അഞ്ച് വര്‍ഷത്തേക്കുളള വികസനം രൂപപ്പെടുത്തുമ്പോള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായതും സുസ്ഥിരവുമായ കര്‍മ പരിപാടിയാവണം മുന്നിലുണ്ടാവേണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ഘട്ടത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തേക്കുളള ഒരു പ്രദേശത്തിന്റെ വികസനം എത്തരത്തിലുള്ളതായിരിക്കണം എന്നത് സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുകയും അനുയോജ്യമായ കര്‍മപദ്ധതി തയ്യാറാക്കുകയും ചെയ്യുകയെന്നത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്.
ഓരോ പ്രദേശത്തിനും അനുയോജ്യമായതും സുസ്ഥിരവുമായ കര്‍മ പരിപാടിയായിരിക്കണം തയ്യാറാക്കേണ്ടത്. ഇത്തരം കര്‍മ പരിപാടി തയ്യാറാക്കുമ്പോള്‍ ഓരോ പ്രദേശത്തിന്റെയും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതും അതിനനുസരിച്ചുള്ള പദ്ധതികളും പരിപാടികളും വിഭവങ്ങളുടെ വിനിയോഗവും പ്രധാനപ്പെട്ടതാണ്.
പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് ഒരു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച ചില ആലോചനകളാണ് ഇവിടെ പങ്കുവെക്കുന്നത്.
വിഭവങ്ങളുടെ തിട്ടപ്പെടുത്തല്‍ പ്രയോജനപ്പെടുത്തല്‍
ഓരോ പ്രദേശത്തിനും നിലവിലുള്ള വിഭവങ്ങളുടെ പട്ടിക തയ്യാറാക്കുക /പരിഷ്‌കരിക്കുക എന്നത് പ്രാഥമികമായി ചെയ്യേണ്ട ഒന്നാണ്. ഈ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പ് വരുത്തുകയെന്നതും പ്രധാനമാണ്. പുതിയ വിഭവ സ്രോതസ്സുകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നത് പ്രദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
ഓരോ പ്രദേശത്തും പട്ടികയിലുള്‍പ്പെടുത്താവുന്ന വിഭവ സ്രോതസുകളെ കണ്ടെത്തണം. ഉദാ: കൃഷിയോഗ്യമായ ഭൂമി, നദികള്‍, നിയമ വിധേയമായി ഖനനത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍ (ചെങ്കല്ല്, കരിങ്കല്ല്, മണല്‍, മണ്ണ് തുടങ്ങിയവ), ടൂറിസ്റ്റ് സ്‌പോട്ടുകള്‍, പ്രാദേശിക ചന്തകള്‍.
അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍
ഓരോ പ്രദേശത്തെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളില്‍- പ്രാദേശിക റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തല്‍, സംസ്ഥാന, ദേശീയ പാതകളുമായി ബന്ധിപ്പിക്കല്‍, കുറ്റമറ്റ ഗതാഗത സംവിധാനം ഉറപ്പു വരുത്തല്‍, വൈദ്യുതിയുടെ ലഭ്യത, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങിയവക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.
ഉല്‍പാദന വിതരണ സംവിധാനം ശാക്തീകരിക്കല്‍
കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിപണനം ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രദ്ധയും ഊന്നലുമാണ് ഒരു പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകം. പ്രത്യേകിച്ചും ഗ്രാമീണ, മലയോര പ്രദേശങ്ങളില്‍.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, മാംസം, മല്‍സ്യം തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കേടുവരാതെ സൂക്ഷിക്കുന്നതിനും പ്രാദേശികമായി വിതരണം ചെയ്യുന്നതിനുമുള്ള ഇടപെലുകള്‍ പ്രധാനമാണ്. ഇത്തരം ഇടപെടലുകളില്‍ ചിലത്.
- തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള ധനസഹായം
- വിള ഇന്‍ഷുറന്‍സ് പ്രീമിയം ഏറ്റെടുക്കല്‍
- കര്‍ഷക സംഘങ്ങള്‍, വനിതാ കര്‍ഷക കൂട്ടായ്മ, കുടുംബശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ തുടങ്ങിയവ രൂപീകരിക്കുന്നതിനുള്ള പ്രോത്സാഹനം.
- വിളവെടുപ്പ് കൂലി- സബ്‌സിഡി ഏറ്റെടുക്കല്‍
- വിത്ത്, വളം, കീടനാശിനി, സബ്‌സിഡി ഏറ്റെടുക്കല്‍
- ക്ഷീര സംഘങ്ങള്‍, മല്‍സ്യ കൃഷി സംഘങ്ങള്‍ക്കുള്ള ധനസഹായങ്ങള്‍
- ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഒരു കോള്‍ഡ് സ്റ്റോറേജ് എങ്കിലും സ്ഥാപിക്കല്‍.
