സമകാലിക ഇന്ത്യന്‍ സാഹചര്യം ജനാധിപത്യ സ്‌നേഹികളെ നൈരാശ്യത്തിലേക്കു നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം യൗവനത്തെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്.
ജനാധിപത്യത്തനിമ കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു നമ്മുടേത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി വിവിധ കരിനിയമങ്ങളുടെ മനഃപൂര്‍വമായ പ്രയോഗങ്ങള്‍ ജനാധിപത്യ സ്വഭാവത്തെ നഷ്ടമാക്കിക്കളയുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സാഹചര്യം ജനാധിപത്യ സ്‌നേഹികളായ മുഴുവന്‍ പേരെയും നൈരാശ്യത്തിലേക്കു നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം യൗവനത്തെ ഇത് തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്.
കൊളോണിയല്‍ ശക്തികള്‍ ഇന്ത്യാ മഹാരാജ്യത്ത് അധിനിവേശം നടത്തിയ ഘട്ടത്തില്‍ ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രബല വിഭാഗം എന്ന നിലയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയിലെ യുവാക്കള്‍ അതിശക്തമായ സ്വാതന്ത്ര്യസമരവഴികളില്‍ നിറഞ്ഞുനിന്നത് നമ്മുടെ ചരിത്രമാണ്. ഇതൊരു മാതൃകയാക്കിക്കൊണ്ട് പുതിയ കാലത്ത് പ്രക്ഷോഭങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുസ്‌ലിം യുവതയ്ക്ക് സാധിക്കേണ്ടതുണ്ട്.
ഭരണകൂടം പുതിയ കരിനിയമങ്ങള്‍ ചുട്ടെടുത്തപ്പോള്‍ രാജ്യത്തുടനീളം യുവാക്കള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ന്യായമായ ജാമ്യം പോലും നിഷേധിക്കപ്പെട്ട് വേട്ടയാടപ്പെടുകയും ചെയ്യുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം.
മനഃശാസ്ത്രപരമായ യുദ്ധത്തിലൂടെ യൗവനത്തിന്റെ സമരാവേശത്തെ കെടുത്താനുള്ള ഗൂഢാലോചനയും തിരിച്ചറിയണം. നീതിക്കു വേണ്ടി സംസാരിക്കുന്നവര്‍ക്ക് തടവറയാണ് സമ്മാനം. ഇത് യഥാര്‍ഥത്തില്‍ ഒരു ഭീഷണി കൂടിയാണ്.
ഭരണകൂടത്തിനെതിരായ ചെറുവിരലനക്കം പോലും നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടാവുന്ന കുറ്റമാണെന്ന ഭീഷണി ഉയര്‍ത്തുകയാണ് ഭരണകൂടം ഇതിലൂടെ. ഇതു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. കരിനിയമങ്ങളുടെയും നീതിനിഷേധങ്ങളുടെയും നിരന്തരമായ വേട്ടയാടലുകളില്‍ മാനസിക സമ്മര്‍ദത്തില്‍ യുവത്വം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ആശങ്കയുടെ വലയിലേക്ക് വീഴുന്നത് യുവത്വം തന്നെ പ്രതിരോധിക്കുക മാത്രമാണ് പരിഹാരം.
ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഓരോ കാലത്തെയും യുവാക്കള്‍ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ തുടങ്ങിവെച്ച ചെറിയ ചലനങ്ങളാണ് പിന്നീട് വന്ന തലമുറ നവോത്ഥാനമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചത്. നവോത്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുക എന്നതാണ് ഈ കാലഘട്ടത്തിലെ യൗവനങ്ങളുടെ ദൗത്യം.
ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍ ഐക്യത്തോടുകൂടി ബഹുസ്വര സമൂഹത്തില്‍ വലിയ തോതിലുള്ള സംഭാവന നല്‍കിയ മാതൃകയുള്ള രാജ്യമാണ് നമ്മുടേത്. അടുത്ത തലമുറയിലും ആ ബഹുസ്വരതയും പരസ്പര വിശ്വാസവും ജാതി-മതഭേദമെന്യേ രൂപപ്പെടണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് നേതൃത്വം നല്‍കുന്ന യുവാക്കള്‍ക്ക് വലിയ തോതിലുള്ള സൗഹൃദങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയണം.
നിരാശയുടെ കയങ്ങളിലേക്ക് വീഴാതെ പ്രതീക്ഷകളുടെ ആകാശങ്ങളിലേക്ക് ഉയരാന്‍ നിശ്ചയിക്കുക. പുതിയ സുപ്രഭാതങ്ങള്‍ നമുക്ക് സന്തോഷങ്ങളുടെ വെളിച്ചം വിതറും.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലുള്ള പൊതുവിഷയങ്ങളിലെ ഐക്യം നമ്മുടെ മുതിര്‍ന്ന തലമുറയുടെ രീതിയില്‍ യുവതലമുറയില്‍ ഉണ്ടോ എന്ന് കൃത്യമായ അന്വേഷണവും ആത്മവിശകലനവും നമ്മള്‍ തന്നെ നടത്തുക. മതങ്ങളിലെ സാങ്കേതിക പദാവലികള്‍ വലിയ തോതിലുള്ള തെറ്റിദ്ധാരണകള്‍ക്ക് വിധേയമാകുന്നുണ്ട്.
പ്രതിയോഗികളുടെ പ്രചാരണങ്ങളില്‍ മാത്രം ആ പദാവലികളുടെ ഉള്ളടക്കം ദുര്‍വ്യാഖ്യാനങ്ങളില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ യുവാക്കള്‍ പരസ്പര ബന്ധങ്ങളിലൂടെ പരിചയപ്പെട്ടാല്‍ നമുക്ക് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിയും. നമ്മുടെ മുന്‍ തലമുറ അത്തരം ബന്ധങ്ങള്‍ വഴി ഈ ദൗത്യം നിറവേറ്റിയിട്ടുണ്ട്.
അതോടൊപ്പം, സമുദായത്തിലെ തന്നെ വ്യത്യസ്ത അവാന്തര വിഭാഗങ്ങള്‍ക്കിടയിലുള്ള വിയോജിപ്പുകള്‍ അതിന്റെ തനിമയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരമാവധി സമ്പൂര്‍ണമായ യോജിപ്പിന്റെ തലങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ യുവതലമുറ കണ്ടെത്തേണ്ടതുണ്ട്.
ഐക്യബോധത്തോടുകൂടി നവതലമുറ ഈ രാഷ്ട്രീയബോധമുള്ള കാഴ്ചപ്പാടുകളെ വികസിപ്പിക്കാന്‍ മുന്നോട്ടുവന്നാല്‍ മാത്രമാണ് ജനാധിപത്യ ഇന്ത്യ തിരിച്ചുവരുക. നിരാശയുടെ കയങ്ങളിലേക്ക് ആഴ്ന്നുപോകാതെ പ്രതീക്ഷകളുടെ ആകാശങ്ങളിലേക്ക് ഉയരാന്‍ തീരുമാനിക്കുക. പുതിയ സുപ്രഭാതങ്ങള്‍ നമുക്ക് സന്തോഷങ്ങളുടെ വെളിച്ചം വിതറുമെന്ന ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിക്കുക.
