പ്രവാചകത്വ പരിസമാപ്തി ദൈവിക ദര്‍ശനത്തിന്റെ ആധാരശില


മാനവ സമൂഹം ദുഷിച്ചുവരികയും ദൈവിക സന്ദേശങ്ങളില്‍ നിന്നകന്ന് ജീവിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ മാര്‍ഗദര്‍ശനവുമായി പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ന്മതിന്മകള്‍ സ്വയം സൃഷ്ടിക്കാന്‍ കഴിയില്ലെങ്കിലും വിവേചനബുദ്ധി കൊണ്ട് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ മനുഷ്യനു സാധ്യമാണ്. സത്യസന്ധവും നിഷ്‌കളങ്കവുമായ ബുദ്ധിവൈഭവം ഉപയോഗപ്പെടുത്തിയാല്‍ ദൈവികമായ മാര്‍ഗദര്‍ശനത്തെ മനുഷ്യന് തേടാന്‍ കഴിയും.

മാനവ സമൂഹം ദുഷിച്ചുവരികയും ദൈവിക സന്ദേശങ്ങളില്‍ നിന്നകന്ന് ജീവിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ മാര്‍ഗദര്‍ശനവുമായി പ്രവാചകന്‍മാരെ സ്രഷ്ടാവ് നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് വേദഗ്രന്ഥവും നല്‍കി. പ്രവാചകന്മാരുടെ നിയോഗലക്ഷ്യവും ആഗമന സന്ദര്‍ഭങ്ങളും പൊതുവായി ഇപ്രകാരം സംഗ്രഹിക്കാം:

  1. ഒരു ജനതയില്‍ സന്മാര്‍ഗ ദര്‍ശനം ലഭ്യമാവാതെ തിന്‍മയുടെ വ്യാപനം ഉണ്ടാവുക.
  2. പൂര്‍വ പ്രവാചകന്മാരുടെ സന്ദേശത്തെ വികൃതമാക്കുകയും കൈകടത്തല്‍ നടത്തുകയും ചെയ്ത് മാര്‍ഗദര്‍ശനത്തെ തടയുക.
  3. അഭിപ്രായ വ്യത്യാസങ്ങളുടെ ആധിക്യവും പൗരോഹിത്യവും ശക്തിപ്പെട്ട് സത്യസന്ദേശം തടയപ്പെടുക.
  4. ഒരു പ്രവാചകന് സഹായി വേണ്ടിവരുകയോ സന്ദേശ പ്രചാരണത്തിന് ശക്തിപകേരണ്ടി വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുക.
  5. പ്രവാചക സന്ദേശത്തെ കളവാക്കുക വഴി ഒരു സമൂഹത്തിന്റെ സമ്പൂര്‍ണ നാശം സംഭവിക്കുകയും ശേഷം തലമുറകള്‍ രംഗത്തുവന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാവേണ്ട അനിവാര്യത ഉണ്ടാവുകയും ചെയ്യുക.
  6. പ്രവാചകത്വത്തിന്റെ സമ്പൂര്‍ണത പ്രഖ്യാപിക്കുകയും പരിസമാപ്തി കുറിച്ച് കാലാതിവര്‍ത്തിയായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടിവരിക.

പ്രവാചകത്വം അനിവാര്യമായിത്തീര്‍ന്ന സന്ദര്‍ഭം ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധികള്‍ക്ക് താക്കീത് നല്‍കാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ജനങ്ങള്‍ ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു'' (2:213).

''ഒരു താക്കീതുകാരന്‍ വരാതെ ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല'' (35:23) എന്നും ''എല്ലാ സമൂഹങ്ങളിലേക്കും ഒരു മാര്‍ഗദര്‍ശകനായ പ്രവാചകന്‍ ഉണ്ടായിട്ടുണ്ട്'' (13:7) എന്നും ഖുര്‍ആന്‍ മൗലികമായി പ്രഖ്യാപിക്കുന്നു.

