ഖുര്‍ആന്‍ വചനങ്ങളുടെ വര്‍ഗീകരണവും മതവിധികളുടെ സ്വഭാവവും


കാലം ബോധ്യപ്പെടുത്തേണ്ടതും മനുഷ്യന്റെ പരിമിത ബുദ്ധിയില്‍ അസാധാരണത്വം തോന്നുന്നതുമായ പ്രയോഗങ്ങളും ആശയതലവും ഖുര്‍ആനില്‍ കാണാം (41:53). അത് മനുഷ്യന്റെ പരിമിതിയാണ്.

മാനവതയ്ക്ക് സന്‍മാര്‍ഗ ദര്‍ശനമായി അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അണു അംശം പോലും സംശയങ്ങള്‍ക്ക് സാധ്യതയില്ലാത്ത വേദഗ്രന്ഥമാണ് (2:2). അവ്യക്തതകളോ വ്യാഖ്യാനവൈതരണികളോ ഖുര്‍ആനിനെ സ്പര്‍ശിക്കുന്നില്ല. കാലം ബോധ്യപ്പെടുത്തേണ്ടതും മനുഷ്യന്റെ പരിമിത ബുദ്ധിയില്‍ അസാധാരണത്വം തോന്നുന്നതുമായ പ്രയോഗങ്ങളും ആശയതലവും ഖുര്‍ആനില്‍ കാണാം (41:53).

അത് മനുഷ്യന്റെ പരിമിതിയാണ്, ഗ്രന്ഥത്തിന്റെയല്ല. ആധുനികവും പൗരാണികവുമായ വിശകലനങ്ങള്‍ വഴിയും, അതതു കാലത്ത് നിലനില്‍ക്കുന്ന വൈജ്ഞാനിക വികാസത്തിന്റെ സദ്ഫലങ്ങള്‍ മുന്നില്‍ വെച്ചും അന്വേഷിക്കുന്ന ഒരു പണ്ഡിതന് സുഗ്രാഹ്യമാകുന്നവയേ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുള്ളൂ.

കാലാതിവര്‍ത്തിയായ സന്‍മാര്‍ഗ ദര്‍ശനം എന്ന നിലയ്ക്ക് ഒരു പ്രത്യേക കാലപരിധിയില്‍ ബോധ്യപ്പെടാത്ത അര്‍ഥതലങ്ങള്‍ പിന്നീട് മനുഷ്യന് ബോധ്യപ്പെടുകയും തിരിച്ചറിവ് നേടുകയും ചെയ്തിട്ടുണ്ട്. (ഉദാ: പ്രപഞ്ച വികാസം, പെണ്‍ തേനീച്ചയും ഭരണവും, ഭ്രൂണശാസ്ത്ര വിജ്ഞാനീയങ്ങള്‍ മുതലായവ).

ഖുര്‍ആനിന്റെ വൈജ്ഞാനികവും വൈചാരികവുമായ അമാനുഷികതകള്‍ വ്യത്യസ്ത കാലങ്ങളിലാണ് കൂടുതല്‍ സുവ്യക്തമായി മനുഷ്യന് സുഗ്രാഹ്യമായത്. എന്നിരിക്കെ സന്‍മാര്‍ഗ ദര്‍ശനങ്ങള്‍ നാം ബോധ്യപ്പെടാന്‍ കാലങ്ങള്‍ എടുക്കുമെന്നല്ല. മറിച്ച്, ഖുര്‍ആന്‍ ബോധനം നല്‍കുന്ന സന്മാര്‍ഗവെളിച്ചം അതിസാധാരണ മനുഷ്യര്‍ക്കു പോലും ഖുര്‍ആനിന്റെ അവതരണ സമയത്തുതന്നെ വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുന്നതു തന്നെയാണ് (ഇസ്‌റാഅ് 9).

