മുസ്‌ലിം യൗവനത്തിന്റെ പുതു അജണ്ടകള്‍: കാലം കാതോര്‍ക്കുന്നത്!


പശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം സ്വന്തം സാംസ്‌കാരിക മൂല്യങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക യുവജനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.

ലോകത്തുടനീളെയുണ്ടായ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തില്‍ മുസ്ലിം യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനം പോലുള്ള മുന്നേറ്റങ്ങളിലും അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായുമുള്ള പിന്നോക്കാവസ്ഥയില്‍ നിന്ന് സമൂഹത്തെ ഉയര്‍ത്തുന്നതില്‍ അക്കാലത്തെ മുസ്ലിം യുവസംഘാടകര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം യുവത സാമൂഹികമായും രാഷ്ട്രീയമായും മുന്നേറുന്ന കാഴ്ച കാണാം. വിവിധ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളിലൂടെയും സമുദായ സംഘടനകളിലൂടെയും അവര്‍ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും നിര്‍ണായക യുവജന പങ്കാളിത്തമുണ്ട്.

മുന്‍കാലങ്ങളില്‍ ഈ പങ്കാളിത്തം പ്രധാനമായും സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും രാഷ്ട്രീയമായി സ്വാധീനം ചെലുത്തുന്നതിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഇന്ന് ലോകം കൂടുതല്‍ സങ്കീര്‍ണവും പരസ്പരബന്ധിതവുമായതിനാല്‍ കാലം ആവശ്യപ്പെടുന്ന പുതിയ അജണ്ടകളുമായി മുന്നോട്ട് വരാന്‍ മുസ്ലിം യുവത നിര്‍ബന്ധിതരാകുന്നു.

ആധുനിക കാലഘത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ലോകം ആഗോള ഗ്രാമമായി മാറിയെന്നത്. ഇത് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളെ നേരിട്ട് സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ്. പശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം സ്വന്തം സാംസ്‌കാരിക മൂല്യങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക പല യുവജനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഈ സംഘര്‍ഷം വ്യക്തിപരമായ പ്രതിസന്ധികള്‍ക്ക് കാരണവും ആകുന്നുണ്ട്.

ധാര്‍മികതയില്‍ നിന്ന് അകന്നുപോകുന്ന സാമൂഹിക പരിസരം യുവജനങ്ങളെ നൈതികതയില്‍ വളരാന്‍ അനുവദിക്കുന്നില്ല. നവലിബറല്‍ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുന്ന നിരര്‍ഥകമായ ജീവിത വാദങ്ങളെ വളരെ പുച്ഛത്തോടെ കാണുന്നവര്‍ പുതുതലമുറയിലുണ്ട്. ഗൗരവതരമായി കാണേണ്ട ജീവിതത്തെ ആസ്വാദന തലത്തില്‍ മാത്രം സ്വീകരിക്കുന്നത് ദീര്‍ഘകാലത്തില്‍ വലിയ നാശങ്ങള്‍ മാത്രമേ സൃഷ്ടിക്കൂ. ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ആശയ പരിസരം യുവജനങ്ങള്‍ക്ക് ഒരുക്കികൊടുക്കേണ്ടതുണ്ട്.

ഡിജിറ്റല്‍യുഗം

സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ആധുനിക ലോകത്ത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇത് മുസ്ലിം യുവതയെ സംബന്ധിച്ച് വലിയ സാധ്യതകളും അതേസമയം ഗുരുതരമായ വെല്ലുവിളികളും മുന്നോട്ട് വെക്കുന്നുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ അറിയുന്നതിനപ്പുറം, അതിനെ വിവേകപൂര്‍വം സമീപിക്കുക എന്നതാണ് യഥാര്‍ഥ ഡിജിറ്റല്‍ സാക്ഷരത.

