ഇസ്‌ലാമോഫോബിയ, വംശഹത്യ: ഹിന്ദുത്വയും സയണിസവും ഒക്കച്ചങ്ങാതിമാരാകുമ്പോള്‍


ഹിന്ദുത്വ എന്ന വംശീയ-ദേശീയ പ്രത്യയശാസ്ത്രം ഉല്പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ വംശഹത്യ എപ്രകാരമാണ് നടപ്പില്‍ വരുത്തുക എന്നതിന്റെ ബ്ലൂപ്രിന്റ് ആണ് അസമില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ണ്ടു വംശീയ പ്രത്യയശാസ്ത്രങ്ങള്‍ തീര്‍ക്കുന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ കാഴ്ചകളാണ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്ന് ഹിന്ദുത്വ, മറ്റൊന്ന് സയണിസം. ഈ ലേഖനം നാം വായിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളില്‍ പോലും ഗസ്സയിലെ മരണനിരക്ക് ക്രൂരമായി അധികരിക്കുകയാണ്.

ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ട് അവര്‍ക്കു മുകളില്‍ ബോംബ് വര്‍ഷിച്ച് ഗസ്സ കീഴടക്കുക എന്നതാണ് സയണിസ്റ്റ് ഇസ്രായേലിന്റെ തീരുമാനം. മറ്റൊരു മുസ്‌ലിം വിരുദ്ധ വംശഹത്യയിലേക്കുള്ള പടികള്‍ ഓരോന്നായി ഇന്ത്യയിലുള്ള ബി ജെ പി സര്‍ക്കാരുകളും തുറന്നുവെച്ചിരിക്കുകയാണ്. അസമില്‍ നിന്ന് വരുന്നത് ഈ തുറവിയുടെ തത്സമയ കാഴ്ചകളാണ്.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ അതേ രീതിശാസ്ത്രം തന്നെയാണ് അസമിലും ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും ഹിന്ദുത്വ വംശീയതയുടെ പ്രായോജകര്‍ അനുകരിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ വംശഹത്യാ പദ്ധതികള്‍ രാജ്യത്തുടനീളം വ്യത്യസ്ത രൂപഭാവങ്ങളില്‍ നാം അനുഭവിക്കുന്നുണ്ടെങ്കിലും അസം നമ്മുടെ ചര്‍ച്ചകളില്‍ പ്രത്യേകം പ്രതിപാദിക്കപ്പെടേണ്ടതുണ്ട്.

ഹിന്ദുത്വ എന്ന വംശീയ-ദേശീയ പ്രത്യയശാസ്ത്രം ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ വംശഹത്യ എപ്രകാരമാണ് നടപ്പില്‍ വരുത്തുക എന്നതിന്റെ ബ്ലൂപ്രിന്റ് നമുക്ക് പഠിക്കാന്‍ കഴിയുക അസമില്‍ നിന്നു വരുന്ന വാര്‍ത്തകളിലൂടെയാണ്.

ഹോളോകോസ്റ്റിനെ മാത്രം വംശഹത്യയായി മനസ്സിലാക്കുകയും, അതിന്റെ മാതൃകയില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ഗ്യാസ് ചേംബറുകളും ക്രൂരതയില്‍ സാദൃശ്യം പുലര്‍ത്തുന്ന ഇതര സംഭവങ്ങളും മാത്രമായി വംശഹത്യയെ നിര്‍വചിക്കുകയും ചെയ്യുന്നതിന് അപ്പുറത്ത്, എന്തൊക്കെ തത്വങ്ങളിലൂടെയാണ് ലോക ചരിത്രത്തില്‍ വംശഹത്യകള്‍ നടപ്പാക്കപ്പെട്ടതെന്ന് ആഴത്തില്‍ പഠിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് അസമില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ പ്രക്രിയകളും ഒരു മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ ഹിന്ദുത്വ മോഡലാണെന്ന് പറയാന്‍ കഴിയും.

അതിനുമപ്പുറം പ്രത്യയശാസ്ത്രപരമായും രീതിശാസ്ത്രപരമായും ഹിന്ദുത്വയും സയണിസവും എങ്ങനെയാണ് ആദര്‍ശ സഹോദരങ്ങളാവുന്നതെന്നും നമുക്ക് അറിയാന്‍ കഴിയും.