അമാനുഷികത വ്യക്തമാക്കുന്ന ചില പരാമര്‍ശങ്ങള്‍ കാലാന്തരേണ കൂടുതല്‍ കൂടുതല്‍ തിളക്കമുള്ളതായി ഗ്രഹിക്കാനാകുമെന്നു മാത്രം. ഖുര്‍ആനിലെ ആജ്ഞകളും ശാസനകളും വിശുദ്ധവും നിഷിദ്ധവുമായ കാര്യങ്ങളും മുന്നറിയിപ്പുകളും ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷകളും പ്രത്യാശകളും പ്രചോദനങ്ങളും താക്കീതുകളും പ്രവചനങ്ങളും സത്യവും അസത്യവും സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും തുടങ്ങി എല്ലാം കാലഹരണപ്പെടാത്തതും ഏറ്റവും ശരിയായതിലേക്ക് മാര്‍ഗം കാണിക്കുന്നവയുമാണ്.

ഇവിടെയെല്ലാം മനുഷ്യ ധിഷണയെയും അനുഭവത്തെയും നിരന്തരം തൊട്ടുണര്‍ത്തുന്നതും ഉത്തേജിപ്പിക്കുന്നതുമായ മൗലികതയാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. അവ സന്‍മാര്‍ഗദര്‍ശനമാണെന്ന് (ഹുദാ) തിരിച്ചറിയുന്ന ഒരാള്‍ക്ക് ഖുര്‍ആനിക ആശയങ്ങളോട് ശക്തമായ ഉള്‍ച്ചേര്‍ച്ചയും സത്യമാര്‍ഗം തേടാനുള്ള തീവ്രമായ ജിജ്ഞാസയുമുണ്ടായിരിക്കും.

സത്യനിഷേധികള്‍ പഠന-മനനങ്ങളിലൂടെ ഖുര്‍ആനിന്റെ സന്‍മാര്‍ഗപാത തേടുന്നത് അതുകൊണ്ടാണ്. ഖുര്‍ആന്‍ ലളിതമായ അറബി ഭാഷയിലാണല്ലോ അവതീര്‍ണമായത് (യൂസുഫ് 2). പ്രഥമ സംബോധിതരായ അറബികളുടെ, ഖുറൈശികളുടെ ഭാഷാശൈലിയാണ് ഖുര്‍ആന്‍ പൊതുവില്‍ സ്വീകരിച്ചത്.

പ്രസ്തുത ഭാഷയെക്കുറിച്ചാണ് 'സ്പഷ്ടമായ അറബി ഭാഷ' (ബിലിസാനിന്‍ അറബിയ്യിന്‍ മുബീന്‍) (നഹ്ല്‍ 103, ശുഅറാഅ് 195) എന്ന് പ്രയോഗിച്ചത് എന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉറ്റാലോചിക്കുന്നതിനും ദൈവസ്മരണയെ ദീപ്തമാക്കുന്നതിനുമായി ഖുര്‍ആന്‍ അതിലളിതവും സുഗ്രാഹ്യവുമായിട്ടു കൂടിയാണ് അവതരിപ്പിച്ചത് (ഖമര്‍ 32, ഖമര്‍ 17, സ്വാദ് 29).

ഖുര്‍ആനിലെ ആയത്തുകളെ (വചനങ്ങള്‍) സംബന്ധിച്ച വിശദാന്വേഷണങ്ങളിലൂടെ പണ്ഡിതലോകം വ്യത്യസ്ത വിഭാഗങ്ങളാക്കി അവയെ പരിഗണിച്ചുപോരുന്നുണ്ട്. മുഹ്കം, മുതശാബിഹ്, നാസിഖ്, മന്‍സൂഖ്, ഖത്വ്ഇയ്യ, ളന്നിയ്യ തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്.

ഘട്ടംഘട്ടമായി ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്ന രീതിശാസ്ത്രമാണ് (മെതഡോളജി) ഖുര്‍ആന്‍ മാനവവിമോചനരംഗത്ത് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തിന്മകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സമൂഹ സംസ്‌കരണം സാധ്യമാക്കുന്നതിനിടയിലെ കാലഘട്ടം സുപ്രധാനമാണ്.

പ്രസ്തുത കാലഘട്ടത്തിലെ ചില വചനങ്ങളുടെ വിധി ഇക്കാലത്ത് പ്രസക്തമല്ല. എന്നാല്‍ വചനങ്ങള്‍ ദൈവികപ്രോക്തമായി തന്നെ നിലനില്‍ക്കും. അധര്‍മങ്ങളില്‍ നിന്ന് ഘട്ടംഘട്ടമായി ഒരു സമൂഹത്തെ വീണ്ടെടുത്ത് സംസ്‌കരിക്കുന്നതിനാല്‍ ഖുര്‍ആനിലെ ചില വചനങ്ങളിലെ ആശയം പിന്നീട് നിയമസാധുതയുള്ളതാവില്ലല്ലോ.