ഇന്റര്‍നെറ്റ് അറിവിന്റെ ഒരു വലിയ ഭണ്ഡാരമാണ്. മതപരമായ പഠനങ്ങള്‍, ശാസ്ത്ര വിഷയങ്ങള്‍, ആഗോള വാര്‍ത്തകള്‍ എന്നിവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. ഇത് യുവജനങ്ങളെ കൂടുതല്‍ പ്രബുദ്ധരാക്കാന്‍ സഹായിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, കോണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ഇന്റര്‍നെറ്റ് അവസരം നല്‍കുന്നു. സാമ്പത്തിക സ്വയംപര്യാപ്തത നേടാന്‍ ഇതിലൂടെ സഹായകമാകും.

ഗുണപരമായ അജണ്ടകള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്നതും പ്രധാനമാണ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കാനും ക്രിയാത്മകമായ സംവാദങ്ങള്‍ നടത്താനും സഹായം ആവശ്യമുള്ളവര്‍ക്കായി ഫണ്ട് ശേഖരിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍, വ്യാജ വാര്‍ത്തകള്‍, വിദ്വേഷം വളര്‍ത്തുന്ന സന്ദേശങ്ങള്‍ എന്നിവ തിരിച്ചറിയാനുള്ള കഴിവ് അത്യാവശ്യമാണ്. വസ്തുത പരിശോധിക്കാതെ വിവരങ്ങള്‍ പങ്കുവെക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കാം. തെറ്റായ വാര്‍ത്തകളിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തുന്ന പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന അപകടമാണ് ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അതിവേഗത്തിലുള്ള വളര്‍ച്ച ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് വലിയ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ടൂളുകള്‍ ഉപയോഗിച്ച് മതപരമായ ഗ്രന്ഥങ്ങള്‍, ചരിത്രരേഖകള്‍, ശാസ്ത്രീയ പഠനങ്ങള്‍ എന്നിവ കൂടുതല്‍ വേഗത്തില്‍ വിശകലനം ചെയ്യാനും പുതിയ ഉള്‍ക്കാഴ്ചകള്‍ കണ്ടെത്താനും എ.ഐയിലൂടെ കഴിയും. എ.ഐയുടെ വളര്‍ച്ച ചില പരമ്പരാഗത ജോലികള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. ഈ മാറ്റത്തിന് അനുസരിച്ച് സ്വയം മാറ്റിയെടുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

സേവന മേഖല

സേവന തല്പരരായ യുവാക്കളുടെ സാന്നിധ്യം ഒട്ടും കുറവല്ലാതെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രക്തം ദാനം ചെയ്യുന്നതിലും പൊതുസേവന പ്രവര്‍ത്തനങ്ങളിലും സാധ്യമാകുന്ന വിധത്തില്‍ പങ്കുചേരണമെന്ന് അഭിലഷിക്കുന്നവരാണ് മുസ്ലിം യുവാക്കള്‍. സാമൂഹിക പ്രതിബദ്ധതയും ആതുര സേവന സന്നദ്ധതയും മതപരമായതും സാമൂഹികമായതുമായ കര്‍ത്തവ്യമാണെന്ന ബോധം ഉണ്ടാക്കുന്ന അജണ്ടകള്‍ മുസ്ലിം യുവതയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും വേണം.

ആഗോളവത്കരണം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും, അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരെ അത് കൂടുതല്‍ സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇത് യുവാക്കള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കാന്‍ ഇടവെക്കുന്നുണ്ട്. ആഗോള കമ്പോളം ആവശ്യപ്പെടുന്നത് ഉയര്‍ന്ന ഡിജിറ്റല്‍, സാങ്കേതിക, ആശയവിനിമയ നൈപുണ്യങ്ങളാണ്. ഈ കഴിവുകള്‍ നേടാന്‍ കഴിയുന്ന യുവജനങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്നു.

