നാളിതുവരെ ഭരണത്തിലെത്തിയിട്ടില്ലാത്ത ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും യു ഡി എഫ് അവിശ്വസനീയ മുന്നേറ്റം ഉണ്ടാക്കിയത് എന്തുകൊണ്ടാണ്!
വോട്ടിംഗ് ഒരു വൈകാരിക പ്രവൃത്തിയും അതേസമയം അതൊരു ബൗദ്ധിക പ്രവര്‍ത്തനവും കൂടിയാണ് എന്നു പറയുന്നത് എത്ര ശരിയാണ്! നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നോ നാലോ മാസം മാത്രം ബാക്കി നില്‍ക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം പല പ്രതീക്ഷകളെയും പാടെ തെറ്റിക്കുന്നതായി. യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയപ്പോള്‍ എല്‍ഡിഎഫ് അവിചാരിതമായ തിരിച്ചടി നേരിട്ടിരിക്കുന്നു. എന്‍ഡിഎ പലേടത്തും നടത്തിയ മുന്നേറ്റം ശ്രദ്ധയര്‍ഹിക്കുന്നു.
തദ്ദേശ ഫലത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്, ഒരിക്കല്‍പ്പോലും വിജയിച്ചിട്ടില്ലാത്ത നഗരസഭകളും ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും യുഡിഎഫിന്റെ കൈകളിലെത്തി എന്നതാണ്. നാല് കോര്‍പ്പറേഷനുകളും സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും യു ഡി എഫ് നിയന്ത്രണത്തിലായി. കൈവിട്ടവ തിരിച്ചുപിടിച്ചും ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ഞൂറിനു മേല്‍ നേടിയും യുഡിഎഫ് വലിയ തേരോട്ടമാണ് നടത്തിയത്.
മുനിസിപ്പാലിറ്റികളില്‍ പലപ്പോഴും യു ഡി എഫിന് നേരിയ മേല്‍ക്കൈ ലഭിക്കാറുണ്ട് കേരളത്തില്‍. യു ഡി എഫ് നേതാക്കളെ ഞെട്ടിച്ചാണ്, അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷ പുലര്‍ത്താത്ത കൊല്ലം കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നേടിയത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഉറച്ച വോട്ടുബാങ്കുള്ള മേഖലകളില്‍ എല്‍ഡിഎഫിന് അടിപതറിയിരിക്കുന്നു.
ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും തുല്യനില പാലിക്കുകയാണ്. ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളുമായാണ് എല്‍ ഡി എഫ് പത്തു വര്‍ഷത്തോളമായി ഭരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യു ഡി എഫിനെ ആത്മവിശ്വാസത്തോടെ നേരിട്ടത്. രൂപം കൊണ്ടതിനു ശേഷം നാളിതുവരെ ഭരണത്തിലെത്തിയിട്ടില്ലാത്ത ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും യു ഡി എഫ് കടന്നുകയറി അവിശ്വസനീയ മുന്നേറ്റം ഉണ്ടാക്കിയത് എന്തുകൊണ്ടാണ്!
ശക്തമായ ഭരണവിരുദ്ധ വികാരവും മുന്നണിക്കു നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ കാര്‍മികത്വത്തില്‍ നടന്ന സാമുദായിക ധ്രുവീകരണ സ്ട്രാറ്റജിയുടെ തോല്‍വിയും കൂടിയാണ് യു ഡി എഫിന് അനുകൂലമായ ജനവിധി. അല്ലാതെ അവരുടെ മേലുള്ള അമിത പ്രതീക്ഷ കൊണ്ടല്ല.
തുടര്‍ ഭരണം സൃഷ്ടിച്ച അഹങ്കാരവും ധാര്‍ഷ്ട്യം നിറഞ്ഞ ശരീര ഭാഷയും കാരണം ജനമനസ്സ് അറിയാനുള്ള ശേഷി നഷ്ടപ്പെട്ട ഭരണകക്ഷി നേതാക്കള്‍ക്ക് കൃത്യമായ ഷോക്ക് ട്രീറ്റ്മെന്റാണ് ജനങ്ങള്‍ തദ്ദേശത്തിലൂടെ നല്‍കിയിരിക്കുന്നത്. ധാര്‍ഷ്ട്യമേ പുറത്തുനില്‍ക്കൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അതു തിരിച്ചറിയുമോ എന്നാണിനി അറിയേണ്ടത്.