എന്താണ് നസ്ഖ്?

ഒരു മതനിയമം മുഖേന മറ്റൊരു മതനിയമത്തിന്റെ വിധിയെ പുനഃക്രമീകരിക്കുന്നതിനാണ് സാങ്കേതികമായി 'നസ്ഖ്' എന്ന് ഉപയോഗിക്കുക. നീക്കം ചെയ്യുക, പകര്‍ത്തുക എന്നെല്ലാമാണ് ഭാഷാര്‍ഥം. ദുര്‍ബലപ്പെടുത്തപ്പെട്ട നിയമത്തിനും അതിന്റെ ലക്ഷ്യത്തിനും 'മന്‍സൂഖ്' എന്നും, ദുര്‍ബലപ്പെടുത്തപ്പെടുന്ന പുതിയ വിധിക്കും രേഖയ്ക്കും 'നാസിഖ്' എന്നും വിളിക്കുന്നു.

ഒരു വചനത്തിന്റെ സ്ഥാനത്ത് പ്രസ്തുത ആയത്തിന്റെ വിധിയെ അതിനേക്കാള്‍ ഉത്തമമായതോ വിപുലാര്‍ഥമുള്ളതോ ആയ മറ്റൊരു വചനം കൊണ്ടുവന്ന് നിയമവും വിധിയും സ്ഥാപിക്കുക മാത്രമാണ് നസ്ഖ് വഴി ഉണ്ടായിത്തീരുന്നത്. അവസാന വചനം അവതീര്‍ണമായ സ്ഥിതിക്ക് ആദ്യ വചനത്തിന്റെ താല്‍പര്യവും വിധിയും ദുര്‍ബലപ്പെടുത്തുന്നു എന്നു മാത്രം.

ഖുര്‍ആന്‍ പറയുന്നു: ''നാം വല്ല വചനവും നസ്ഖ് ചെയ്യുകയോ അല്ലെങ്കില്‍ അത് വിസ്മരിപ്പിച്ചുകളയുകയോ ചെയ്യുന്നപക്ഷം അതിനേക്കാള്‍ ഉത്തമമായതോ അതുപോലുള്ളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് നിനക്ക് അറിഞ്ഞുകൂടേ?'' (2:106).

ആത്യന്തിക സത്യമാര്‍ഗത്തിലേക്ക് ഒരാളെ വഴിനടത്തുന്നതിനായി ഖുര്‍ആന്‍ സ്വീകരിച്ച ഒരു രീതിയാണ് 'നാസിഖ്'. ആറായിരത്തിലധികം വരുന്ന വചനങ്ങളില്‍ കേവലം വിരലിലെണ്ണാവുന്നവ മാത്രമാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഖുര്‍ആനില്‍ 'നസ്ഖ്' തീരെ ഇല്ലെന്നും അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്.

വചനങ്ങള്‍ ദുര്‍ബലമായിത്തീരുകയല്ല, സാമൂഹിക പരിവര്‍ത്തന പ്രക്രിയയില്‍ ഘട്ടംഘട്ടമായ വിധികളും നിയമങ്ങളും പ്രസ്താവിക്കുകയാണ് നാസിക്-മന്‍സൂഖ് വഴി സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ അമാനുഷികത കൂടുതല്‍ പ്രോജ്വലിക്കുകയാണ് ചെയ്യുന്നത്.

പുതിയ ഭാഷ പഠിക്കുന്ന ഒരു പഠിതാവിനെ ഘട്ടംഘട്ടമായാണ് പരിശീലിപ്പിച്ചെടുക്കുക. ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഒരു ശിശു ചെറുതില്‍ നിന്ന് വലുതിലേക്ക് എന്ന തത്വത്തിലൂടെയാണല്ലോ പരിശീലനം നേടുന്നത്. അത്തരമൊരു വളര്‍ത്തിയെടുക്കല്‍ മാത്രമാണ് സംഭവിക്കുന്നത് എന്നര്‍ഥം.

