കാരുണ്യത്തിന്റെ പരമോന്നത ഭാവം, വര്‍ണവൈവിധ്യങ്ങള്‍


അന്ത്യപ്രവാചകനെ ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവന്‍ എന്നും അദ്ദേഹം മുഖേനെ കൊണ്ടുവന്ന വേദഗ്രന്ഥത്തെ സന്മാര്‍ഗദര്‍ശനവും കാരുണ്യദായകവും എന്നുമാണു വിശേഷിപ്പിക്കപ്പെട്ടത്.

പ്രകൃതിദത്തമായ വൈകാരിക ഭാവമാണ് കാരുണ്യം. സ്‌നേഹം, ദയ, വിട്ടുവീഴ്ച, അനുകമ്പ തുടങ്ങിയ മാനസികഭാവങ്ങളുടെ സംഗമവേദിയാണത്. മതാധ്യാപനങ്ങളില്‍ കൂടുതല്‍ വായിക്കപ്പെടുന്ന ഒരു പദമാണ് റഹ്മത്ത് അഥവാ കാരുണ്യം. പ്രകൃതി മതമായ ഇസ്‌ലാം കാരുണ്യത്തിന്റെ സന്ദേശമാണു ലോകത്തിനു നല്‍കുന്നത്.

സ്രഷ്ടാവായ അല്ലാഹുവിനെ ഇസ്ലാം പരിചയപ്പെടുത്തുന്നത് പരമകാരുണികന്‍, കരുണാനിധി എന്നൊക്കെയാണ്. അന്ത്യപ്രവാചകനെ ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവന്‍ എന്നും ആ പ്രവാചകന്‍ കൊണ്ടുവന്ന വേദഗ്രന്ഥത്തെ സന്മാര്‍ഗദര്‍ശനവും കാരുണ്യദായകവും എന്നുമാണു വിശേഷിപ്പിച്ചിരിക്കുന്നത.് നിങ്ങളുടെ രക്ഷിതാവ് കാരുണ്യം തന്റെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. (6-54) എന്ന വാക്യം ശ്രദ്ധേയമാണ്.

ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചൊരിയൂ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കും അത് ചൊരിഞ്ഞുതരും, കരുണ കാണിക്കാത്തവനു കാരുണ്യം നിഷേധിക്കപ്പെടും തുടങ്ങിയ നബിവചനങ്ങള്‍ സുവിദിതമാണ്. കാരുണ്യത്തിന്റെ സ്രോതസ്സാണ് സൃഷ്ടികളുടെ നാഥന്‍. ആ കാരുണ്യത്തിന്റെ നൂറിൽ ഒരു ഭാഗമാണ് കോടാനുകോടി സൃഷ്ടികള്‍ക്ക് അവന്‍ ഔദാര്യമായി നല്‍കിയത്. ഒരു തള്ളപ്പക്ഷി ചിറക് വിടര്‍ത്തി കുഞ്ഞിന് സുരക്ഷയൊരുക്കുന്ന കൗതുക കാഴ്ച ഇതിന്റെ ഭാഗമാണ്.

മതം കാരുണ്യമാണ്. കാരുണ്യസ്പര്‍ശമില്ലാത്ത മതം മനുഷ്യന് അന്യമാണ്. ആദ്യപാപത്താല്‍ സ്വര്‍ഗം നഷ്ടപ്പെട്ട ആദി പിതാവായ ആദമിനും മക്കള്‍ക്കും സ്വര്‍ഗ രാജ്യത്തെ തിരിച്ചു പിടിക്കാന്‍ രക്ഷിതാവ് കനിഞ്ഞ, കരുണയുടെ ഭാഗമാണ് സത്യാസത്യവിവേചന മാര്‍ഗദര്‍ശനം. ലക്ഷക്കണക്കിനു പ്രവാചകന്മാരിലൂടെ ആ കാരുണ്യത്തിന്റെ പ്രവാഹം അന്ത്യപ്രവാചകനില്‍ എത്തിനില്‍ക്കുകയാണ്.

അന്ത്യ പ്രവാചകന്‍ പറഞ്ഞു: എന്നെ അല്ലാഹു നിയോഗിച്ചതിന്റെ ഉദാഹരണം ഒരു വിളക്ക് കത്തിക്കുന്നവനെപ്പോലെയാണ്. വണ്ടുകളും ശലഭങ്ങളും ആ വിളക്കിനു ചുറ്റും ഊക്കോടെ പതിച്ച് സ്വയം നശിക്കുന്ന കാഴ്ച കണ്ട് അലിവ് തോന്നിയ ആ മനുഷ്യന്‍ ഇരു കരങ്ങളും കൊണ്ട് അവയെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നു. ഖേദകരമെന്ന് പറയട്ടെ, സര്‍വശക്തിയുമുപയോഗിച്ചു അവ കൂട്ടം കൂട്ടമാക്കി അഗ്‌നിയില്‍ ഹോമിക്കപ്പെടാന്‍ തിരക്ക് കൂട്ടുന്നു.

