പ്രവാചക സ്ട്രാറ്റജികള്‍ അതിജീവനത്തിന്റെ ഏറ്റം യുക്തിസഹമായ ഉപാധി


ഏകാധിപതികള്‍ ഭരിക്കുകയും അവര്‍ ഭരിക്കാന്‍ മതത്തെ വികൃതമാക്കുകയും ചെയ്താല്‍ അവിടെ ഒരു സാമൂഹിക അരാജകത്വമാണ് രൂപപ്പെടുക. അവിടങ്ങളില്‍ വിശ്വാസം ആത്മാവില്ലാത്ത കേവല ആചാരമായി മാറും.

സ്സയോടുള്ള മനസ്സാക്ഷിയില്ലായ്മ, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയുടെ അഭാവം, അവയുടെ വിനാശകരമായ കാപട്യം എല്ലാം പ്രത്യക്ഷമായ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പശ്ചാത്യ നാഗരിക മാതൃക തകര്‍ന്നു കൊണ്ടിരിക്കുകയാണ്. 'പടിഞ്ഞാറന്‍' എന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലിം മേഖലയിലും ഇവ ദൃശ്യമാകുന്നുണ്ട്.

മുസ്ലിം സാമ്രാജ്യങ്ങളെ തകര്‍ക്കുകയും ഇസ്ലാമിനെ മനഃപൂര്‍വം വിഭജിക്കുകയും ചെയ്ത 19-ാം നൂറ്റാണ്ടിലെ ശക്തികള്‍ സൃഷ്ടിച്ചതാണ് ഈ സാഹചര്യം എന്ന് പറയുന്നവരുമുണ്ട്. എന്തായാലും, ഏകാധിപതികള്‍ ഭരിക്കുകയും അവര്‍ ഭരിക്കാന്‍ മതത്തെ വികൃതമാക്കുകയും ചെയ്താല്‍ അവിടെ ഒരു സാമൂഹിക അരാജകത്വമാണ് രൂപപ്പെടുക. അവിടങ്ങളില്‍ വിശ്വാസം ആത്മാവില്ലാത്ത കേവല ആചാരമായി മാറുകയും ചെയ്യും.

പ്രവാചകന്‍ കല്പിച്ച സൗമ്യത, കാരുണ്യം എന്നിവയില്‍ നിന്ന് വിഭിന്നമായ ഭയവും കോപവും നിറഞ്ഞ കഠിനമേറിയതും ക്ഷമിക്കാന്‍ കഴിയാത്തതുമായ ഇന്നത്തെ സാഹചര്യങ്ങള്‍ പ്രത്യാശക്ക് പകരം നരകാഗ്‌നി ആണ് സമ്മാനിക്കുന്നത്. പ്രതികരിക്കുന്ന യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ വരുന്നു.

ഈജിപ്ത്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവര്‍ നടത്തിയ വിപ്ലവങ്ങള്‍ പോലും അവരെ നിരാശരാക്കിയിരിക്കുന്നു. രാഷ്ട്രീയമായി മതേതരമായ 'പടിഞ്ഞാറിലെ' (സയണിസ്റ്റ് ഇസ്രായേല്‍ ഉള്‍പ്പെടെ) വന്‍കിട മൂലധനത്തിന്റെയും സൈനിക-വ്യാവസായിക സമുച്ചയത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുസ്ലിം രാജ്യങ്ങളിലെ മൂല്യങ്ങളുമായി ഏറ്റുമുട്ടുകയാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ നമ്മുടെ ലോകത്ത് അതിജീവനത്തിനുള്ള ഏറ്റവും മികച്ചതും യുക്തിസഹവുമായ ഉപാധിയാണ് ഏകദേശം 1500 വര്‍ഷത്തെ പാരമ്പര്യം വഹിക്കുന്ന - പ്രവാചകന്‍(സ)യുടെ ജീവചരിത്രമായ സീറയെന്നതില്‍ മുസ്ലിം പണ്ഡിതന്മാര്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നു.

സീറ തീര്‍ച്ചയായും സുപ്രധാനവും വഴികാട്ടിയുമായ ഘടകമാണ്. ഇബ്‌നു ഹിഷാം, ഇബ്‌നു കസീര്‍, ഖാദി ഇയാദ് തുടങ്ങിയ പണ്ഡിതന്മാരില്‍ നിന്ന് നിരവധി സീറ കൃതികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, മുഹമ്മദ് ഹൈക്കല്‍, മാര്‍ട്ടിന്‍ ലിംഗ്‌സ്, ഷെയ്ഖ് റമദാന്‍ അല്‍-ബൂത്തി എന്നിവരുടെ മികച്ച ജീവചരിത്രങ്ങളും നമുക്ക് കാണാന്‍ കഴിഞ്ഞു.