ഓരോരോ വചനങ്ങള്‍ എടുത്ത് കൃത്യമായ തെളിവുകളില്ലാതെ മിക്കതിനും നസ്ഖിന്റെ (ദുര്‍ബലമായത്) പരിഗണന നല്‍കുക, നസ്ഖിനെ തന്നെ നിഷേധിക്കുക എന്നീ രണ്ടു വീക്ഷണങ്ങളും കാണാം. എന്നാല്‍ വളരെ പരിമിതമായ ചില വചനങ്ങള്‍ (20 വരെ മാത്രം. സുയൂത്വി, അല്‍ ഇത്വ്ഖാന്‍) നസ്ഖ് ഉള്‍ക്കൊള്ളുന്നുണ്ട് എന്ന മധ്യമ നിലപാടിലുള്ള അഭിപ്രായമാണ് പൗരാണികവും പ്രസക്തവുമായത്.

ഇമാം ബുഖാരി, ഇബ്‌നു ഉമര്‍, ഇബ്‌നു ഖയ്യിം, അബൂഇസ്ഹാഖ് അശ്ശാത്വിബി, ഇമാം ഇബ്‌നു കസീര്‍, അബൂഹുറയ്‌റ, ഇമാം മുസ്‌ലിം തുടങ്ങിയ മുന്‍ഗാമികളും ആധുനികരുമായ ഒട്ടേറെ പണ്ഡിതര്‍ മധ്യമ നിലപാട് സ്വീകരിച്ചവരാണ്.

ഏതെങ്കിലും ഒരു കാര്യത്തിന്റെ പ്രവര്‍ത്തന കാലം അവസാനിച്ചിട്ടുണ്ടെന്ന അറിയിപ്പ് നല്‍കല്‍, പരോക്ഷാര്‍ഥത്തെ പ്രത്യക്ഷമായും തിരിച്ചും ഉപയോഗിക്കല്‍, നിരുപാധികമായതിനെ സോപാധികമാക്കല്‍, ഒരു കാലത്ത് പ്രായോഗികമായ താല്‍ക്കാലിക തത്വങ്ങള്‍, വിധികള്‍ എന്നിവയെ വിപുലവും കൂടുതല്‍ യുക്തവുമായ മറ്റൊരു നിയമം വഴി സ്ഥിരപ്പെടുത്തല്‍ തുടങ്ങിയവയെല്ലാമാണ് നസ്ഖിന്റെ ഗണത്തില്‍ പരിഗണിക്കുന്നത് (വിശുദ്ധ ഖുര്‍ആന്‍ വിവരണം, മുഹമ്മദ്, അമാനി, മുഖവുര, പേജ് 75/ 2009).

മനുഷ്യര്‍ക്ക് കൂടുതല്‍ ആശ്വാസവും പ്രായോഗികതയും പ്രദാനം ചെയ്യുന്നതായിരിക്കും മിക്ക 'നാസിഖ്' വചനങ്ങളും. 'ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരണം നല്‍കിയിരിക്കുന്നു' (അന്‍ഫാല്‍ 66) എന്ന തരത്തിലുള്ള ആശ്വാസത്തിന്റെ പ്രയോഗങ്ങളോടെയാണ് മിക്ക നാസിഖ് വചനങ്ങളും വന്നിട്ടുള്ളത് എന്നത് പ്രത്യേകം സ്മരണീയമാണ് (ശാഹ് വലിയുല്ലാ ദഹ്‌ലവി, ഫൗസുല്‍ കബീര്‍).

ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പൗരാണികരും ആധുനികരും തമ്മില്‍ വളരെ പരിമിതമായ മേഖലകളില്‍ ഭിന്നാഭിപ്രായം പ്രകടമായി കാണാം. ഖുര്‍ആന്‍ വ്യാഖ്യാനവും വിവരണവും സ്വീകരിക്കുന്നിടത്തുള്ള സൂക്ഷ്മനിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ അഭിപ്രായങ്ങളെ വിലയിരുത്തേണ്ടത്.