പ്രവാചക കാരുണ്യത്തിന്റെ സുന്ദര മുഖം എത്ര മനോഹരമായാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹം നമുക്ക് ദര്‍ശിക്കാനാകും. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം നാമതിന് സാക്ഷികളാകുന്നു. മതം സ്വീകരിച്ചതിന്റെ പേരില്‍ ഒരാളും പ്രയാസം അനുഭവിക്കുകയോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയോ അരുത്.

വിശ്വാസം, ആരാധനകള്‍, വിവാഹജവിതം, പെരുമാറ്റ ശീലങ്ങള്‍ തുടങ്ങി എല്ലാ രംഗങ്ങളിലും ഈ പൊതു തത്വം പാലിക്കപ്പെടേണ്ടതുണ്ട്. സങ്കീര്‍ണമായ വിശ്വാസ വൈകൃതങ്ങള്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. നബിയേ പറയുക, അല്ലാഹു ഏകനാണ്, അവന്‍ ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്. അവന്‍ പിതാവല്ല, പുത്രനുമല്ല, അവനു തുല്യനായി ആരും ഇല്ലതാനും (അധ്യായം 112).

മനുഷ്യര്‍ക്കാകമാനം സംശയലേശമെന്യേ സ്വീകരിക്കാന്‍ കഴിയുന്ന ലളിതമായ ദൈവദര്‍ശനം. ത്രിയേകത്വ സിദ്ധാന്തവും മുപ്പത്തിമൂന്ന് കോടി ദൈവ സങ്കല്‍പ്പവും മനുഷ്യ മനസ്സുകളില്‍ അങ്കലാപ്പു സൃഷ്ടിക്കുകയും ശരിയായ മാര്‍ഗങ്ങളില്‍നിന്ന് അവരെ അകറ്റുകയും ചെയ്യും. നിര്‍ബന്ധമായും സമയബന്ധിതമായും ചെയ്തുപോരേണ്ട ആരാധനകള്‍ പോലും ചില ഇളവുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വിധേയമായതു മേല്‍പറഞ്ഞ കാരുണ്യ സ്പര്‍ശത്തിന് മതിയായ രേഖകളാണ്.

രോഗിക്കും യാത്രക്കാരനും അനുവദിക്കപ്പെട്ട ജംഅ്, ഖസ്വ്ര്‍, റമദാന്‍ വ്രതം പിന്തിപ്പിക്കല്‍ എന്നിവ ഈ ഗണത്തില്‍ പെട്ടതാണ്. വിവാഹത്തിന്റെ അടിത്തറ സ്‌നേഹവും കാരുണ്യവുമാണെന്നു മതം പഠിപ്പിക്കുന്നു. ഇണകള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചത് സ്രഷ്ടാവ് നല്‍കിയ അനുഗ്രഹങ്ങളില്‍പെട്ടതാണ്. സ്‌നേഹമസൃണവും കരുണാര്‍ദ്രവവുമായ പെരുമാറ്റത്തിലൂടെ ഇസ്‌ലാമിന്റെ രാജപാതയില്‍ എത്തിചേര്‍ന്ന നിരവധി മഹത്തുക്കളുടെ കഥ നമുക്ക് വായിക്കാന്‍ കഴിയും. പള്ളിയുടെ മൂലയില്‍ മൂത്രമൊഴിച്ച ഗ്രാമീണനോട് പ്രവാചകന്‍ കാണിച്ച വിട്ടുവീഴ്ചാ മനോഭാവം വിശ്വാസികള്‍ക്ക് മാതൃകയാവേണ്ടതുണ്ട്.

യുദ്ധം, സമാധാനം, കാരുണ്യം

സമൂഹത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുക, വ്യക്തി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയെല്ലാം സ്‌നേഹത്തിന്റെയും കരുണയുടെയും ബഹിര്‍സ്ഫുരണങ്ങളാണ്. നാട്ടില്‍ അശാന്തി സൃഷ്ടിക്കുന്നത് കൊലയേക്കാള്‍ ഭീകരമാണെന്ന് ഖുര്‍ആന്‍ (2-191) താക്കീത് നല്‍കുന്നു.

തിന്മയുടെ ശക്തികളെ തകര്‍ക്കാനും ശിക്ഷാ മുറകള്‍ നടപ്പിലാക്കാനും ഭരണകൂടം തയ്യാറാകേണ്ടി വരും. പ്രതിക്രിയകള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പുവരുത്താനാകും. പ്രതിരോധത്തിനാണെങ്കില്‍ പോലും ശത്രുവിനോട് പോര്‍ക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ കരുണയുടെ പാഠങ്ങള്‍ വിസ്മരിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു.

