സംക്ഷിപ്തം, ആശയസമ്പന്നം; ആവേശപ്രസംഗമല്ല ഖുത്ബ


ഹ്രസ്വമായ ഉപദേശവും രണ്ടു റക്അത്ത് നമസ്‌കാരവുമാണ് ജുമുഅഃ. ധര്‍മവിചാരത്തില്‍ നിന്ന് വിശ്വാസികള്‍ വ്യതിചലിക്കാതിരിക്കാന്‍ ആവശ്യമായ ബോധവത്കരണമായിരിക്കണം ഖുത്ബ. അത് ആവേശപ്രസംഗമാകരുത്.

നാം നിര്‍വഹിക്കുന്ന ആരാധനകളില്‍ പ്രധാനമാണ് ജുമുഅഃ. ആഴ്ചയില്‍ ഒരിക്കല്‍ നാട്ടിലെ എല്ലാവരും മസ്ജിദില്‍ സമ്മേളിക്കുക എന്നത് ഇബാദത്തും രചനാത്മക സാമൂഹികതയുടെ ഭാഗവുമാണ്. മതബോധം മാന്ദ്യമില്ലാതെ മുസ്‌ലിംകളില്‍ നിലനില്‍ക്കണം എന്നതാണ് ശരീഅത്തിന്റെ മുഖ്യ താല്‍പര്യം.

തുടര്‍ച്ചയായി മൂന്നു ജുമുഅഃ, മതിയായ കാരണങ്ങളില്ലാതെ ഒഴിവാക്കുന്നവന്റെ ഹൃദയത്തിന് അല്ലാഹു സീല്‍ വെക്കുമെന്ന് ചില ഹദീസുകളില്‍ കാണാം (തിര്‍മിദി). ജുമുഅഃ രഹിത ജീവിതം ഈമാന്‍ ശുഷ്‌കമാവാന്‍ ഇടവരുമെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.

ഹ്രസ്വമായ ഉപദേശവും രണ്ടു റക്അത്ത് നമസ്‌കാരവുമാണ് ജുമുഅഃ. ധര്‍മവിചാരത്തില്‍ നിന്ന് വിശ്വാസികള്‍ വ്യതിചലിക്കാതിരിക്കാന്‍ ആവശ്യമായ ബോധവത്കരണമായിരിക്കണം ഖുത്ബ. അത് പൊതുവേദികളിലെ ആവേശപ്രസംഗമാകരുത്.

ആദര്‍ശം, ആരാധനകള്‍, തര്‍ബിയ്യത്ത്, ഭക്തി, സംസ്‌കാരം തുടങ്ങിയവയ്ക്ക് പ്രചോദനമായിരിക്കണം ഓരോ ഖുത്ബയും. തനിക്ക് കഴിഞ്ഞ ദിവസം സംഭവിച്ച പിഴവുകള്‍ പരിഹരിക്കാന്‍ ശ്രോതാവിന് ഇതിലൂടെ കഴിയണം.

ഉള്ളടക്കം

'ഖൈറുല്‍ കലാമി മാ ഖല്ല വ ദല്ല' (സംക്ഷിപ്തവും ആശയസമ്പന്നവുമായ സംസാരമാണ് മികച്ച പ്രഭാഷണം) എന്ന് തത്വജ്ഞാനികള്‍ പറയാറുണ്ട്. ജുമുഅഃ ഖുത്ബയുടെ ഊടും പാവുമാണ് ഈ രണ്ടു ഗുണങ്ങള്‍.

ശ്രോതാക്കളുടെ ദീനീ-സാമൂഹിക പശ്ചാത്തലം നോക്കി ഖുത്ബയുടെ ഉള്ളടക്കം നിശ്ചയിക്കാം. ഏതു വിഷയവും ചെന്നെത്തേണ്ടത് ഈമാനിന്റെ ശാക്തീകരണത്തിലായിരിക്കണം. വിഷയം സമഗ്രമായി ഒരു ഖുത്ബയില്‍ പറയേണ്ടതില്ല. അതിന്റെ ഏതെങ്കിലും ഒരു ഭാഗം മൂന്നു പോയിന്റുകളില്‍ പരിമിതപ്പെടുത്തുക.