ഖുര്‍ആനില്‍ ആദ്യമായി വന്ന ഒരു നിയമത്തെ പരിഷ്‌കരിക്കുകയോ പുനഃക്രമീകരിക്കുകയോ പകരം നിശ്ചയിക്കുകയോ ചെയ്യുന്നത് ഖുര്‍ആനിക നിയമങ്ങളുടെ പോരായ്മയല്ലേ, അപ്രായോഗികത പിന്നീട് ബോധ്യപ്പെടുക വഴി തീരുന്നതല്ലേ എന്നീ വിമര്‍ശനങ്ങള്‍ കാണാം.

ഈ അഭിപ്രായങ്ങളെ ഇങ്ങനെ വിശകലനം ചെയ്യാം: മാനുഷിക സാമൂഹിക ക്രമം രൂപപ്പെട്ടുവരുന്ന ഘട്ടത്തില്‍ നിലവിലുള്ള താത്കാലിക പരിതഃസ്ഥിതികള്‍ പരിഗണിച്ചാണ് അപ്പോള്‍ നിയമങ്ങള്‍ നിര്‍ദേശിക്കുന്നത്. സമ്പൂര്‍ണ നാശത്തില്‍ നിന്നുള്ള രക്ഷയും, സമൂഹം ഒരു തിന്മയില്‍ പൂണ്ടുപോയി തിരിച്ചുവരവ് ശ്രമകരമാവുന്ന സ്വാഭാവിക സന്ദര്‍ഭങ്ങളിലും നന്മയിലേക്കും ഉത്തമമായതിലേക്കുമുള്ള വളര്‍ത്തിയെടുക്കലാണ് സംഭവിക്കുന്നത്.

അതാണ് സാമൂഹിക മനഃശാസ്ത്രത്തിലെ പ്രായോഗികത. പിന്നീട് ശാശ്വത നിയമങ്ങള്‍ പ്രഖ്യാപിക്കുക വഴി അസ്വസ്ഥതകളില്ലാതെ ഉള്‍ക്കൊള്ളുന്നതിന് സമൂഹമനഃസാക്ഷി പാകപ്പെട്ടിരിക്കുമെന്ന യാഥാര്‍ഥ്യം പോരായ്മയല്ല, മറിച്ച് ഗുണപരമായ ക്രമീകരണം മാത്രമാണ് (അല്ലാഹു അഅ്‌ലം).

ഖുര്‍ആനിക നിയമവിധികളില്‍ നസ്ഖ് വഴിയുള്ള രണ്ട് സന്ദര്‍ഭങ്ങള്‍ രൂപപ്പെടുന്നപോലെ തന്നെ ചില ഖുര്‍ആന്‍ വചനങ്ങളിലെ ഉദ്ദേശ്യാര്‍ഥത്തിലും വൈവിധ്യങ്ങള്‍ക്കും ഭിന്നവീക്ഷണങ്ങള്‍ക്കും സാധ്യത കാണാറുണ്ട്. വളരെ പരിമിതമായ വചനങ്ങളുടെ സാരാംശങ്ങളിലാണ് ഈ അഭിപ്രായങ്ങള്‍ സഹാബികളുടെ കാലം മുതലേ രൂപപ്പെട്ടത്.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പൗരാണികരും ആധുനികരും തമ്മിലും വളരെ പരിമിതമായ മേഖലകളില്‍ ഇക്കാര്യം പ്രകടമായി കാണാവുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവും വിവരണവും സ്വീകരിക്കുന്നിടത്തുള്ള സൂക്ഷ്മനിരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഈ അഭിപ്രായങ്ങളെ നാം വിലയിരുത്തേണ്ടത്.

ഇസ്‌ലാമിക പ്രമാണങ്ങളില്‍ സുവ്യക്ത വാക്യങ്ങള്‍ (ഖത്ഇയ്യ), വൈവിധ്യമുള്ള വചനങ്ങള്‍ (ളന്നിയ്യ) എന്നീ രണ്ട് വിഭജനമാണ് പണ്ഡിതന്മാര്‍ നിര്‍വചിച്ചിട്ടുള്ളത്. നാസ്വിഖ്-മന്‍സൂഖ് എന്ന സാങ്കേതിക പരാമര്‍ശങ്ങളും ഉദ്ദേശ്യങ്ങളും മുഖവിലയ്‌ക്കെടുത്തല്ലാതെ ഉപര്യുക്ത വിഭജനത്തെ വിശകലനം ചെയ്യാനാവില്ല.


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