ഖുര്‍ആനിന്റെ നാമങ്ങള്‍ നമ്മോട് പറയുന്നത്!


ഖുര്‍ആന്‍ എന്ന പദവും ഖിറാആ എന്ന വാക്കും തമ്മിലുള്ള അര്‍ഥവ്യത്യാസം എന്താണ്? വായിക്കല്‍, വായന എന്ന അര്‍ഥമാണ് ഖിറാആക്കെങ്കില്‍ ഖുര്‍ആന്‍ എന്നതിന്റെ അര്‍ഥം നിരന്തര വായന, അധിക വായന, പതിവായ വായന, സ്ഥിര വായന, ആവര്‍ത്തിച്ചുള്ള വായന എന്നിങ്ങനെയാണ്.

നീ വായിച്ചു പഠിക്കണമെന്ന കല്പനയോടെ ആരംഭം കുറിച്ച ദിവ്യവേദമാണ് ഖുര്‍ആന്‍. ഖറഅ-യഖ്‌റഉ-ഇഖ്‌റഅ് എന്നീ ക്രിയകളുടെ സ്രോതപദമാണ് ഖിറാആയും ഖുര്‍ആനും.

വായന, വായിക്കല്‍ എന്നാണ് ഖിറാആയുടെ അര്‍ഥമെങ്കില്‍ ഖുര്‍ആനിന്റെ അര്‍ഥം എന്താണെന്ന് ഖുര്‍ആന്‍ തന്നെ പറയട്ടെ: ''ഈ ഖുര്‍ആനിന്റെ സമാഹരണവും അതിന്റെ വായനയും (ഖുര്‍ആന്‍) നമ്മുടെ ബാധ്യതയാണ്. അത് നാം വായന നടത്തിയാല്‍ ആ വായനയെ(ഖുര്‍ആന്‍) നീ അനുധാവനം ചെയ്യുക'' (75:17-18).

ഈ ഖുര്‍ആനിക വചനത്തില്‍ ഖുര്‍ആന്‍ എന്ന പദം വായന എന്ന അര്‍ഥത്തിലാണ് വന്നത്. ഖുര്‍ആന്‍ എന്ന പദവും ഖിറാആ എന്ന വാക്കും തമ്മിലുള്ള അര്‍ഥവ്യത്യാസം എന്താണ്? വായിക്കല്‍, വായന എന്ന അര്‍ഥമാണ് ഖിറാആക്കെങ്കില്‍ ഖുര്‍ആന്‍ എന്നതിന്റെ അര്‍ഥം നിരന്തര വായന, അധിക വായന, പതിവായ വായന, സ്ഥിര വായന, ആവര്‍ത്തിച്ചുള്ള വായന എന്നിങ്ങനെയാണ്.

അതായത് സ്ഥിരമായും ആവര്‍ത്തിച്ചുമുള്ള വായനയ്ക്കുള്ളതാണ് ഖുര്‍ആന്‍. ഈ നാമമാണ് ഈ വേദഗ്രന്ഥത്തിന്റെ പരിചിതമായ നാമം. ''ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെയാണ്'' (56:77), ''ഈ ഖുര്‍ആനിനെ പരമകാരുണികന്‍ പഠിപ്പിച്ചു'' (55:12).

ഖുര്‍ആനിന് പല അപരനാമങ്ങളും വിവിധ വിശേഷനാമങ്ങളുമുണ്ട്. ഏതെല്ലാം അവസ്ഥകളെ അത് പ്രതിനിധാനം ചെയ്യുന്നുവോ അവയെ പരിഗണിച്ചാണ് ഈ അപരനാമങ്ങളും വിശേഷനാമങ്ങളും നിലകൊള്ളുന്നത്.