ഉസാമ(റ)യുടെ നേതൃത്വത്തിലുള്ള സൈന്യത്തിന് യാത്രമൊഴി നേരുമ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) നല്‍കിയ വസിയ്യത്ത് ഇതിനുള്ള ചരിത്രസാക്ഷ്യമാണ്. അത് ഇങ്ങനെ വായിക്കാം. ''വഞ്ചിക്കരുത്, അംഗഭംഗം വരുത്തരുത്, സ്ത്രീകളെയും കുട്ടികളെയും പ്രായം ചെന്നവരെയും ഉപദ്രവിക്കരുത്, ഫലം തരുന്ന വൃക്ഷങ്ങള്‍ നശിപ്പിക്കരുത്, ആട് മാട് ഒട്ടകങ്ങളെ അനാവശ്യമായി കൊല്ലരുത്. തീര്‍ഥാടകരോട് അപമര്യാദയായി പെരുമാറരുത്.''

കരുണാര്‍ദ്രമായ ഈ നിര്‍ദേശങ്ങള്‍ സമീപകാല സംഭവങ്ങളുമായി ചേര്‍ത്തു വായിക്കുക. വിശിഷ്യാ യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തി പതിനായിരങ്ങളെ കശാപ്പു ചെയ്യുന്ന സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ കൊടും ക്രൂരതകള്‍. ജനിച്ച നാട്ടില്‍ സമാധാന ജീവിതം അസാധ്യമായി മദീനയിലേക്ക് പലായനം ചെയ്ത നബിയും അനുയായികളും പ്രതിരോധത്തിനുവേണ്ടി പോരാടാന്‍ അല്ലാഹുവിന്റെ അനുമതിക്കായി കാത്തിരുന്നു.

സമാധാനം പുലരാന്‍ വേണ്ടി സന്ധി സംഭാഷണങ്ങള്‍, കരാറുകള്‍, വിട്ടുവീഴ്ചകള്‍ എന്നിവയെല്ലാം വിശ്വാസികളുടെ ഭാഗത്ത് നിന്നുള്ള ദൗര്‍ബല്യമായിരുന്നില്ല, കാരുണ്യത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. ബദര്‍ യുദ്ധത്തില്‍ തടവുകാരായ ഓരോരുത്തരും മദീനയിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കിയാല്‍ വിട്ടയക്കാമെന്ന കാരുണ്യത്തിന്റെ പ്രഖ്യാപനം ഒരുവേള യുദ്ധചരിത്രത്തില്‍ തന്നെ ആദ്യത്തേതാകും.

മദീനയിലെ യഹൂദികളുമായി യുദ്ധമില്ലാ കരാറില്‍ ഏര്‍പ്പെട്ടത് പൊതുനന്മ ലക്ഷ്യം വെച്ചായിരുന്നു. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും പുതിയ അധ്യായമാണ് ഹുദൈബിയ സന്ധിയിലൂടെ പ്രവാചകന്‍ തുറന്നുവെച്ചത്. സമാധാനത്തിന്റെയും ശാന്തിയുടെയും ജ്വലിക്കുന്ന മാതൃകയായിരുന്നു ആ സംഭവം എന്ന് കാലം തെളിയിച്ചു. തീര്‍ച്ചയായും താങ്കള്‍ക്ക് നാം പ്രത്യക്ഷമായ വിജയം നല്‍കിയിരിക്കുന്നു (48:1) എന്ന ആയത്തില്‍ അല്ലാഹു അവന്റെ ദൂതനെ പ്രശംസിച്ചു.

മക്കാ വിജയത്തോടു കൂടി അറേബ്യന്‍ പ്രവിശ്യ പ്രവാചകന്റെ വരുതിയിലായി. തന്നെ പരിഹസിച്ചവര്‍, ഉപദ്രവിച്ചവര്‍, ബഹിഷ്‌കരിച്ചവര്‍ എല്ലാവരോടും ''നിങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രരായി മടങ്ങിപ്പോവുക'' എന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. കാരുണ്യത്തിന്റെ ദൂതുമായി വന്ന പ്രവാചകനില്‍ നിന്നു മറ്റൊന്നും അവര്‍ പ്രതീക്ഷിച്ചിട്ടേയില്ല. ചരിത്രത്താളുകളില്‍ തിളങ്ങുന്ന പ്രഖ്യാപനമായ് അത് കാലം കാത്തുവെച്ചു.