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന നിലയിലായിരുന്നു തദ്ദേശപ്പോരില്‍ യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിടുന്നത് സംസ്ഥാന ഭരണത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ആ തരത്തില്‍ നേതൃത്വവും പ്രവര്‍ത്തകരും അരയും തലയും മുറുക്കി താഴേ തട്ടില്‍ രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ദൃശ്യമായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രീതിയും പ്രഖ്യാപിച്ച സമയവും പൊതുവെ യു ഡി എഫില്‍ നിന്നുണ്ടാകാത്ത തരം പ്രഫഷനല്‍ സമീപനമായിരുന്നു. തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കുന്നതിനു മുന്നേ വലിയ അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും പ്രചാരണ രംഗത്തിറങ്ങാനും യു ഡി എഫിനു സാധിച്ചു. മാത്രമല്ല, വിജയസാധ്യതയും ചെറുപ്പവും പരിഗണിക്കപ്പെട്ടു എന്നതും മുന്നണിയില്‍ പതിവില്ലാത്തതാണ്. മുന്നേയില്ലാത്ത ഐക്യവും കെട്ടുറപ്പും അവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിച്ച ഘടകങ്ങളാണ്.
സംഘടനാ ശക്തിയില്ലാത്തയിടങ്ങളില്‍, ഉള്ള ശേഷി വെച്ചവര്‍ വോട്ട് തേടി. പണമില്ലാത്തതിനെ ചൊല്ലിയും ആളില്ലാത്തതിനെ കുറിച്ചും പരാതി പറഞ്ഞ് സമയം കളഞ്ഞില്ല. മത്സരിച്ചവരില്‍ ഭൂരിപക്ഷം പേരും മികച്ച വിജയം നേടി. തോറ്റവര്‍ പലേടത്തും ചെറിയ വോട്ടിനാണ് അടിപതറിയത്. തോറ്റുപോയ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് പോലും ആഹ്ലാദിക്കാന്‍ കഴിയുന്ന ജയമാണ് മുന്നണി ത്രിതലത്തില്‍ നേടിയത്.
പ്രതീക്ഷയും നിരാശയും
നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കാണുമ്പോള്‍ യു ഡി എഫിന് പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നേട്ടം. പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള മധ്യകേരളത്തിലെ ജില്ലകളില്‍ കണ്ട ആധികാരിക ജയം ഒരിക്കല്‍ വഴുതിപ്പോയ വോട്ടുകള്‍ തിരികെ വരുന്നുവെന്നതിന്റെ സൂചനയാണ്. സഭകളുമായി മുന്നണി നേതൃത്വം നിരന്തരം നടത്തിയ ആശയവിനിമയം ഗുണംചെയ്തിരിക്കാം. ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള സാമുദായിക ധ്രുവീകരണ തന്ത്രം പറ്റെ പാളിപ്പോവുകയും ചെയ്തു.
ശബരിമല സ്വര്‍ണക്കൊള്ള മുഖ്യ പ്രചാരണ വിഷയമാക്കിയതിന്റെ നേട്ടം വോട്ടായി ഐക്യമുന്നണിയുടെ യന്ത്രത്തില്‍ പതിഞ്ഞു. സ്വര്‍ണപ്പാളി വിഷയം മാറ്റാന്‍ ഇടതുമുന്നണി കൊണ്ടുപിടിച്ചു നടത്തിയ ശ്രമങ്ങള്‍ പലതും ഏറ്റില്ല. പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ നിന്നു തെറ്റിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡന പരാതികള്‍ നിരന്തരം ഉയര്‍ത്തിയെങ്കിലും, കോണ്‍ഗ്രസിന്റെ അവസരോചിതമായ ഇടപെടല്‍ വിഷയത്തെ തണുപ്പിക്കുകയായിരുന്നു.
രാഹുലിനെതിരായ കേസ് പ്രചാരണത്തില്‍ ചെറിയൊരിടവേള പ്രതിരോധത്തിലാക്കിയെങ്കിലും അതിന്റെ ആഘാതം തടുത്തു നിര്‍ത്താന്‍ കോണ്‍ഗ്രസിനായി. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പെണ്ണു കേസുമായി വരുന്ന സ്ഥിരം ഏര്‍പ്പാടു പക്ഷെ തദ്ദേശത്തില്‍ ക്ലച്ചു പിടിക്കാതെ പോയി.