മൂസാ നബി(അ)ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സഹായിയായാണ് ഹാറൂന്‍ നബി(അ)യുടെ നിയോഗം. (20: 29-32, 19:23). ഇപ്രകാരം സുവ്യക്തമായ ഒരു സഹായി എന്ന നിലയ്ക്ക് മറ്റു പ്രവാചകരുടെ ദൗത്യത്തെയും നിയോഗത്തെയും സഹായിക്കുന്നതുമായി സംബന്ധിച്ച് ഖുര്‍ആന്‍ പ്രത്യേകിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നില്ല. എന്നാല്‍ ഒരേ കാലഘട്ടത്തില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്കും ദേശങ്ങളിലേക്കും പ്രവാചകരെ നിയോഗിച്ചിട്ടുണ്ട് എന്ന ആശയം ഖുര്‍ആനിന്റെ ചരിത്രവായനയില്‍ നമുക്ക് ബോധ്യപ്പെടുന്നതാണ്.

പ്രവാചക പരമ്പരയുടെ പരിസമാപ്തി കുറിക്കുന്നത് മുഹമ്മദ് നബി(സ)യുടെ നിയോഗത്തിലൂടെയാണ്. ആധികാരികമായ ചരിത്ര സ്രോതസ്സുകളും കൃത്യമായ ചരിത്രപരതയും പ്രവാചകത്വ പരിസമാപ്തിയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഖുര്‍ആന്‍ പറയുന്നു: ''മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ദൂതനുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനുമാകുന്നു'' (33:40).

മുഹമ്മദ് നബി(സ)യുടെ നിയോഗത്തെക്കുറിച്ചുള്ള ഖുര്‍ആനിക അധ്യാപനങ്ങളും പ്രവാചകന്റെ തന്നെ വാക്യങ്ങളും സൂചിപ്പിക്കുന്നതും അദ്ദേഹം അന്തിമ ദൈവദൂതന്‍ തന്നെയാണ് എന്ന വസ്തുതയാണ്. ''(നബിയേ,) താങ്കളെ നാം മനുഷ്യരിലേക്കുള്ള (മൊത്തമായിട്ടുള്ള) ദൂതനായിട്ടാണ് നിയോഗിച്ചത്. അതിന് സാക്ഷിയായി അല്ലാഹു മതി'' (4:97).

''ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (21:07). നിന്നെ നാം മനുഷ്യര്‍ക്ക് ആകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിട്ടു തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല (34:20). തന്റെ ദാസന്റെ മേല്‍ സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രേ അത്'' (25:1).

''എന്നെക്കൊണ്ട് പ്രവാചക പരമ്പര അവസാനിപ്പിക്കപ്പെട്ടു'' (വഖതമ ബീ അന്നബിയ്യൂന്‍) എന്നും എല്ലാ മനുഷ്യരിലേക്കുമാണ് എന്റെ നിയോഗമെന്നും (വബുഇസ്തു ഇലാ കുല്ലി അഹ്മരീം വഅസ്‌വദ) പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്നെ പ്രഖ്യാപിച്ചതായി (മുസ്‌ലിം) ഹദീസുകളും വ്യക്തമാക്കുന്നുണ്ട്.

''ഖത്മുന്നുബുവ്വത്ത് എന്നതാണ് പ്രവാചകത്വ പരിസമാപ്തിയുടെ സാങ്കേതിക പ്രയോഗം (33:40) 'ഖതമ', 'ഖാതം' എന്ന പദത്തിന് മുദ്ര വെച്ചു, മുദ്ര എന്നാണ് അര്‍ഥം. ഏതൊരു കാര്യത്തിലും പ്രസ്താവനകളിലും മുദ്ര ചാര്‍ത്തുന്നത് പരിസമാപ്തി കുറിച്ചു, സമാപിച്ചിരിക്കുന്നു എന്നീ അര്‍ഥത്തിലാണ്. മാത്രവുമല്ല, മുദ്ര ചാര്‍ത്താറുള്ളത് ഒരു ലിഖിതത്തിന്റെ അവസാനത്തിലുമാണല്ലോ.