വിഷയം ശ്രോതാവിന് മനഃസാന്നിധ്യത്തോടെ ഓര്‍ത്തുവെക്കാന്‍ ഇത് ഉപകരിക്കും. അതിന് സഹായകമായ ആയത്ത്/ഹദീസ്/ചരിത്ര സംഭവങ്ങള്‍ വിവരിക്കണം. തര്‍ബിയ്യത്ത് കൂടി സാധിക്കുന്ന വിധം വിഷയ ക്രമീകരണം വേണം.

'വലാകിന്‍ കൂനൂ റബ്ബാനിയ്യീന...' (3:79) (ദിവ്യഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ റബ്ബാനികളാകണം) എന്ന ആയത്ത് ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ പഠിപ്പിച്ച് ശീലമാക്കുന്നവരാണ് റബ്ബാനികള്‍. അവര്‍ മറന്നുപോവുകയോ അശ്രദ്ധമാവുകയോ ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ആഴ്ചയിലും തര്‍ബിയ്യത്തിലൂടെ ഓര്‍മപ്പെടുത്താന്‍ കഴിയും.

ഖതീബില്‍ നിന്ന് അവര്‍ക്ക് ഗുരുസാന്നിധ്യം ലഭിക്കണം. ഗുരുമുഖത്തു നിന്ന് നേടുന്ന അറിവ് മനുഷ്യനെ ജ്ഞാനിയും വിവേകിയുമാക്കും. നബിയുടെ ഖുത്ബ ഇതിന് നല്ല മാതൃകയാണ്.

''നബി(സ) ഖുര്‍ആന്‍ ഓതി ജനങ്ങളെ ബോധവത്കരിക്കാറുണ്ടായിരുന്നു...'' (അബൂദാവൂദ്). ശ്രോതാക്കളുടെ അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം ഭക്തി നല്‍കി മനസ്സ് വൃത്തിയാക്കാന്‍ പാകത്തിലായിരിക്കണം വിഷയത്തിന്റെ ഉള്ളടക്കം. ദേശീയ-അന്തര്‍ദേശീയ സംഭവങ്ങളുടെ അവലോകനമാകരുത് ഖുത്ബ.

മീഡിയ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുന്ന ഇത്തരം കാര്യങ്ങളില്‍ നമ്മേക്കാള്‍ ബോധമുള്ളവരായിരിക്കും മുന്നില്‍ ഇരിക്കുന്നവര്‍. അവ എത്ര പ്രസക്തമാണെങ്കിലും അഞ്ചോ ആറോ വാചകങ്ങളില്‍ ഒതുക്കണം.

ഭാഷയും അവതരണവും

ഖുത്ബയുടെ മികവും ഫലപ്രാപ്തിയും അവതരണത്തിലാണ്. വാക്കുകള്‍ മനസ്സില്‍ നിന്നാണ് വരുന്നതെങ്കില്‍ അത് മനസ്സുകളെ സ്പര്‍ശിക്കും. ഖുത്ബയില്‍ ഉള്‍പ്പെടെ നബിക്ക്(സ) മിതഭാഷണമായിരുന്നു ഇഷ്ടം. 'ജവാമിഉല്‍ കലീം' എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തെ വിശേഷിപ്പിക്കാറുള്ളത്.

ലളിതമായ വാക്കുകളില്‍ കൂടുതല്‍ ചിന്തകളെ പ്രസരിപ്പിക്കുകയാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അവതരണം വിരസവും വരണ്ടതുമാകരുത്. 'നിങ്ങളില്‍ ജനങ്ങളെ വെറുപ്പിക്കുന്നവരുണ്ട്...' (ബുഖാരി) എന്ന നബിവചനം ഖതീബിനും ബാധകമാണ്.