അസം: മുസ്‌ലിം വംശഹത്യയുടെ ബ്ലൂപ്രിന്റ്

നിയമനിര്‍മാണസഭകള്‍, കോടതികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അവര്‍ നിര്‍മിച്ചെടുക്കുന്ന ആഖ്യാനങ്ങള്‍, പൊതുസമൂഹം നല്‍കിവരുന്ന പിന്തുണ, നിശ്ശബ്ദത- ഇങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നുകൊണ്ടാണല്ലോ വംശഹത്യയിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത്. ഇതിന്റെ തെളിഞ്ഞ ഉദാഹരണമാണ് അസം.

ഈയിടെ വളരെ ശ്രദ്ധേയമായ, ഏവരാലും വായിക്കപ്പെട്ട ഒരു ലേഖനമായിരുന്നു 'ജെനോസൈഡ് വാച്ചി'ല്‍ ഗ്രിഗറി സ്റ്റാന്റോണ്‍ രചിച്ച 'സ്റ്റേജസ് ഓഫ് ജെനോസൈഡ്' എന്ന പഠനം. അതിലെ ഓരോ ഘടകങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ അസം എന്നത് ഇന്ത്യയിലെ വംശഹത്യാ പുസ്തകത്തിലെ ആദ്യ അധ്യായമാണ് എന്നുതന്നെ പറയേണ്ടിവരും.

അസമിലെ മുസ്‌ലിം സമുദായത്തെ, പ്രത്യേകിച്ചു ബംഗാളി വേരുകളുള്ളവരെ അപരവത്കരിക്കാനുള്ള ശ്രമങ്ങള്‍ ദീര്‍ഘകാലമായി നടക്കുന്നുണ്ട്. അവരെ 'മിയ' എന്ന പ്രത്യേക പേര് നല്‍കി ബംഗ്ലാദേശികളായി ചിത്രീകരിച്ച് അസമിലെ ഹിന്ദുക്കളില്‍ നിന്ന് വ്യതിരിക്തരായ മറ്റൊരു സമുദായമാക്കിക്കൊണ്ടാണ് ഇതിന്റെ തുടക്കം. ഈ വേര്‍തിരിവ് പിന്നീട് വിവേചനപരമായ നിയമനിര്‍മാണങ്ങളിലേക്ക് നയിച്ചു.

എന്തുകൊണ്ടാണ് പി.എല്‍.ഒയെ ആദ്യമായി അംഗീകരിച്ച അറബ് ഇതര രാജ്യമായ, ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യക്ക്, ഇത്തരത്തില്‍ ഒരു പരിവര്‍ത്തനം സംഭവിച്ചത്?

അസമിലെ മുസ്‌ലിംകളെ നിയമവ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുക എന്നതായിരുന്നു ഇതിന്റെ മറ്റൊരു ലക്ഷ്യം. 1985ലെ അസം ഉടമ്പടി മുതല്‍ എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) എന്നിവയും ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളും ഉള്‍പ്പെടെയുള്ള നിയമങ്ങളും നടപടികളും ഈ വിവേചനപരമായ ചരിത്രത്തിന്റെ ഭാഗമാണ്.

ബംഗാളി മുസ്‌ലിംകളെ അമിത്ഷാ വിളിക്കുന്നത് 'ചിതലുകള്‍' എന്നാണ്. ഇന്ത്യയില്‍ അരിച്ചുകയറിയ ചിതലുകള്‍ ഒഴിവാക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ബിജെപിയുടെ വാദം. ഹിറ്റ്‌ലര്‍ ജൂതന്മാരെ വിളിച്ചത് 'എലികള്‍' എന്നായിരുന്നു. നെല്ലി വംശഹത്യ മുതല്‍ ഇന്നത്തെ 'പുഷ്ബാക്ക്' പോളിസി വരെ നീളുന്ന ഈ പ്രക്രിയകള്‍ അസമില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഈ പണി തന്നെ.

കുടിയൊഴിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്ക് ആരും തന്നെ ആശ്രയം നല്‍കരുതെന്ന് അസം മുഖ്യമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതിലൂടെ, വംശഹത്യയെ ജനകീയവത്കരിക്കുകയും പൊതുജനങ്ങളെ കൂടി അതിന്റെ ഭാഗഭാക്കാകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ്.