എന്നാല്‍, ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത പരമ്പരാഗത വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തൊഴില്‍ വിപണിയില്‍ പിന്നോക്കം പോകും. ഒരു വിഭാഗം സമ്പന്നരാവാനും മറ്റൊരു വിഭാഗം ദരിദ്രരാവാനും ഇതു കാരണമാകുന്നു. പരമ്പരാഗത വിദ്യാഭ്യാസത്തിനൊപ്പം ഭാവിയിലെ തൊഴിലുകള്‍ക്ക് ആവശ്യമായ നൈപുണ്യം നേടാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാക്ഷരതയും സംരംഭകത്വവും ഇതില്‍ പ്രധാനമാണ്.

രാഷ്ട്രീയവിദ്യാഭ്യാസം

ഇന്ത്യയിലെയും ലോകത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്ലിം യുവതയുടെ ജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതായി കാണാം. മുമ്പെങ്ങുമില്ലാത്തവിധം രാഷ്ട്രീയം, പൗരാവകാശങ്ങള്‍, ഭരണഘടന എന്നിവയെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ വലിയ അവബോധം വളര്‍ന്നിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടാന്‍ അവര്‍ സജ്ജരാകുന്നു.

വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണവും മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളും യുവജനങ്ങളില്‍ ഒരുതരം സ്വത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള ശേഷിയും അവര്‍ നേടുന്നു. കേവലം വോട്ടര്‍മാര്‍ എന്നതിനപ്പുറം രാഷ്ട്രീയ പ്രക്രിയകളില്‍ നേരിട്ട് ഇടപെടാനും തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകാനും നയരൂപീകരണത്തില്‍ പങ്കാളികളാകാനും യുവജനങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെന്നത് പ്രതീക്ഷാഭരിതമാണ്.

മതപരമായ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ശാസ്ത്ര, സാങ്കേതിക മേഖലകളിലെ മുന്നേറ്റത്തിനും മുസ്ലിം യുവത പ്രാധാന്യം നല്‍കുന്നുണ്ട്. അറിവിന്റെ വിവിധ മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. പരിസ്ഥിതി സംരക്ഷണം മതപരമായ കടമയാണെന്ന ചിന്തയും കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളും മുസ്ലിം യുവതയുടെ സജീവമായ പ്രവര്‍ത്തന മണ്ഡലത്തില്‍ വരേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തി നേടി ഇസ്ലാമിന്റെ യഥാര്‍ഥ മൂല്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകണം.

അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ ഇടയില്‍ അന്ധവിശ്വാസങ്ങള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നുവെന്നത് അതിശയകരമാണ്. നിര്‍ഭയത്വം പ്രദാനം ചെയ്യുന്ന മതവിശ്വാസത്തെ പഠിപ്പിക്കുന്ന അജണ്ടകള്‍ രൂപപ്പെടണം.

അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരുടെ ഇടയില്‍ അന്ധവിശ്വാസങ്ങള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നുവെന്നത് അതിശയകരമാണ്. ആഭിചാരത്തിനും ക്ഷുദ്രക്രിയകള്‍ക്കും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ ഇവരുമുണ്ടെന്നത് കാണാതിരുന്നുകൂടാ. നിര്‍ഭയത്വം പ്രദാനം ചെയ്യുന്ന മതവിശ്വാസത്തെ പഠിപ്പിക്കുന്ന അജണ്ടകള്‍ വേണം.

ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് മുസ്ലിം യുവത ബോധവാന്‍മാരാവണം. സമുദായത്തിന്റെ വീര്യം ചോരാന്‍ അനുവദിക്കാതെ മുഖ്യധാരയില്‍ അവരെ നിലയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകണം. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുകളില്‍ അരികുവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.