ലോകത്തിലെ സര്‍വ ഭാഷകളുടേയും അടിസ്ഥാന നൈപുണികള്‍ നാലെണ്ണമാണ്

  1. ശ്രവണം/ ഇസ്തിമാഅ്/ ഇന്‍സാത്ത്
  2. സംസാരം/ കലാം/ തഹദ്ദുസ്
  3. വായന/ ഖിറാആ/ ഖുര്‍ആന്‍
  4. എഴുത്ത്/ കിതാബാ/ കിതാബ്

സ്രഷ്ടാവായ ദൈവം തമ്പുരാന്റെ സംസാരം/ കലാം (9:6) ആണ് ഖുര്‍ആന്‍. സൃഷ്ടിയായ മനുഷ്യന് വായന/ ഖിറാആക്കുള്ള ദിവ്യവേദമാണ് ഈ ഖുര്‍ആന്‍. അവന് ജീവിതത്തിനായുള്ള തിരുവെഴുത്തുകള്‍/ കിതാബ ഉള്ള വേദപുസ്തകമാണ് ഇത്. ഈ ഖുര്‍ആന്‍ വായിച്ചുകേള്‍ക്കുന്നതായാല്‍ അതിനെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട കടമ (7:24) മനുഷ്യനുണ്ട്.

അല്‍കിതാബ്

ദിവ്യവേദം എന്ന അര്‍ഥത്തില്‍ അല്‍കിതാബ് (7:170) എന്ന് ഖുര്‍ആനിന് അപരനാമമുണ്ട്. ദാലികല്‍ കിതാബ് (ആ ഗ്രന്ഥം, 2:2), കിതാബ് മുബീന്‍ (വ്യക്തതയുള്ള ഗ്രന്ഥം, 12:1), യുക്തിഭദ്രമായ ഗ്രന്ഥം (കിതാബ് ഹകീം, 31:2), കിതാബ് മുബാറക് (അനുഗൃഹീത ഗ്രന്ഥം, 6:92, 155) എന്നിങ്ങനെയുള്ള പരാമര്‍ശം കിതാബിനെക്കുറിച്ച് ഖുര്‍ആനില്‍ കാണാം. നിയമവിധി എഴുതപ്പെട്ട രേഖ എന്ന അര്‍ഥവും കിതാബിനുണ്ട്.

അല്‍ഫുര്‍ഖാന്‍

ഖുര്‍ആനിലെ 25-ാം അധ്യായമാണ് അല്‍ഫുര്‍ഖാന്‍. ഇതും ഖുര്‍ആനിന്റെ പ്രധാനപ്പെട്ട ഒരു അപരനാമമാണ്. പരമസത്യ-അര്‍ധസത്യ-അസത്യ വിവേചനം എന്നാണ് ഇതിന്റെ അര്‍ഥം. ഈ അധ്യായം സമാരംഭിക്കുന്നത് ഇങ്ങനെയാണ്: ''തന്റെ ദാസനായ റസൂലിന് ഫുര്‍ഖാന്‍ പ്രമാണം അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാണ്. അദ്ദേഹം ലോകര്‍ക്ക് ഒരു താക്കീതുകാരനായിരിക്കാനാണത്'' (25:1).

സമ്പൂര്‍ണ സത്യം, പരമ സത്യം, പൂര്‍ണ സത്യം എന്നീ അര്‍ഥങ്ങളുള്ള ഖുര്‍ആനിക പദമാണ് ഹഖ്. ഖുര്‍ആനിന്റെ വിശേഷണ നാമമാണിത്. അസത്യം എന്നതിന് 'ബാത്വില്‍' എന്നും അര്‍ധസത്യം എന്നതിന് 'ളന്ന്' എന്ന പദവുമാണ് ഖുര്‍ആനില്‍ വന്നത്.

തിരിച്ചറിവിന്റെ വേദം

ഖുര്‍ആനിന്റെ മറ്റൊരു അപരനാമമാണ് അദ്ദിക്‌റ് (43:44). അനുസ്മരണം, സ്മരണ, ഓര്‍മ എന്നിങ്ങനെ ഇതിന് അര്‍ഥങ്ങളുണ്ട്. ''തിരിച്ചറിവ് നല്‍കാനായി ഖുര്‍ആനിനെ നാം സൗകര്യപ്രദമാക്കിയിരിക്കുന്നു'' (54:17) എന്ന് ഖുര്‍ആന്‍ നാലിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. ഈ പാഠസന്ദര്‍ഭത്തില്‍ നിന്നു ദിക്‌റിന് തിരിച്ചറിവ് എന്ന പരിഭാഷയാണ് ഉചിതമാവുക. സ്മരണ ഉണ്ടാകുമ്പോഴാണ് തിരിച്ചറിയുക.