1983ലെ നെല്ലി കൂട്ടക്കൊല ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മുസ്‌ലിം വിരുദ്ധ കലാപമായിരുന്നു. കേവലം ആറു മണിക്കൂറിനുള്ളില്‍ 14 ഗ്രാമങ്ങളിലായി ചുരുങ്ങിയത് മൂവായിരത്തിലധികം മുസ്‌ലിംകളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇത്രയും ഭീകരമായ ഒരു വംശീയ അതിക്രമം നടന്നിട്ടും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം, 1985ലെ അസം ഉടമ്പടി പ്രകാരം അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ കേസിലെ പ്രതികളെ മുഴുവന്‍ വെറുതെ വിടുകയായിരുന്നു.

ഇന്ത്യാ ഗവണ്മെന്റ് അസം പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനുമായി ഉണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പു മാത്രമായി ഈ മുസ്‌ലിം ജീവിതങ്ങള്‍ അവസാനിച്ചു. നെല്ലി വംശഹത്യയുടെയും അസം അക്കോഡിന്റെയും ചരിത്രപരമായ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന 'പുഷ്ബാക്ക്' പോളിസി.

എന്‍ ആര്‍ സി, സി എ എ, ഫോറിന്‍ ട്രൈബ്യൂണല്‍ തുടങ്ങിയ നിയമപരമായ നടപടികളിലൂടെ മുസ്‌ലിംകളെ പുറത്താക്കുന്നത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ്, 'പുഷ്ബാക്ക്' എന്ന പേരില്‍ നിയമപരമായ യാതൊരു നടപടികളുമില്ലാതെ ബംഗാളി മുസ്‌ലിംകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടി ബംഗ്ലാദേശ് അതിര്‍ത്തികളില്‍ കൊണ്ടുപോയി പുറത്താക്കുന്നത്.

പലരുടെയും കൈവശം പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നതാണ് ഇതിലെ പ്രധാന വസ്തുത. ഇത്തരത്തില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ബംഗ്ലാദേശില്‍ കൊണ്ടുപോയി ഉപേക്ഷിച്ചവരെ ബംഗാള്‍ പോലീസ് തിരികെ കൊണ്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന തെര്‍മല്‍ പവര്‍ പ്ലാന്റിനു വേണ്ടിയാണ് ആയിരക്കണക്കിന് മുസ്‌ലിംകളെ അവര്‍ തലമുറകളായി താമസിക്കുന്ന ഗ്രാമങ്ങളില്‍ നിന്ന് 'അനധികൃത കുടിയേറ്റക്കാര്‍' എന്ന് മുദ്രകുത്തി പുറത്താക്കുന്നത്.

ഈ നടപടിയെ വികസനത്തിന്റെ ഭാഗമായി ചിത്രീകരിക്കാതെ, വംശീയമായ മാനങ്ങളോടെയാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. സാധാരണയായി ഇന്ത്യയില്‍ വികസന പദ്ധതികള്‍ക്കായി ആളുകളെ കുടിയൊഴിപ്പിക്കുമ്പോള്‍ 'നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി' എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കുടിയൊഴിപ്പിക്കലുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്.

ഈ കുടിയൊഴിപ്പിക്കലുകളെ വികസനത്തിന്റെ ഭാഷയില്‍ ന്യായീകരിക്കാന്‍ കഴിയുമായിരുന്നിട്ടും, സര്‍ക്കാര്‍ അതിനെ 'അനധികൃത കുടിയേറ്റക്കാര്‍', 'പുറന്തള്ളപ്പെടേണ്ടവര്‍', 'ബംഗ്ലാദേശികള്‍' എന്ന വംശീയ നിര്‍വചനങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം പുതിയ നിര്‍വചനങ്ങള്‍ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