ബി ജെ പി ബാന്ധവം
പിഎം ശ്രീ പദ്ധതിയില്‍ ചുളുവില്‍ ഒപ്പിട്ട നടപടി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെ ബി ജെ പി ബാന്ധവ ആരോപണം കടുപ്പിച്ചത് യു ഡി എഫിന് അനുകൂലമായി. വിദ്യാഭ്യാസ രംഗത്ത് സവര്‍ണ- വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ കേരളത്തെ ഉദ്ബോധിപ്പിച്ച ഡി വൈ എഫ് ഐ, മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ പി എം ശ്രീയില്‍ ഒപ്പിട്ട നടപടിയെ ന്യായീകരിക്കാന്‍ പാടുപെട്ടത് കണ്ടപ്പോള്‍ പൊതുജനങ്ങള്‍ ഊറിച്ചിരിക്കുകയായിരുന്നു.
ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം പലപ്പോഴും ന്യൂനപക്ഷ വിരുദ്ധവും മലപ്പുറം വിരുദ്ധവുമായെന്ന ആരോപണം ശക്തിപ്പെട്ടെങ്കിലും വിഷയം അഡ്രസ് ചെയ്യുന്നതിനു പകരം ചാപ്പ ചാര്‍ത്താനാണ് സി പി എം നേതാക്കളും മുഖ്യമന്ത്രി തന്നെയും ശ്രദ്ധിച്ചത്. പൊലീസിലെ സംഘിവത്കരണത്തെ കുറിച്ച് പല കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നപ്പോഴും ആഭ്യന്തരമന്ത്രി തീരെ ദുര്‍ബലനാകുന്ന കാഴ്ചയാണ് കണ്ടത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ തിടുക്കപ്പെട്ടു നടത്തുന്ന എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിച്ചില്ലെന്നതും ചര്‍ച്ചയായി.
തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തോ അജണ്ട സെറ്റു ചെയ്യുന്നിടത്തോ കോണ്‍ഗ്രസും യു ഡി എഫും മാത്രമായിരുന്നു ഇടത് ഫോക്കസ്. എന്‍ ഡി എ കടന്നുകയറ്റം തിരിച്ചറിയാനോ പ്രതിരോധിക്കാനോ ഇടതുമുന്നണി ശ്രമിച്ചു കണ്ടില്ല. ചിലപ്പോള്‍ കണ്ണടച്ചു. പല പ്രാദേശിക ഇടതുനേതാക്കളും ബി ജെ പിയില്‍ ചേര്‍ന്ന് മത്സരരംഗത്തിറങ്ങിയതിനും ഇത്തവണ നാം സാക്ഷ്യം വഹിച്ചു.
കേന്ദ്ര നയങ്ങളെ കാര്യമായി പ്രതിരോധിക്കാതെ കോണ്‍ഗ്രസിനെ നിരന്തരം താറടിച്ചു കാണിക്കാനായിരുന്നു മുഖ്യമന്ത്രിക്കുള്‍പ്പെടെ താല്പര്യം. ഇതെല്ലാം കണ്ട ജനം അറിഞ്ഞ് ഇടപെടുകയായിരുന്നു എന്നു വേണം കരുതാന്‍. ബി ജെ പി നേട്ടമുണ്ടാക്കിയേടത്തൊക്കെ മെലിഞ്ഞുപോയത് സി പി എമ്മോ ഇടതുമുന്നണിയോ ആണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ തന്നെ അതിനു സാക്ഷ്യം പറയും.
ഭരണവിരുദ്ധ വികാരം
ഇടതുമുന്നണിയില്‍ സി പി എം നേതാക്കള്‍ക്കു മാത്രം തിരിച്ചറിയാനാകാതെ പോയ ഭരണവിരുദ്ധ വികാരമായിരിക്കണം, അപ്രതീക്ഷിത തിരിച്ചടി എന്നു വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെയും പ്രേരിപ്പിച്ചത്. വിലക്കയറ്റവും കുത്തനെയുള്ള നികുതി വര്‍ധനയും നിരക്കു വര്‍ധനയും സാധാരണക്കാരുടെ പിടലിക്കു പിടിക്കുന്നതായിരുന്നുവെന്ന് പക്ഷെ അവരറിഞ്ഞില്ല, അല്ലെങ്കില്‍ സമ്മതിച്ചില്ല. ജനം പക്ഷെ അതു മറന്നതുമില്ല.