മുഹമ്മദ് നബി(സ)യുടെ ദൗത്യം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഇസ്‌ലാമിക അധ്യാപനങ്ങളുടെ മൗലികതയും അദ്വിതീയതയും ശാശ്വതത്വവും ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഭാഷാപ്രയോഗത്തിലും മുഹമ്മദ് നബി(സ)യിലൂടെയാണ് പ്രവാചകത്വ നിയോഗങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെടുന്നതാണ്. ഒരു കാര്യം 'ഖത്മ്' ചെയ്തു എന്നു പറഞ്ഞാല്‍ അത് അവസാനിപ്പിച്ചു എന്ന അര്‍ഥമാണ് വരിക. എല്ലാ വസ്തുക്കളുടെയും 'ഖാതം' എന്നു പറഞ്ഞാല്‍ അതിന്റെയെല്ലാം അന്ത്യം, പരിസമാപ്തി, അവസാനിപ്പിക്കല്‍ എന്നാണ് അര്‍ഥം. അഥവാ അതിന്റെ 'ഖാതിമത്ത്' എന്നര്‍ഥം. (അല്‍ഖാമൂസുല്‍ മുഹീത്വ് 4:102).

പ്രസിദ്ധ ഖുര്‍ആന്‍ നിഘണ്ടുവായ അല്‍ മുഫ്‌റദാത്തില്‍ ഇമാം റാഗിബ് വ്യക്തമാക്കുന്നു (142): ''ഖാതമുന്നബിയ്യൂന്‍ എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് തീര്‍ച്ചയായും പ്രവാചകത്വത്തിന് അവസാനം കുറിച്ചു എന്നാണ്. അഥവാ അദ്ദേഹത്തിന്റെ ആഗമനത്തോടെ പ്രവാചകത്വം പൂര്‍ത്തീകരിച്ചു എന്നര്‍ഥം.''

'ഖാതം' എന്ന പദം ബഹുവചന സമൂഹനാമത്തോട് ചേര്‍ന്നുവന്നാല്‍ (ഉദാ: ഖാതമുന്നബിയ്യീന്‍) അവസാനിപ്പിച്ചു എന്ന ആശയാര്‍ഥമല്ല. മറിച്ച്, ശ്രേഷ്ഠത ലഭിക്കുക എന്നര്‍ഥമാണെന്നും അതിനാല്‍ 'ഖാതമുന്നബിയ്യീന്‍' എന്ന ഖുര്‍ആന്‍ വാക്യത്തിന് 'ശ്രേഷ്ഠനായ പ്രവാചകന്‍' എന്നാണ് അര്‍ഥമെന്നും ഖാദിയാനിസത്തിന്റെ വക്താക്കള്‍ പ്രഖ്യാപിക്കാറുണ്ട്.

ഈ വ്യാഖ്യാനത്തിന് ഭാഷാഗ്രന്ഥങ്ങളോ ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങളോ അശേഷം പിന്തുണ നല്‍കുന്നില്ല. മാത്രവുമല്ല ഒരാളല്ലെങ്കില്‍ മറ്റൊരാളില്‍ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെടേണ്ടതുണ്ട്. പൂര്‍വ പ്രവാചകരുടെ ചരിത്രത്തില്‍ നിന്ന് ഇക്കാര്യം പ്രായോഗികമായി നമുക്ക് മനസ്സിലാവുന്നതാണ്.

ഒരു പ്രവാചകന്റെ വിയോഗശേഷം മറ്റൊരു പ്രവാചകന്റെ ആഗമനം സംഭവിച്ചിട്ടുണ്ട്. ചില പ്രവാചകന്മാര്‍ തനിക്കു ശേഷം മറ്റൊരു ദൈവദൂതന്‍ വരുമെന്നും ആ പ്രവാചകന്റെ അധ്യാപനങ്ങളെ അനുധാവനം ചെയ്യണമെന്നും പഠിപ്പിച്ചതായും കാണാന്‍ കഴിയും. നബി(സ) പറഞ്ഞു: ''ബനൂഇസ്രാഈല്യരെ നബിമാര്‍ നയിച്ചുകൊണ്ടിരുന്നു. ഒരു നബി മരിക്കുമ്പോള്‍ മറ്റൊരു നബി തല്‍സ്ഥാനത്ത് വരും. നിശ്ചയം, എനിക്കു ശേഷം യാതൊരു നബിയുമില്ല. ഖലീഫമാര്‍ (പ്രതിനിധികള്‍) ഉണ്ടാവും'' (ബുഖാരി 3455).