വദാഹ് ഖാന്‍ഫര്‍

അവയെല്ലാം പ്രവാചകന്റെ (സ) ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സീറ ഒരു സമ്പന്നമായ വിഭാഗമാണ്. അവയില്‍ പ്രശസ്തി ആര്‍ജിച്ചവരുടേത് മാത്രമേ നമ്മള്‍ പലപ്പോഴും ചര്‍ച്ചക്കെടുക്കാറുള്ളു. അല്ലാത്തവയും ധാരാളം ഉണ്ട്. വദാഹ് ഖാന്‍ഫര്‍ എഴുതിയ ഏറ്റവും പുതിയ സീറകളില്‍ ഒന്നായ ദി ഫസ്റ്റ് സ്പ്രിംഗ്: ദി പൊളിറ്റിക്കല്‍ പ്രാക്ടിസ് ഓഫ് ദി പ്രോഫറ്റ് ഓഫ് ഇസ്ലാം, നമ്മുടെ സമകാലിക പ്രവാചക ചിന്തകളില്‍ പ്രസക്തമായതാണ്.

വദാഹ് ഖാന്‍ഫര്‍ എഴുതിയ ഏറ്റവും പുതിയ സീറകളില്‍ ഒന്നായ ദി ഫസ്റ്റ് സ്പ്രിംഗ്: ദി പൊളിറ്റിക്കല്‍ പ്രാക്ടിസ് ഓഫ് ദി പ്രോഫറ്റ് ഓഫ് ഇസ്ലാം

ദക്ഷിണാഫ്രിക്കയിലും ഇറാഖിലും ജോലി ചെയ്തിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും അല്‍ ജസീറ മുന്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയിലും അദ്ദേഹം ആഗോള രാഷ്ട്രീയത്തില്‍ വിദഗ്ധനാണ്. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാചക നേതൃത്വത്തിന്റെ പ്രസക്തി പരിശോധിക്കുകയാണ് അദ്ദേഹം തന്റെസീറയില്‍.

നാടകീയമായ രീതിയിലാണ് പുസ്തകം ആരംഭിക്കുന്നത്. സാമ്പത്തികമായി തകര്‍ന്നുപോയ അബു സുഫ്യാന്‍ എന്ന ഖുറൈശി നേതാവ്, മക്കയ്ക്ക് പുറത്തുള്ള 10,000 പേരടങ്ങുന്ന മുസ്ലിം സൈന്യത്തിന് കീഴടങ്ങുക എന്നതാണ് ഏക പോംവഴി എന്ന് ജനങ്ങളെ അറിയിക്കാന്‍ തന്റെ കൂട്ടാളികളെ നിയോഗിക്കുന്നു. ഗോത്രക്കാരാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും ഭയചകിതരായവരുമായ ഒരു ജനതയ്ക്ക് കീഴടങ്ങലിന്റെ വാര്‍ത്ത അറിയിക്കാന്‍ അബൂ സുഫ്യാന് ആണ് അധികാരം നല്‍കിയിട്ടുള്ളത്.

മക്കയുമായി സഖ്യമുണ്ടാക്കിയിരുന്ന ബനീ ബക്ര്‍ എന്ന ഗോത്രം മദീനയുമായി സഖ്യമുണ്ടാക്കിയിരുന്ന ബനീ ഖുസാഅ എന്ന ഗോത്രത്തെ ആക്രമിച്ച് പ്രവാചകനും ഖുറൈശികളും തമ്മില്‍ ഒപ്പുവച്ച ഹുദൈബിയ കരാര്‍ ലംഘിച്ചതിന്റെ ഫലമായിട്ടായിരുന്നു ഇവയെല്ലാം. ആ അവിവേക പ്രവൃത്തി വെറും രണ്ട് വര്‍ഷം കൊണ്ട് പത്ത് വര്‍ഷത്തെ കരാര്‍ ലംഘിക്കുകയാണുണ്ടായത്.