ഒരാളെ നാം തിരിച്ചറിയുന്നത്, അയാളുടെ ചിത്രം നമ്മുടെ സ്മൃതിപഥത്തിലേക്ക് വരുമ്പോഴാണല്ലോ. അറിവുണ്ടായിട്ടും ഒരേ അനിഷ്ട സംഭവങ്ങള്‍ ഒന്നിലധികം പ്രാവശ്യം നമുക്ക് ബാധിക്കുന്നതിന്റെ കാരണമെന്താണ്? പഴയ സംഭവത്തിന്റെ പരിണിത ഫലം ഓര്‍മയിലേക്ക് വരാത്തതാണ്. തിരിച്ചറിവിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഓര്‍മ എന്നതിനാല്‍ ദിക്‌റ് എന്നതിന് തിരിച്ചറിവ് എന്നുതന്നെ തര്‍ജമ നല്‍കാം.

ജനങ്ങള്‍ക്കുള്ള വിളംബരം എന്ന അര്‍ഥത്തില്‍ ബയാന്‍ എന്ന് ഖുര്‍ആനിനെ വിശേഷിപ്പിക്കാം. സുവ്യക്തമായ തെളിവ്, സുവ്യക്ത ഗ്രന്ഥം, സുവ്യക്തമായ ഖുര്‍ആന്‍, തിബ്‌യാന്‍ എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിക്കുന്നുണ്ട്.

''ഒരു സത്യവിശ്വാസിക്ക് ഒരേ മാളത്തില്‍ നിന്ന് രണ്ടു തവണ പാമ്പുകടിയേല്‍ക്കില്ല'' എന്ന നബിവചനം ഇത്തരുണത്തില്‍ ഓര്‍മിക്കാം. ഓര്‍മ നശിച്ച് തിരിച്ചറിവ് നഷ്ടമാവുമ്പോഴാണ് ആദ്യ കടിയേറ്റ പാമ്പിന്‍മാളത്തിലേക്ക് വീണ്ടും നാം ചെല്ലുക. അദ്ദിക്‌റ് എന്നതിന്റെ വ്യത്യസ്ത രൂപങ്ങളും ഖുര്‍ആനിക വിശേഷണ നാമമായി വന്നിട്ടുണ്ട്. ദിക്‌റാ/ അനുസ്മരണം (11:120) ഉണര്‍ത്തല്‍/ തദ്കിറാ (73:19) എന്നിവ ഉദാഹരണം.

ലോകര്‍ക്കുള്ള തിരിച്ചറിവ് (12:104), സമ്പൂര്‍ണ സത്യവിശ്വാസികള്‍ക്കുള്ള തിരിച്ചറിവ് (7:2) എന്നിങ്ങനെ ഖുര്‍ആന്‍ പറഞ്ഞിടത്ത് യഥാക്രമം ദിക്‌റും ദിക്റായും ഉപയോഗിച്ചിരിക്കുന്നു. ഖുര്‍ആനിനെ ദൂദിക്‌റ് എന്നു പറഞ്ഞാണ് സൂറഃ സ്വാദ് ആരംഭിക്കുന്നത്. തിരിച്ചറിവിന്റെ ഖുര്‍ആന്‍ എന്നര്‍ഥം. അനുഗൃഹീത തിരിച്ചറിവ്/ ദിക്‌റ് മുബാറക് (21:50) എന്നും ഖുര്‍ആനില്‍ കാണാം.

ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

ഖുര്‍ആനിന്റെ കൂടെ വ്യത്യസ്ത വിശേഷണ നാമങ്ങള്‍ നമുക്ക് കാണാം. അളീം (മഹത്വമേറിയത് (15:87), ഹകീം/ യുക്തിഭദ്രം (36:2), മജീദ്/ വിശുദ്ധം (85:21), കരീം/ആദരണീയം (56:77), മുബീന്‍/ സുവ്യക്തം (36:69), അറബീ /അറബിഭാഷയിലുള്ളത് (43:3), അജബ്/ വിസ്മയിപ്പിക്കുന്നത് (72:1), അസീസ്/ പ്രഭാവമുള്ളത് (41:41) എന്നിങ്ങനെ ഈ ഖുര്‍ആനിനെ (ഹാദല്‍ ഖുര്‍ആന്‍) (39:27) വിശേഷിപ്പിക്കാം.