സന്ദര്‍ഭാനുസരണം നടത്തുന്ന പദവിന്യാസമാണ് അവതരണത്തെ ആകര്‍ഷകമാക്കുന്നത്. ചില കാര്യങ്ങള്‍ക്ക് ആവര്‍ത്തനം ആവശ്യമായേക്കാം, എന്നാല്‍ അമിത ആവര്‍ത്തനം ശ്രോതാക്കളില്‍ മടുപ്പ് ഉണ്ടാക്കും. അനാവശ്യമായ പര്യായപദങ്ങളും അവതരണത്തെ അരോചകമാക്കും.

ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് മിതശബ്ദമുള്ള അവതരണമാണ്. വാക്കുകള്‍ താക്കോലാണ് എന്നാണ് പറയാറുള്ളത്. അടഞ്ഞുകിടക്കുന്ന ഹൃദയങ്ങളെ തുറക്കാന്‍ ഖതീബിന്റെ വാക്കുകള്‍ക്കാവണം. തുറന്നിട്ടിരിക്കുന്ന ഹൃദയങ്ങളെ അടച്ചിടാനും വാക്കുകള്‍ കാരണമാകും.

'ഇനി ആ പള്ളിയില്‍ ജുമുഅഃക്ക് പോകേണ്ട' എന്ന് ഒരു മുസ്‌ലിം ചിന്തിക്കുന്നുവെങ്കില്‍, കഴിഞ്ഞയാഴ്ച നമ്മുടെ ഏതെങ്കിലും വാക്കുകള്‍ അയാളെ മുറിവേല്‍പിച്ചോ എന്നുകൂടി അന്വേഷിക്കണം.

ധൃതിപിടിച്ചുള്ള അവതരണം പരാജയമായിരിക്കും. വാക്കുകള്‍ക്കിടയിലെ മൗനമാണ് പ്രഭാഷണത്തിന്റെ സൗന്ദര്യം.

'കേള്‍ക്കുന്നവന് പദങ്ങള്‍ എണ്ണിയെടുക്കാന്‍ പാകത്തിലായിരുന്നു നബിയുടെ സംസാരം' (മുസ്‌ലിം). വിഷയത്തിന് യോജിച്ച അനുഭവ ഉദാഹരണങ്ങള്‍ പറയുന്നത് പെട്ടെന്ന് മനസ്സിനെ സ്പര്‍ശിക്കും. ഫലിതങ്ങള്‍ പറഞ്ഞ് ഖുത്ബയുടെ ഗൗരവം കുറയ്ക്കരുത്.

സദസ്സിന് പരിചിതമായ അറബിവാക്കുകള്‍ അങ്ങനെത്തന്നെ പറയണം. നബി(സ)ക്ക് അല്ലാഹു തന്നെ നല്‍കിയ പദവിയാണ് റസൂലുല്ലാ. പ്രവാചകന്‍ എന്ന പ്രയോഗം അതിലേക്ക് എത്തില്ല. സാഷ്ടാംഗം എന്നതിനേക്കാള്‍ ലളിതവും ഗ്രാഹ്യവുമാണ് സുജൂദ്.

ശരീരഭാഷ

അവതരണത്തിന്റെ മാറ്റു കൂട്ടാന്‍ ശരീരഭാഷയും പ്രധാനമാണ്. അസ്ഥാനത്തുള്ള ചലനങ്ങളും അമിത ആംഗ്യവിക്ഷേപങ്ങളും അവതരണത്തിന്റെ തിളക്കം കെടുത്തും. ഖതീബിന് പ്രസന്നമുഖമായിരിക്കണം. 'ശബ്ദം ഉയര്‍ത്തി, കണ്ണ് ചുവന്നു...' (മുസ്ലിം) എന്നിങ്ങനെ നബിയുടെ ഖുത്ബയെ വിശേഷിപ്പിച്ചതിനെ സാമാന്യവത്കരിക്കരുത്.