- പ്രാദേശിക ചന്തകള്‍ പ്രോല്‍സാഹിപ്പിക്കല്‍.
- നൂതന കൃഷി, പോളി ഹൗസ്, ഹൈഡ്രോ ഫോണിക്‌സ് തുടങ്ങിയവക്കുള്ള പ്രോല്‍സാഹനം.
- പശു, ആട്, കോഴി, താറാവ്, മല്‍സ്യം - കര്‍ഷകര്‍ക്കുള്ള പ്രോല്‍സാഹനം - ധനസഹായങ്ങള്‍.
- കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് ധനസഹായം.
ഇങ്ങനെ ഈ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ പ്രാദേശിക സമ്പദ്ഘടനയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തും. ഇതിനായി തദ്ദേശസ്ഥാപന വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തുന്നതോടൊപ്പം കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സ്‌കീമുകളും കുടുംബശീ മിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പദ്ധതികളും തൊഴിലുറപ്പ് പദ്ധതിയും പ്രയോജനപ്പെടുത്താം.
ടൂറിസം പ്രയോജനപ്പെടുത്തല്‍
കേരളത്തിന്റെ സാഹചര്യത്തില്‍, ഓരോ തദ്ദേശ സ്ഥാപനത്തിനും അതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ സാധിക്കും. മലയോര മേഖലയിലും തീരദേശത്തും പ്രകൃതിദത്ത ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്തി അതു പ്രയോജനപ്പെടുത്തുന്നതോടൊപ്പം പുതിയ സ്‌പോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താം.
പുറമെ ചരിത്ര സ്മാരകങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്നും പ്രദേശിക തൊഴില്‍ / വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. പ്രദേശിക ഉല്‍സവങ്ങള്‍ പ്രയോജനപ്പെടുത്താം. കാര്‍ണിവലുകള്‍, ഭക്ഷ്യമേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി സീസണലായി സംഘടിപ്പിക്കുന്ന ഇത്തരം മേളകളെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിയും.
ചെറുകിട സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക
ഉത്പാദന, സേവന മേഖലകളില്‍ ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും വിപണന സംവിധാനം ഒരുക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നതാണ്.
ഇതിനായി ചെയ്യാവുന്ന കാര്യങ്ങള്‍:
- ഓരോ പ്രദേശത്തും സംരംഭകരാകാന്‍ താല്‍പ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുക.
- യുവജന ക്ലബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്‌കൂള്‍/ കോളേജുകളിലെ സംരംഭകത്വ വികസന ക്ലബുകള്‍ തുടങ്ങിയവ മുഖാന്തരം തല്‍പ്പരരായവരെ കണ്ടെത്തുക.
- ഓരോ പ്രദേശത്തിനും അനുയോജ്യമായതും സാധ്യതയുള്ളതുമായ സംരംഭങ്ങളുടെ പട്ടിക തയ്യാറാക്കുക.
- സംരംഭകത്വ വികസന പരിശീലനങ്ങള്‍ സംഘടിപ്പിക്കുക.
- പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ധനകാര്യ സ്ഥാപനങ്ങളുമായുള്ള ലൈസണിംഗ് തുടങ്ങിയവക്കായി വിഷയ വിദഗ്ധരുടെ സേവനം ലഭ്യമാക്കുക.
പ്രാദേശിക സമ്പദ്ഘടന മികച്ചതായിത്തീരുന്നത് അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരം, സന്തോഷം, തൊഴില്‍, വരുമാനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ്.
- മൂലധന സഹായം ലഭ്യമാക്കുക.
- ലൈസന്‍സ്, ക്ലിയറന്‍സ് വേഗത്തിലാക്കുക.
- പ്രാദേശിക വിപണന മേളകള്‍ സംഘടിപ്പിക്കുക.
- കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പ്രയോജനപ്പെടുത്തുക.
- ഓരോ പ്രദേശത്തും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനുളള സഹായം ലഭ്യമാക്കുക.
ഇങ്ങനെ ഒട്ടേറെ ഇടപെടലുകള്‍ ഈ മേഖലയില്‍ നടത്തേണ്ടതുണ്ട്. വ്യവസായ വകുപ്പ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സേവനങ്ങളും സ്‌കീമുകളും പ്രയോജനപ്പെടുത്താം.
ഫാം ടൂറിസം, വില്ലേജ് ടൂറിസം
കേരളത്തിലെ ഏതൊരു പ്രദേശത്തിനും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ് ഫാം ടൂറിസവും വില്ലേജ് ടൂറിസവും. മികച്ച ഫാമുകളെ കണ്ടെത്തി നല്ല ഹോംസ്റ്റേയും നല്ല ഭക്ഷണവും നല്‍കാനും ടൂറിസ്റ്റിന് കുടുംബത്തോടൊപ്പം സ്വസ്ഥമായി ഫാം നടന്ന് കാണാനും സമയം ചെലവഴിക്കാനും ഉതകുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതി.