സമാധാനം, നീതി, സേവനം എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ബഹുസ്വര സമൂഹത്തിന്റെ വൈവിധ്യങ്ങളില്‍ തനതായ വിശ്വാസം മുറുകെ പിടിച്ച് നിലകൊള്ളാന്‍ ഇസ്ലാമിന് സാധിക്കും. വ്യത്യസ്ത ആശയങ്ങളെ ഉള്‍ക്കൊള്ളാനും ആരോഗ്യപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന സാമൂഹികാവസ്ഥയാണ് സൃഷ്ടിച്ചെടുക്കേണ്ടത്. എല്ലാ വിഭാഗങ്ങളോടും സഹിഷ്ണുതയോടെയും ബഹുമാനത്തോടെയും ഇടപെടേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കണം.

തൊഴിലില്ലായ്മ

ഇന്ത്യയിലെ യുവജനങ്ങളില്‍ ഗണ്യമായൊരു ശതമാനം തൊഴിലില്ലായ്മ നേരിടുന്നുണ്ട്. ഇത് മുസ്ലിം യുവതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു വലിയ തടസ്സമാണ്. തൊഴിലില്ലായ്മ യുവാക്കളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദവും നിരാശയും വലുതാണ്. വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴില്‍ ലഭിക്കാത്ത അവസ്ഥ സമൂഹത്തില്‍ പാര്‍ശ്വവത്കരണം ഉണ്ടാക്കും.

സര്‍ക്കാര്‍ ജോലികള്‍, ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ മാത്രമായി ഒതുങ്ങാതെ, പുതിയ സാധ്യതകള്‍ തേടേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയാകണം. സ്വയംതൊഴില്‍ കണ്ടെത്താനും സംരംഭകരാകാനും മുസ്ലിം യുവത തയ്യാറായി വരുന്നുണ്ട്. തൊഴില്‍ വിപണിക്ക് ആവശ്യമായ കഴിവുകള്‍ നേടിയെടുക്കുന്നതില്‍ ഇത്തരം യുവാക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടണം. വെറും ബിരുദം നേടുന്നതില്‍ ഒതുങ്ങാതെ, വ്യത്യസ്ത സ്‌കില്ലുകള്‍ ഉണ്ടാക്കിയെടുക്കുന്നതിന് പ്രാധാന്യം നല്‍കണം.

സ്വന്തമായി ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക, അക്കാദമിക പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തികമായി മുന്നേറാനും സാധിക്കും. മാറുന്ന ലോകത്തിനനുസരിച്ച് മുസ്ലിം യുവതയുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തന രീതികളും മാറേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ മുസ്ലിം സമൂഹം പ്രധാനമായും പോരാടിയത് സാമ്രാജ്യത്വ ശക്തികളോടും സാമൂഹിക അടിച്ചമര്‍ത്തലുകളോടുമായിരുന്നു. എന്നാല്‍ ഇന്ന് വെല്ലുവിളികള്‍ക്ക് പുതിയ മുഖങ്ങളുണ്ട്. ഈ പുതിയ വെല്ലുവിളികളെ നേരിടാന്‍ പഴയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാകില്ല.

ആഗോളതലത്തില്‍ ലഭ്യമായ വിവരങ്ങളെ വിശകലനം ചെയ്യാനും, പുതിയ ചിന്തകള്‍ രൂപീകരിക്കാനും യുവതക്ക് കഴിയണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണ്. സാമൂഹിക നീതി, ലിംഗനീതി, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ സജീവമാകുന്നത് ഇതിന് ഉദാഹരണമാണ്.

പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിലൂടെ മുസ്ലിം യുവതക്ക് വെറും കാഴ്ചക്കാരായി നില്‍ക്കാതെ, സമൂഹത്തിന്റെ പുരോഗതിയില്‍ സജീവമായി പങ്കാളികളാകാനും തങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആധുനിക ലോകത്ത് മുന്നേറാനും സാധിക്കും.


ഡോ. കെ ടി അന്‍വര്‍ സാദത്ത് സുല്ലമുസ്സലാം അറബിക് കോളേജിൽ ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗത്തിൽ തലവനായി ജോലി ചെയ്യുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റാണ്.