ജനങ്ങള്‍ക്കുള്ള വിളംബരം എന്ന അര്‍ഥത്തില്‍ ബയാന്‍ (3:138) എന്ന് ഖുര്‍ആനിനെ വിശേഷിപ്പിക്കാം. സുവ്യക്തമായ തെളിവ് (ബയ്യിന), സുവ്യക്ത ഗ്രന്ഥം (കിതാബ് മുബീന്‍), സുവ്യക്തമായ ഖുര്‍ആന്‍ (ഖുര്‍ആന്‍ മുബീന്‍), തിബ്‌യാന്‍ (വിവരണം) എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിക്കുന്നുണ്ട്.

ഖുര്‍ആനിന്റെ ഹുദായെന്ന വിശേഷണത്തിനര്‍ഥം സന്മാര്‍ഗമെന്നാണ്. സത്യവിശ്വാസികള്‍ക്ക് സന്മാര്‍ഗം (41:44), മുസ്‌ലിംകള്‍ക്ക് സന്മാര്‍ഗം (16:102), സുകൃതവാന്‍മാര്‍ക്ക് സന്മാര്‍ഗം (31:3), ജനങ്ങള്‍ക്കുള്ള സന്മാര്‍ഗം (3:138) എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സന്മാര്‍ഗത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.

ഖുര്‍ആനിലെ 24-ാം അധ്യയമാണ് നൂര്‍. പ്രകാശം, വെളിച്ചം, പ്രഭ എന്നൊക്കെയാണ് അര്‍ഥം. ഖുര്‍ആനിന്റെ ഒരു വിശേഷണമാണ് നൂര്‍ (5:15) എന്നത്. കാരുണ്യമാണ് ഖുര്‍ആന്‍. സുകൃതവാന്‍മാര്‍ക്കും (31:3) സത്യവിശ്വാസികള്‍ക്കും (7:52) കാരുണ്യം/ റഹ്മയാണ് ഖുര്‍ആന്‍.

അവതരണം/ തന്‍സീല്‍, മൗഇളാ/ സദുപദേശം, ശിഫാ/ ശമനൗഷധം, ബസാഇര്‍/ഉള്‍ക്കാഴ്ചകള്‍, ബുര്‍ഹാന്‍/ പ്രമാണം, ഹിക്മാ/ തത്വജ്ഞാനം, ബുശ്‌റാ/ സന്തോഷവാര്‍ത്ത എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഖുര്‍ആനിലുണ്ട്. സുകൃതവാന്മാര്‍ക്കും (27:2) മുസ്‌ലിംകള്‍ക്കും (16:102) സന്തോഷവാര്‍ത്ത/ ബുശ്‌റയാണ് ഖുര്‍ആന്‍.

ഹിക്മ/ തത്വജ്ഞാനം (4:113), ബുര്‍ഹാന്‍/ തെളിവ് (4:174), സത്യവിശ്വാസികള്‍ക്കുള്ള ശമനൗഷധം (17:82) എന്നീ നിലകളിലുള്ള ഖുര്‍ആന്‍ ലോക രക്ഷിതാവില്‍ നിന്ന് അവതീര്‍ണമായതാണ്. ഖുര്‍ആനിന്റെ അപരനാമങ്ങളും വിശേഷണ നാമങ്ങളും അതിന്റെ ഉള്ളടക്കത്തിലേക്കും ഇതിവൃത്തത്തിലേക്കും സൂചന നല്‍കുന്നതാണ്. ആ പേരുകളൊക്കെത്തന്നെയും നമ്മെ പ്രചോദിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുംസഹായകമാണ്.


ഡോ. പി എം മുസ്തഫാ കൊച്ചിന്‍ പ്രൊഫസർ, അകാദമിഷ്യൻ, പരിശീലകൻ, ഗവേഷകൻ. എറണാകുളം മഹാജാസ് കോളെജിൽ അറബി ഗവേഷണ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. പ്രഥമ പുസ്തകം അസൂയയുടെ മതശാസ്ത്രം.