വളരെ ഗൗരവമേറിയ എന്തെങ്കിലും കാര്യം അങ്ങനെയാണ് പറഞ്ഞിട്ടുണ്ടാവുക എന്നു കണ്ടാല്‍ മതി. എല്ലാ വെള്ളിയാഴ്ചയും ഖതീബ് കണ്ണു ചുവപ്പിച്ച് ഗൗരവത്തില്‍ സംസാരിക്കണമെന്ന് അതിന് അര്‍ഥമില്ല. സൗമ്യഭാവമായിരിക്കണം ഖതീബിന്റെ ശരീരഭാഷ. വിനയവും മറ്റുള്ളവരോടുള്ള കരുതലും അതില്‍ പ്രകടമാവണം.

എത്ര വലിയ പണ്ഡിതനാണെങ്കിലും സംസാരദൈര്‍ഘ്യം ശ്രോതാക്കളില്‍ മുഷിപ്പുണ്ടാക്കും. ബാങ്കിനു ശേഷം മുപ്പത് മിനിറ്റില്‍ ഖുത്ബയും നമസ്‌കാരവും പരിമിതപ്പെടുത്തണം. പ്രഭാഷകന്‍ വാക്കുകള്‍ അളന്നെടുക്കണം എന്ന് അലി(റ) പറയാറുണ്ടായിരുന്നു.

സംസാരം ശ്രോതാക്കളോടുള്ള നസീഹത്ത് (ഗുണകാംക്ഷ) ആയിരിക്കണം. വീക്ഷണവ്യത്യാസമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ എതിര്‍പക്ഷത്തുള്ളവരെ അടിച്ചിരുത്തും വിധമാകരുത്. സംഘടനാ പ്രതിബദ്ധതയേക്കാള്‍ ഏറെ വൈജ്ഞാനിക സമീപനമാകണം അത്തരം കാര്യങ്ങളില്‍ സ്വീകരിക്കേണ്ടത്.

വ്യക്തികളുടെ വീഴ്ചകളെ പോസിറ്റീവ് രൂപത്തില്‍ നേെരയാക്കുക. തെറ്റ് പറ്റിയവരെ പരസ്യമായി ഉപദേശിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇമാം ശാഫിഈ പറയുന്നു.

ഒറ്റപ്പെട്ട വ്യക്തികളുടെ പോരായ്മകള്‍ പെരുപ്പിച്ചു പറഞ്ഞ് ശ്രോതാക്കളെ ആക്ഷേപിക്കാനും പാടില്ല. ജനങ്ങളെ കുറ്റവിചാരണ നടത്താന്‍ ഖതീബിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. 'മാ അലൈക്ക മിന്‍ ഹിസാബിഹിം...' (6:52).

സമയബോധം

പതിവായി കേള്‍ക്കുന്ന പരാതിയാണ് ഖുത്ബയുടെ ദൈര്‍ഘ്യം. സംസാരം പരമാവധി ചുരുക്കുന്നതിലാണ് ഖുത്ബയുടെ ശക്തി. പ്രസംഗം ചുരുക്കുന്നതും നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതുമാണ് പണ്ഡിതോചിതം എന്നാണ് നബി പറഞ്ഞത് (മുസ്ലിം).

എത്ര വലിയ പണ്ഡിതനാണെങ്കിലും സംസാരദൈര്‍ഘ്യം ശ്രോതാക്കളില്‍ മുഷിപ്പുണ്ടാക്കും. ബാങ്കിനു ശേഷം മുപ്പത് മിനിറ്റില്‍ ഖുത്ബയും നമസ്‌കാരവും പരിമിതപ്പെടുത്തണം. പ്രാസമൊത്ത അറബി വാക്കുകള്‍ നീട്ടിപ്പറഞ്ഞ് ആമുഖം ദീര്‍ഘിപ്പിക്കരുത്. എട്ട് മിനിറ്റെങ്കിലും വേണം നമസ്‌കാരം.

