആശ്വാസം ഒരിക്കലും രാജിയാവാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ്. തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ മാത്രമാണ് അദ്ദേഹത്തെ നയിക്കുന്നത് എന്ന് തോന്നുന്നില്ല. സാധാരണക്കാരില്‍ നിന്ന് ജനാധിപത്യം മോഷ്ടിക്കുകയും കൃത്രിമത്വം നടത്തുകയും ചെയ്യുന്നതിനെതിരായ പോരാട്ടമാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇത് ഒരു രാഷ്ട്രീയ യുദ്ധമല്ല, ഒരു മനുഷ്യന് ഒരു വോട്ട് എന്ന തത്വം പ്രാവര്‍ത്തികമാക്കാനുള്ള ഭരണഘടനാപരമായ യുദ്ധമാണിതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ട്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനോടെതിരിടുന്ന വിവിധ പാര്‍ട്ടികള്‍ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാണിക്കുന്ന വിശ്വാസ്യതയില്‍, അധികാര ഉപജാപങ്ങളില്‍ അദ്ദേഹത്തിനുള്ള താല്‍പര്യമില്ലായ്മ പ്രകടമാണ്.
ഇപ്പോള്‍ തലപ്പത്തിരിക്കുന്നവരെ രാഷ്ട്രീയ അധികാരം നഷ്ടപ്പെടുമോ എന്ന ഭയം നയിച്ചേക്കാനിടയുണ്ട്. ഇത് അവരെ പ്രതിപക്ഷത്തിനു നേരെ അങ്ങേയറ്റം മോശമായ നടപടികള്‍ക്ക് പ്രേരിപ്പിക്കും. എന്തു തന്നെയായാലും, ഇതുവരേക്കും പൊതുസമൂഹത്തിലെ രാഹുല്‍ ഗാന്ധിയുടെ ആക്രമണോത്സുകമായ സാന്നിധ്യം മോദിയുടെ മഹദ്ഭാവത്തെ ഇടിച്ചു താഴ്ത്തിയിട്ടുണ്ട്.
ഒരുവേള, അധികാരത്തില്‍ ഒരു ദശാബ്ദം പിന്നിട്ട ശേഷം മോദിയുടെ പ്രഭാവത്തെ കുടിയിറക്കാന്‍ ഇപ്പോള്‍ സ്‌പെയ്‌സ് ഇല്ല എന്ന ധാരണ മാറിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമോ?
എല്ലാ വിപ്ലവങ്ങള്‍ക്കും ബോധ്യപ്പെടുന്ന കഥനവും ജനങ്ങളുടെ പിന്തുണയും വേണം. രാഹുല്‍ ഗാന്ധി ഈ വോട്ട് ചോരണ വിഷയത്തെ ജനങ്ങളുടെ അടിസ്ഥാന ആശയങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇക്കാലയളവിലുടനീളം മോദി തയ്യാറാക്കിയെടുത്ത പോലെ ഒരു വ്യവസ്ഥാ വിരുദ്ധ ആഖ്യാനം ഉരുവപ്പെടുത്തിയെടുക്കണം. ഏറെക്കാലം പ്രധാനമന്ത്രിയായിരുന്ന ശേഷം ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത അധകൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ല.
രാഷ്ട്രത്തെ രക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തില്‍ ആളുകള്‍ വിശ്വസിക്കുമോ? രാജ്യം മുഴുക്കെ അദ്ദേഹം നടത്തുന്ന പ്രതിരോധ പരിപാടികളില്‍ കൂടി വരുന്ന ജനങ്ങളുടെ എണ്ണത്തില്‍ അതിന്റെ ഉത്തരം പ്രകടമാണ്.
വിവ: ഷബീര്‍ രാരങ്ങോത്ത്