ഒരു പ്രത്യേക സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭത്തെ പശ്ചാത്തലമാക്കി രചന നിര്‍വഹിച്ചു എന്നത് first spring-നെ മറ്റു സീറകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അക്കാലത്തെ പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ, ക്ഷയിച്ചുകൊണ്ടിരുന്ന പേര്‍ഷ്യന്‍, ബൈസന്റൈന്‍ മഹാശക്തികളുടെ പശ്ചാത്തലത്തില്‍ പ്രവാചകന്‍(സ) എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായി വായനക്കാരന് ബോധ്യപ്പെടുത്തുന്നുണ്ട്.

രാഷ്ട്രീയ പ്രായോഗികതയാണ് ഈ പുസ്തകത്തിന്റെ നട്ടെല്ല് എങ്കിലും, ക്ലാസിക്കല്‍ സ്രോതസ്സുകള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. മക്കയുടെ വിജയത്തെയും ഇസ്ലാമിന്റെ ഒരു പുതിയ പ്രഭാതത്തെയും കുറിച്ചുള്ള ആകര്‍ഷകവും വിശദവുമായ വിവരണത്തില്‍ വായനക്കാര്‍ മുഴുകിയിരിക്കുക തന്നെ ചെയ്യും. സംഘടിതവും ഉള്‍ച്ചേര്‍ന്നതും വിവേകപൂര്‍ണവുമായ പ്രവാചകന്റെ ഇടപെടലുകള്‍ നമുക്ക് കാണാം.

'പ്രവാചകന്റെ(സ) സ്ട്രാറ്റജികള്‍ വ്യര്‍ഥമായ ആഗ്രഹങ്ങളെയോ ആസക്തികളെയോ വൈകാരിക പ്രതികരണങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. അദ്ദേഹത്തിന്റെ സാഹചര്യ വിലയിരുത്തലുകള്‍ എല്ലായ്‌പ്പോഴും യാഥാര്‍ഥ്യബോധമുള്ളതും ആസൂത്രണം എല്ലായ്‌പ്പോഴും പ്രായോഗികവുമായിരുന്നു. ശക്തിയുടെ പരമോന്നതിയിലായിരിക്കെ ഒരു ശത്രുവിനോടും ഇസ്ലാം യുദ്ധം ചെയ്തിട്ടില്ല.

വദാഹ് ഖന്‍ഫര്‍ പുസ്തകത്തില്‍ വാചാലമായി ചിത്രീകരിച്ചിരിക്കുന്ന പ്രവാചക മാതൃക ഉപയോഗപ്പെടുത്തുകയാണെങ്കില്‍, മുസ്ലിം സമൂഹത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവും.

ആഗോള, പ്രാദേശിക ശക്തി സന്തുലിതാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ഉള്‍ക്കാഴ്ചയും പ്രവാചകന്‍(സ) വികസിപ്പിച്ചെടുത്തു എന്ന് പുസ്തകത്തില്‍ ഖന്‍ഫര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1990കളില്‍ ഖന്‍ഫര്‍ ദക്ഷിണാഫ്രിക്കയില്‍ താമസിക്കുകയും പ്രവാചകന്റെ (സ) ജീവിതത്തെക്കുറിച്ചുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്ത കാലത്താണ് ഈ പുസ്തകത്തിന്റെ ആദ്യ ആശയങ്ങള്‍ മുളപൊട്ടിയത് എന്നത് ശ്രദ്ധേയമാണ്.

അറബി ഭാഷയില്‍ എഴുതിയ ഈ പുസ്തകം ദക്ഷിണാഫ്രിക്കന്‍ നയതന്ത്രജ്ഞന്‍ അസ്ലം ഫാറൂഖ് അലി വിവര്‍ത്തനം ചെയ്യുകയും നഈം ജീന എഡിറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ആഫ്രോ-മിഡില്‍ ഈസ്റ്റ് സെന്റര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വിവര്‍ത്തനവും എഡിറ്റിംഗും മികച്ച നിലവാരമുള്ളതാണ്. The First Spring, the Political Praxis of the Prophet of Islam തീര്‍ച്ചയായും ഒരു ക്ലാസിക് കൃതി തന്നെ ആണ്.

ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ നബിചര്യയില്‍ തന്നെ ഉത്തരങ്ങളുണ്ടെന്ന് നമ്മെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം. വദാഹ് ഖന്‍ഫര്‍ ഈ പുസ്തകത്തില്‍ വാചാലമായി ചിത്രീകരിച്ചിരിക്കുന്ന പ്രവാചക മാതൃക നാം ഉപയോഗപ്പെടുത്തുകയാണെങ്കില്‍, മുസ്ലിം സമൂഹത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവും.

വിവ: അഫീഫ ഷെറിന്‍