പിഴച്ചു പോയ സമുദായക്കളി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു പങ്ക് ചോര്‍ന്നുവെന്നു മനസ്സിലാക്കിയ ഇടതു മുന്നണി ട്രാക്കു മാറ്റി ഹൈ ഗിയറിലിട്ട് ഒരുമ്പെട്ടിറങ്ങുകയായിരുന്നു. കേരളത്തിലെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനുള്ള ദുരൂഹവും ഹീനവുമായ ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നപ്പോള്‍ വിഷയം അഡ്രസ് ചെയ്യാന്‍ പാര്‍ട്ടി മിനക്കെട്ടില്ല. ന്യൂനപക്ഷങ്ങളെ അസ്വസ്ഥമാക്കുന്ന ഏതൊരു നീക്കത്തെയും പ്രതിരോധിക്കാനുള്ള ഭരണപരമോ രാഷ്ട്രീയപരമോ ആയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സി പി എം ദയനീയമായി പരാജയപ്പെട്ടു.
സാമുദായിക സാഹോദര്യം തകര്‍ക്കുന്ന, അതിതീവ്രമായ മലപ്പുറം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളുമായി വെള്ളാപ്പള്ളി നടേശന്‍ നിരന്തരം പൊതുരംഗം മലിനമാക്കിയപ്പോള്‍ പേരിനൊരു നടപടി പോലും സ്വീകരിച്ചില്ല. എന്നല്ല, വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം വിശേഷപ്പെട്ടവനും സമുദായ സൗഹാര്‍ദത്തിന്റെ വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ച് തോളിലേറ്റുകയായിരുന്നു. കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ചെറുവിരലനക്കിയില്ല എന്നതാണ് ഒരുപക്ഷേ ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും ഗുരുതരമായ ജനവിരുദ്ധ നയം.
തോല്‍വിയില്‍ നിന്നു മാത്രമല്ല വിജയത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. വിശേഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ.
നവോത്ഥാന മതിലുകള്‍ ഇടതുമുന്നണി തന്നെ തകര്‍ത്തു കളഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്കു മേല്‍ പുതിയ ചാപ്പകള്‍ ചാര്‍ത്തിക്കൊണ്ടിരുന്നു. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന താല്‍ക്കാലിക നേട്ടത്തില്‍ മാത്രം കണ്ണുവെച്ച പാര്‍ട്ടിയും നേതൃത്വവും തുടര്‍ച്ചയായി ന്യൂനപക്ഷ വിരുദ്ധവും മലപ്പുറം വിരുദ്ധവുമായ നരേറ്റീവുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
പിണറായി വിജയനും ചില സി പി എം നേതാക്കളും വര്‍ഗീയതയോടു കൂട്ടുകൂടുമെന്നു സാമാന്യ നിലയില്‍ വിചാരിക്കാന്‍ കഴിയില്ല. പക്ഷേ തെരഞ്ഞെടുപ്പു വിജയത്തിന് ഏതു കുതന്ത്രവും മാര്‍ഗവും സ്വീകരിക്കാന്‍ ഇടതുമുന്നണി മടിക്കില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് തെളിഞ്ഞതാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ നിന്ന് പാര്‍ട്ടി ലേശം പോലും മുന്നോട്ടു പോയില്ലെന്ന് ഇത്തവണയും തെളിഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീനും ഐ എസും തദ്ദേശ തെരഞ്ഞെടുപ്പു ക്യാംപയിനിനിടെ ഇടതുമുന്നണിയുടെ പ്രചാരണ വാഹനങ്ങളില്‍ നിന്നു പുറത്തുവന്നത് മറ്റെന്താണ് തെളിയിക്കുന്നത്? കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ പോലും വോട്ടു തേടിയത് കോഴിക്കോടിന്റെ സമതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു. അപ്പോഴാണ് ഇടതു മുന്നണിയുടെ പ്രചാരണത്തില്‍ മുസ്ലിം വെറുപ്പു സൃഷ്ടിക്കാന്‍ പ്രാപ്തമായ മുദ്രാവാക്യങ്ങളുയര്‍ന്നത്.