പ്രവാചകത്വ പരിസമാപ്തി കേവലമൊരു അന്തിമ ദൂതന്റെ നിയോഗം എന്ന നിലയില്‍ പരിമിതപ്പെടുന്നതല്ല. ഇസ്‌ലാമിക സംസ്‌കൃതിയും ആദര്‍ശമഹിമയും കാലാതിവര്‍ത്തിയായി മാറുന്ന ടേണിങ് പോയിന്റ് കൂടിയാണത്. മുന്‍ പ്രവാചകരുടെ ദൗത്യവും നിയോഗവും അതത് കാലഘട്ടങ്ങളിലും സമൂഹങ്ങളിലും പരിമിതമായിരുന്നു. (25:38, 27:45, 11:50). അതുകൊണ്ട് തന്നെ പ്രസ്തുത മാര്‍ഗദര്‍ശനങ്ങളില്‍ മൗലികമായി യോജിപ്പുകളും ഏകതയും ഉണ്ടെങ്കിലും ഓരോ കാലത്തിലെയും സമൂഹത്തിന്റെ സ്പന്ദനങ്ങളും നന്മതിന്മകളിലെ വൈവിധ്യങ്ങളും പ്രത്യേകം ഊന്നല്‍ നല്‍കിയതായി കാണാം.

ലൂത്ത് നബിയുടെ സമൂഹത്തോടുള്ള സ്വവര്‍ഗ ലൈംഗികതക്കെതിരായ അധ്യാപനങ്ങള്‍ മറ്റു പ്രവാചക അധ്യാപനങ്ങളില്‍ അത്ര വിപുലമായി കാണുന്നില്ല. പ്രവാചക നിയോഗത്തിന്റെ വിഷയത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള പദപ്രയോഗവും ശ്രദ്ധേയമാണ്: ''യാതൊരു ദൈവദൂതനെയും തന്റെ ജനതക്കു കാര്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നതിനു വേണ്ടി, അവരുടെ ഭാഷയില്‍ (ലിസാന്‍) സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല''(14:04).

സമൂഹത്തിന്റെ നാവായും ഭാഷയായും സ്പന്ദനമായും അതത് കാലത്തെ ഊന്നലുകളില്‍ മാര്‍ഗദര്‍ശനം പകര്‍ന്നുമാണ് ഇതഃപര്യന്തം പ്രവാചകന്മാരുടെ നിയോഗം ഉണ്ടായിട്ടുള്ളത് എന്ന ആശയത്തെ 'ലിസാന്‍' എന്ന വാക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്.

മുഹമ്മദ് നബിയുടെ ദൗത്യം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഇസ്‌ലാമിക അധ്യാപനങ്ങളുടെ മൗലികതയും അദ്വിതീയതയും ശാശ്വതത്വവും ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട് (34:28). ലോക ജനതക്ക് താക്കീതുകാരനായി നിയോഗിതനായ മുഹമ്മദ് നബി(സ)യുടെ (25:1) ദൗത്യവും പ്രബോധനവും മൗലികമായി മുന്‍ പ്രവാചകരുടെ സത്യാധ്യാപനങ്ങളെ ശരിവെച്ചും (7:157, 5:48) കൊണ്ടാണ് എന്നു കാണാം. ഈ അംഗീകാരം ഇപ്പോള്‍ നിലവിലുള്ള ഏതെങ്കിലും വേദഗ്രന്ഥങ്ങളുടെ സാരാംശത്തെ ശരിവെച്ചുള്ളതല്ല. കാരണം ഓരോ പ്രവാചകരുടെ കാലത്തിനു ശേഷവും വേദഗ്രന്ഥങ്ങളില്‍ പൗരോഹിത്യത്തിന്റെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട് (2:79).


ഡോ. ജാബിർ അമാനി എഴുത്തുകാരൻ, പ്രഭാഷകൻ