കാരുണ്യത്തിന്റെ സമഗ്രത

സസ്യലതാദികളോടും പക്ഷിമൃഗാദികളോടും കരുണയും തലോടലും ഉണ്ടാകണമെന്ന് തിരുനബി പഠിപ്പിക്കുന്നുണ്ട്. ചെടികളുടെ ഇലകള്‍ അലക്ഷ്യമായി കശക്കി എറിയുന്നത് അവിടുന്ന് വിലക്കി. പക്ഷിക്കുഞ്ഞിനെ തള്ളപ്പക്ഷിയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ച അനുചരനെ അദ്ദേഹം തടഞ്ഞു. അമിതമായ ജോലി ചെയ്യാന്‍ വളര്‍ത്തുന്ന മൃഗങ്ങളെ നിര്‍ബന്ധിക്കരുത്.

മിണ്ടാപ്രാണികളെ പട്ടിണിക്കിട്ടതിന്റെ പേരില്‍ സ്വര്‍ഗം നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥ ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കാന്‍ കഴിയും. പ്രകൃതി വിഭവങ്ങള്‍ പാഴാക്കാതെ, ദുരുപയോഗം ചെയ്യാതെ വരും തലമുറക്ക് കൈമാറാനുള്ള മനസ്സ് കാരുണ്യത്തിന്റേതാണ്. ഭൂമിയിലുള്ളതു മുഴുവനും നിങ്ങള്‍ക്കുവേണ്ടിയാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്(2-29).

വിധവകള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ദൈവമാര്‍ഗത്തില്‍ പോരാടുന്നവന് സമമാണ്. അല്ലെങ്കില്‍ രാത്രി നിന്ന് നമസ്‌കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെയാണ്.

മാനവരാശിക്കുവേണ്ടിയാണ് ഭൂമിയെ അവന്‍ സംവിധാനിച്ചിരിക്കുന്നത് (55-10). കാരുണ്യവാനായ അല്ലാഹു മനുഷ്യമക്കള്‍ക്ക് കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം എണ്ണമറ്റതാണ്. മറവി, പിഴവ് എന്നിവ കൊണ്ടുണ്ടാകുന്ന പാപങ്ങള്‍ കാരണം ഒരാളും ശിക്ഷിക്കപ്പെടുകയില്ലെന്ന് നബി(സ) സന്തോഷവാര്‍ത്ത അറിയിച്ചു. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുക. അവരെ അകറ്റരുത്. അതാണ് മതം ഉദ്‌ഘോഷിക്കുന്നത്.

കരുണാമയനായ രക്ഷിതാവ് പഠിപ്പിച്ച പ്രാര്‍ഥനകള്‍ വിശ്വാസികള്‍ക്ക് കരുത്തു പകരുന്നവയാണ്. ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നു പോവുകയോ തെറ്റ് പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ ചുമത്തരുതേ, നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ' (സൂറ അല്‍ ബഖറ 286).

കരുണയുടെ സാമൂഹിക തലങ്ങള്‍

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള കരുണാര്‍ദ്രമായ ഇടപെടലുകള്‍ പ്രവാചക സന്ദേശങ്ങളുടെ അകക്കാമ്പാണ്. അനാഥകള്‍, അഗതികള്‍, വിധവകള്‍, കടക്കെണിയിലകപ്പെട്ടവര്‍ എന്നിവരെല്ലാം സമൂഹത്തിന്റെ ആശ്രിതരാണ്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സകാത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തി അവരുടെ കണ്ണീരൊപ്പാന്‍ മതം ആവശ്യപ്പെടുന്നു.

അനാഥകളെ തള്ളിക്കളയുന്നവനും അഗതിക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും മതനിഷേധിയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അനാഥയെ നീ അടിച്ചമര്‍ത്തരുത്, ചോദിച്ചുവരുന്നവരെ നീ വിരട്ടി വിടുകയും അരുത് (93: 9-10). മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കണമെന്ന് ഖുര്‍ആന്‍ ഉപദേശിക്കുന്നു.

വിധവകള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ദൈവമാര്‍ഗത്തില്‍ പോരാടുന്നവന് സമമാണ്. അല്ലെങ്കില്‍ രാത്രി നിന്ന് നമസ്‌കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെയാണ് (ബുഖാരി). തന്റെ മകള്‍ ആയിശ(റ)യെ സംബന്ധിച്ച് അപവാദ പ്രചരണം നടത്തിയ മിസ്ത്വഹ്ബ്‌നു ഉസാസ(റ)ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അബൂബക്കര്‍ സിദ്ദീഖ് നിര്‍ത്തലാക്കിയ നടപടിയെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. പ്രസ്തുത വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ''അല്ലാഹു വളരെയേറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.''

കാരുണ്യത്തിന്റെ വര്‍ണ വൈവിധ്യങ്ങള്‍ ലോകജനതക്ക് നല്‍കിയ പ്രവാചകന്റെ ഏറ്റവും വലിയ മുഅ്ജിസത്ത് ഒരുവേള ഈ സൗഭാഗ്യമായിരിക്കാം. കരുണയുടെ ജീവിച്ചിരിക്കുന്ന മാതൃകകളാവാന്‍ ആ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.