ഇന്ത്യയും ഇസ്രായേലും ലോകരാജ്യങ്ങളും

ആഗോളതലത്തില്‍ തന്നെ യൂറോപ്പ് മുതല്‍ ആഫ്രിക്ക വരെ, അമേരിക്ക മുതല്‍ ആസ്‌ത്രേലിയ വരെ സയണിസ്റ്റ് വിരുദ്ധ-ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും പൊതുസമൂഹത്തില്‍ ആളിക്കത്തുന്ന വേളയിലും ഇന്ത്യയില്‍ വല്ലാത്ത ഒരു നിശ്ശബ്ദത നമുക്ക് അനുഭവിക്കാന്‍ കഴിയും. ലോകചരിത്രത്തില്‍ തന്നെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ മഹനീയ മാതൃകകളുള്ള ഇന്ത്യാ മഹാരാജ്യം, അതിന്റെ സ്വാതന്ത്ര്യാനന്തര നാള്‍ മുതല്‍ക്കേ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ ഇന്ത്യാ രാജ്യം, അവിടെയുള്ള ജനാധിപത്യ മതേതര സമൂഹം ഫലസ്തീന്‍ വിഷയത്തില്‍ കാണിക്കുന്ന ഈ നിശ്ശബ്ദത കേവലം ഒരു ഫാസിസ്റ്റ് കാലത്തെ ഭയം കൊണ്ട് മാത്രം അടയാളപ്പെടുത്തുക സാധ്യമല്ല.

മറിച്ച്, ഹിന്ദുത്വ വംശീയത ഇന്ത്യയുടെ പൊതുബോധത്തില്‍ എത്രത്തോളം വേരുറപ്പിച്ചു എന്നതിന്റെ കൂടി തെളിവാണ്. ഇസ്രായേലിന്റെ ഈ നരഹത്യക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഇന്ത്യന്‍ സൈബറിടങ്ങളില്‍ നിന്നാണ് എന്നത് കാണാന്‍ കഴിയും. മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലും സഹകരണങ്ങളിലും നടത്തപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്കപ്പുറത്ത്, ലോകാടിസ്ഥാനത്തില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിലേക്ക് ഇന്ത്യയില്‍ ഫലസ്തീന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.

ഗസ്സയില്‍ 'നിര്‍ബന്ധിത പട്ടിണിവത്കരണം' എന്ന ചരിത്രത്തില്‍ സമാനതകളില്ലാത്ത ഹീനമായ കുറ്റകൃത്യം, ലോക രാഷ്ട്രീയത്തില്‍ തന്നെ ഇസ്രായേല്‍ വിരുദ്ധ പ്രതികരണങ്ങള്‍ക്ക് നിമിത്തമായിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഇന്ത്യ ഇസ്രായേലുമായി പുതിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൈനിക സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം തന്നെയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഏറ്റവും വലിയ സാമ്പത്തിക-കച്ചവട ധാരണയും ഇന്ത്യ ഉണ്ടാക്കിയെടുത്തത്.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം ഇസ്രായേലി ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ആയുധ കരാറുകളെ കേവല കച്ചവടത്തിനപ്പുറം ഇസ്രായേലിന്റെ ടെക്‌നോളജിയും സൈനിക ഇടപെടലുകളുടെ രീതിശാസ്ത്രവും പരസ്പരം പങ്കുവെക്കുകയും അത് കശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്ന് അസദ് ഈസയെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് പി.എല്‍.ഒയെ ആദ്യമായി അംഗീകരിച്ച അറബ് ഇതര രാജ്യമായ, ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യക്ക്, ഇത്തരത്തില്‍ ഒരു പരിവര്‍ത്തനം സംഭവിച്ചത്?

എന്തിനധികം, ഒരു കൊളോണിയല്‍ രാഷ്ട്രം ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന പട്ടിണിയും അതിലൂടെയുണ്ടാക്കുന്ന കൂട്ടക്കൊലകളും ഗസ്സയില്‍ നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍, ചരിത്രത്തില്‍ ഇതിന്റെ ഏറ്റവും ഹീനമായ, മുപ്പത്തഞ്ച് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട, ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം സൃഷ്ടിച്ചെടുത്ത ബംഗാള്‍ പട്ടിണിയുടെ ഓര്‍മകള്‍ പേറുന്ന ഇന്ത്യക്ക് ഇസ്രായേലിന്റെ ഗസ്സയിലെ നരഹത്യയെ പിന്തുണക്കാന്‍ കഴിയുക? അതിനുള്ള ഉത്തരം ഹിന്ദുത്വയും സയണിസവും പരസ്പരം ആദര്‍ശ സഹോദരങ്ങളാണ് എന്നതു മാത്രമാണ്.

(അവസാനിച്ചിട്ടില്ല)