ഏതെങ്കിലും ഒരു കൃഷി ചെയ്യുന്നത് / ഒരു ഉല്‍പ്പന്നം ഉണ്ടാക്കുന്നത് അതിന്റെ ഓരോ പ്രക്രിയയും അടുത്ത് നിന്ന് കാണാന്‍ സഞ്ചാരിക്ക് അവസരം നല്‍കുന്നതാണ് വില്ലേജ് ടൂറിസം. നല്ല നാടന്‍ ഭക്ഷണവും താമസവും നല്‍കുന്നതും വിത്ത്, തൈകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ഒക്കെ ഇതിന്റെ ഭാഗമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.
തൊഴില്‍ നൈപുണ്യ പരിശീലനം
സ്വയം തൊഴില്‍ ചെയ്യാനോ റിസ്‌ക്കെടുത്ത് സംരംഭകരാകാനോ താല്‍പ്പര്യം കാണിക്കാത്തവരാണ് ഭൂരിപക്ഷം പേരും. അതുകൊണ്ട് തന്നെ അത്തരം ആളുകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതിനായി ഏതെങ്കിലും ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ തൊഴില്‍ നൈപുണ്യം (Skill) നേടിക്കൊടുക്കുന്നതിനായി തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ സംഘടിപ്പിക്കാം.
അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പ്രാദേശിക തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാം.
സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനങ്ങള്‍
സാമൂഹികാധിഷ്ഠിത സംഘടനകള്‍ (Commu nity based Organizations - CBO) മുഴുവന്‍ ജനവിഭാഗത്തിന്റെയും സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ളവ കൂടിയാണ്. പരസ്പര സഹായം കൊണ്ടും കൂട്ടായ പരിശ്രമം കൊണ്ടും ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രശ്‌നത്തേയോ ഒരു സാമൂഹിക ആവശ്യത്തേയോ പരിഹരിക്കാന്‍ കഴിയും വിധമുള്ളവയാണ്. അത് കൊണ്ട് തന്നെ ഇത്തരം സ്വയം സഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവയുടെ ശാക്തീകരണം പ്രാദേശിക വികസന പ്രക്രിയയെ ഏറെ സ്വാധീനിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണം
ഏതൊരു വികസന പ്രക്രിയയിലും പ്രധാന ഘടകം ഫണ്ടിന്റെ ലഭ്യതയും ഫലപ്രദമായ വിനിയോഗവുമാണ്. അധികം നൂലാമാലകളില്ലാതെയും സുതാര്യമായും ചൂഷണരഹിതമായും ഫണ്ട് ലഭ്യമാകുന്നതിനും മിച്ചമുള്ളവര്‍ക്ക് അത് നിക്ഷേപിക്കുന്നതിനും പ്രാദേശികമായി കുറച്ച് പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്നതിനും ഇത്തരം പ്രാഥമിക സഹകരണ സംഘങ്ങള്‍ ആവശ്യമാണ്.
സാമ്പത്തിക സാക്ഷരത
ഓരോ വ്യക്തിക്കും/കുടുംബത്തിനും അനുയോജ്യമായ തൊഴിലും വരുമാനവും ഉണ്ടാവുകയെന്നത് പോലെ തന്നെ വളരെ പ്രധാനമാണ് തന്റെ വരുമാനത്തെ എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച ശരിയായ അറിവും.
മിതവ്യയം, മിച്ചം വെക്കാനുള്ള ശീലം, വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമം, നിക്ഷേപങ്ങള്‍ സംബന്ധിച്ച ശരിയായ അറിവ്, സാമ്പത്തിക ചൂഷണങ്ങളെ സംബന്ധിച്ച ജാഗ്രത, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സ്‌കീമുകള്‍ തുടങ്ങി ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ട സാമ്പത്തിക സാക്ഷരതയിലും കാര്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
ഒരു പ്രാദേശിക സമ്പദ്ഘടന മികച്ചതായിത്തീരുന്നത് അവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിത നിലവാരം, സന്തോഷം, സമാധാനം, തൊഴില്‍, വരുമാനം, സാമൂഹിക പങ്കാളിത്തം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ്.
ഇതെല്ലാം മികച്ചതാക്കുന്നതിന്, ആ പ്രക്രിയയെ വേഗത്തിലാക്കുന്നതിന് വലിയ റോള്‍ നിര്‍വഹിക്കാനുള്ളത് നയം രൂപീകരിക്കാന്‍ അധികാരമുള്ളവര്‍ക്ക് തന്നെയാണ് എന്നതിനാല്‍ ഇന്നത്തെ ജനപ്രതിനിധി നാളെയുടെ സമൂഹത്തിനുള്ള തറക്കല്ലിടുന്നവര്‍ കൂടിയാണ്.