സി പി എം വിതച്ച വര്‍ഗീയ- വിഭാഗീയ നിലത്തില്‍ നല്ല വിളവു കൊയ്ത് ബി ജെ പി മികവു പ്രകടിപ്പിച്ചു എന്നു വേണം കരുതാന്‍. മുസ്ലിം- ക്രിസ്ത്യന്‍ വെറുപ്പു സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്ന കുരുട്ടു തന്ത്രവും പൊളിഞ്ഞു പോയെന്ന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യു ഡി എഫും വിശേഷിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും നേടിയ മികച്ച വിജയം സൂചിപ്പിക്കുന്നു.
സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടു ബോധപൂര്‍വം പറപ്പിച്ചുവിട്ട മലപ്പുറം വിരുദ്ധ പ്രചാരണത്തിന് മലപ്പുറത്തുകാര്‍ എണ്ണിയെണ്ണി പകരം ചോദിച്ചിരിക്കുന്നു. ഇടതുമുന്നണിയെ അടപടലം പൂട്ടുന്ന വോട്ടു പ്രതികരണത്തില്‍ നിന്ന് പലര്‍ക്കും പലതും പഠിക്കാനുണ്ട്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്തും, ഇടതു സ്വാധീനമുള്ള ബ്ലോക്ക്, നഗര, ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ് തൂക്കിയത് നല്‍കുന്ന സൂചന കൃത്യമാണ്.
പാളിയ മുദ്രാവാക്യങ്ങള്‍
രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തുന്നതിനു പകരം സി പി എമ്മും പാര്‍ട്ടി സെക്രട്ടറിയും പിണറായി വിജയനും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ശ്രമിച്ചത് യു ഡി എഫിനു മേല്‍ ജമാഅത്ത്- തീവ്രവാദ ബന്ധം സ്ഥാപിക്കാനാണ്. യു ഡി എഫ് ഇത്തവണ പ്രാദേശികമായി ചില സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കി എന്നവര്‍ സമ്മതിച്ച കാര്യമാണ്.
എന്നാല്‍ സാക്ഷാല്‍ ജമാഅത്തെ ഇസ്ലാമിക്ക് സി പി എം നേരിട്ടു കൈ കൊടുത്തതും പിന്തുണ സ്വീകരിച്ചതും അഭിനന്ദിച്ചതും നിര്‍ലജ്ജം മറച്ചുവച്ചായിരുന്നു ഇരുവരും ഇമ്മാതിരി പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. ഇന്നലെകളെ പൂഴ്ത്തിവെച്ച് നല്ല പിള്ള ചമയാനുള്ള ശ്രമം മലയാളികളുടെ ഓര്‍മയെ പരിസഹിക്കുന്നതാണ്.
അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. ഹിന്ദു കണ്‍സോളിഡേഷന്‍ നടക്കുമെന്ന് സി പി എം കിനാക്കണ്ടപ്പോള്‍ അതിന്റെ നേട്ടം ബി ജെ പി അടിച്ചെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എമ്മിന്റെ ഗെയിം പ്ലാന്‍ നേര്‍ വിപരീതമായാണ് വര്‍ക്കൗട്ട് ആയത്.
തോല്‍വി പരിശോധിക്കണം; ജയവും
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സി പി ഐ പരിപാടിയിട്ടിരിക്കുന്നു. പഠിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ ഡി എഫിന്റെയും പരാജയ കാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് കത്തെഴുതാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരിക്കുന്നു.
പരാജയത്തില്‍ ജനങ്ങളെ പരിഹസിക്കുന്നതിനു പകരം അംഗീകരിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും നല്ല കാര്യം. തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജനങ്ങള്‍ സമ്മാനിച്ച മികച്ച വിജയത്തെ കുറിച്ച് തങ്ങള്‍ പഠിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണവും ശ്രദ്ധേയമാണ്.
തോല്‍വിയില്‍ നിന്നു മാത്രമല്ല വിജയത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. വിശേഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ. തോല്‍വി അനുഭവപ്പെടുമ്പോഴാണല്ലോ ആളുകള്‍ തെറ്റുകളില്‍ നിന്നു പഠിക്കുന്നത്.