ഹംദ്, സ്വലാത്ത്, ദുആ എന്നിവയ്ക്ക് നാല് മിനിറ്റ് കഴിഞ്ഞാല്‍ പ്രസംഗം 18 മിനിറ്റ് മാത്രമായിരിക്കും. അത് നന്നായി പ്ലാന്‍ ചെയ്യണം. ചിന്തകള്‍ ക്രമപ്പെടുത്തണം. ആയത്തും ഹദീസും കണ്ടെത്താന്‍ പ്രയാസമില്ല, എല്ലാം വിരല്‍ത്തുമ്പിലാണ്. ഉചിതമായ പദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കുമാണ് മുന്നൊരുക്കം വേണ്ടത്.

പ്രഭാഷകന്‍ വാക്കുകള്‍ അളന്നെടുക്കണം എന്ന് അലി(റ) പറയാറുണ്ടായിരുന്നു. അളന്നെടുത്താല്‍ ഒന്നും അധികമാവില്ല. പരിമിത സമയത്തിനുള്ളില്‍ വിഷയം അവതരിപ്പിക്കാന്‍ അതിന്റെ പതിന്‍മടങ്ങ് സമയം മുന്നൊരുക്കം വേണം.

സംഘടനാ പരിപാടികളുടെ അറിയിപ്പ് ഖുത്ബയില്‍ നല്ലതല്ല. പല മസ്ജിദുകളിലും ജുമുഅഃയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും മുജാഹിദുകളല്ല എന്നോര്‍ക്കണം.

ഖതീബിന്റെ ധര്‍മബോധം

ഖുത്ബയുടെ ഫലപ്രാപ്തിയില്‍ വളരെ പ്രധാനമാണ് ഖതീബിന്റെ ധര്‍മനിഷ്ഠ. താന്‍ മറ്റുള്ളവരെ ഉപദേശിക്കുന്നത് സ്വന്തം ജീവിതത്തില്‍ ഉണ്ടെന്ന് അല്ലാഹുവിനെ ബോധ്യപ്പെടുത്തണം. 'കബുറ മഖ്തന്‍ ഇന്‍ദല്ലാഹി' (61:3) എന്ന ആയത്ത് നമ്മുടെ കണ്ണു തുറപ്പിക്കണം.

ജീവിതം ആരാധനാനിരതമാകണം. ജുമുഅഃക്കു ശേഷം മസ്ജിദ്/ ചാരിറ്റി ഫണ്ട് ശേഖരിക്കുന്നുണ്ടെങ്കില്‍ ഖതീബിന്റെ വിഹിതവും അതില്‍ ഉണ്ടാകുന്നത് നല്ലതാണ്. എല്ലാ പുണ്യങ്ങളിലും തങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് ഖതീബ് എന്ന് ശ്രോതാക്കള്‍ വിലയിരുത്തണം.

നമ്മുടെ ഖുത്ബ ഇടയ്‌ക്കെല്ലാം നാം തന്നെ കേള്‍ക്കുന്നതും നല്ലതാണ്. സ്വയം മൂല്യനിര്‍ണയം നടത്തി ന്യൂനതകള്‍ പരിഹരിക്കാന്‍ കഴിയും. മുഹമ്മദ് നബി(സ) 23 വര്‍ഷം കയറിയതിനു സമാനമാണ് നമ്മുടെയും മിമ്പറുകള്‍. അതിന്റെ പവിത്രതയും മഹത്വവും അടയാളപ്പെടുത്തുംവിധം നമ്മുടെ വ്യക്തിത്വവും ചിന്തകളും അവതരണവുംമികച്ചതാവണം.