അമിത താപം മൂലം ശാരീരിക- മാനസിക പ്രശ്‌നം മുതല്‍ ഉഷ്ണമേഖലാ രോഗങ്ങളുടെ വ്യാപനം വരെയുള്ളവയെ കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.
2021ല്‍ ദി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആഗോള സര്‍വേ പ്രകാരം ഒന്നിലധികം രാജ്യങ്ങളിലായി 16നും 25നും ഇടയില്‍ പ്രായമുള്ള 10,000ലധികം യുവാക്കളില്‍ 60 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും അതില്‍ തന്നെ പകുതിയോളം പേരുടെ ഉത്കണ്ഠ അവരുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അമിത താപം മൂലമുള്ള ശാരീരിക പ്രശ്‌നം മുതല്‍ ഉഷ്ണമേഖലാ രോഗങ്ങളുടെ വ്യാപനം വരെയുള്ളവയെ കുറിച്ച് ഗവേഷണങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് എങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാനസികാരോഗ്യ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
എന്നാല്‍ ഉയര്‍ന്നുവരുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളെ അതിജീവിച്ചവര്‍ PTSD, വിഷാദം, ഉറക്കക്കുറവ്, പഠന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ നേരിടുന്നുണ്ട് എന്നാണ്.
ഉദാഹരണത്തിന്, 2010ലെയും 2022ലെയും വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാകിസ്താനിലെ കുട്ടികളിലും കൗമാരക്കാരിലും ഉള്‍പ്പെട്ട മുക്കാല്‍ ഭാഗവും പഠന വെല്ലുവിളികള്‍ അനുഭവിച്ചിട്ടുണ്ട്. അടുത്തിടെ വടക്കന്‍ അമേരിക്കയില്‍ ഉണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളുടെ വര്‍ധനവിനെയാണ് അടിവരയിടുന്നത്.
യുവാക്കളില്‍ കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പലപ്പോഴും പരിഭ്രാന്തി, ഉറക്കമില്ലായ്മ, അമിതമായ ചിന്ത, നിരാശ എന്നിവയും പ്രത്യക്ഷപ്പെടുന്നു. വിദഗ്ധര്‍ വിളിക്കുന്ന 'തലമുറകള്‍ തമ്മിലുള്ള അനീതി'യോട് പോരാടുകയാണ് പുതിയ തലമുറ. അവരുടെ മുമ്പുള്ളവരുടെ തിരഞ്ഞെടുപ്പുകളുടെ അനന്തര ഫലങ്ങളാണ് അവര്‍ അനുഭവിക്കേണ്ടി വരുന്നത്.
ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് ആത്മീയവും പ്രായോഗികവുമായ ചട്ടക്കൂട് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. സംയമനം, പ്രത്യാശ, ഐക്യദാര്‍ഢ്യം എന്നിവയുടെ ധാര്‍മിക സംയോജനത്താലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.
അല്ലാഹു പറയുന്നു: ''ആളുകളുടെ കൈകള്‍ സമ്പാദിച്ചതിന്റെ ഫലമായി കരയിലും കടലിലും അഴിമതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവര്‍ ചെയ്തതിന്റെ ഒരു ഭാഗം അവര്‍ അനുഭവിക്കുക തന്നെ ചെയ്യും. ഒരുപക്ഷേ അവര്‍ മടങ്ങിവരും'' (30:41).
ഈ വാക്യം നിലവിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യന്റെ അമിതത്വത്തില്‍ നിന്ന് ഉടലെടുത്ത ഒരുതരം അഴിമതിയായി കണക്കാക്കാം. എന്നിരുന്നാലും വര്‍ധിച്ചുവരുന്ന തെളിവുകള്‍ക്കിടയിലും നിഷേധവാദം നിലനില്‍ക്കുന്നു.
അത്തരം പ്രതിസന്ധികള്‍ ഒരു അടയാളവും മുന്നറിയിപ്പുമാണെന്ന് ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ നാശം സംഭവിക്കുന്നതിനു മുമ്പ് മനുഷ്യരാശിയെ ഗതി മാറ്റാന്‍ പ്രേരിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
അമിത ഉപഭോഗം നിയന്ത്രിക്കണം
''സമൃദ്ധമായി ഒഴുകുന്ന ഒരു നദിയുടെ തീരത്താണെങ്കില്‍ പോലും വെള്ളം പാഴാക്കരുതെന്ന് പ്രവാചകന്‍(സ) നമ്മോട് പറഞ്ഞിട്ടുണ്ട്. സമൃദ്ധി അമിതമായി ഉപയോഗിക്കാനുള്ള ലൈസന്‍സല്ല. വിഭവങ്ങള്‍ പരിധിയില്ലാത്തതായി തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും നിയന്ത്രണം വിശ്വാസത്തിന്റെ ഭാഗമാണ്.
ലോകത്തെ സമ്പന്നമായ ഭാഗങ്ങളില്‍ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ ഹദീസ് നമ്മുടെ ഉപഭോഗത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. നിയന്ത്രണം പോലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അല്ലാഹുവിന്റെ മുമ്പാകെ എല്ലാത്തിനും ഉത്തരവാദിത്തം ഏല്‍ക്കേണ്ടതുണ്ട് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ടും ഇതേ തത്വമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്: ''ആദമിന്റെ സന്തതികളേ, എല്ലാ പള്ളികളിലും നിങ്ങളുടെ അലങ്കാരങ്ങള്‍ ധരിക്കുക, തിന്നുക, കുടിക്കുക, എന്നാല്‍ അമിതമാകരുത്. തീര്‍ച്ചയായും അമിതമാക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല'' (7:31).
അതുപോലെ, സാമ്പത്തിക കാര്യങ്ങളില്‍ അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരന്മാരാണ്. പിശാച് തന്റെ രക്ഷിതാവിനോട് നന്ദികെട്ടവനായിരിക്കുന്നു'' (17:27). ഏതൊരു രൂപത്തിലുമുള്ള അമിത ഉപഭോഗവും ബുദ്ധിശൂന്യത മാത്രമല്ല, മറിച്ച് ആത്മീയമായി കുറ്റപ്പെടുത്തേണ്ടതാണെന്ന് ഈ ആയത്തുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ആധുനിക ഭക്ഷ്യ സംവിധാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ചട്ടക്കൂട് നമ്മള്‍ ഭേദിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണകാര്യത്തില്‍ ധൂര്‍ത്തടിക്കുന്ന പഠനങ്ങള്‍ സമ്പന്ന സമൂഹങ്ങളുടെ ദൈനംദിന തിരഞ്ഞെടുപ്പുകള്‍ പരിസ്ഥിതിയെ അനുപാതമില്ലാത്ത തരത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ എടുത്തുകാണിക്കുന്നു.
എന്തെങ്കിലും പ്രാപ്യമാണെന്നതുകൊണ്ട് അത് സൗജന്യമാണെന്ന് അര്‍ഥമാക്കുന്നില്ലെന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്.
ഭക്ഷണ ഉപഭോഗത്തില്‍ മിതത്വം പാലിക്കാനുള്ള ആഹ്വാനം ഒരു ആത്മീയ സംരക്ഷണം മാത്രമല്ല, സൃഷ്ടിയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രായോഗിക ആവശ്യകതയുമാണ്. അലിയ്യുബ്‌നു അബൂത്വാലിബ്(റ) ഒരിക്കല്‍ പറഞ്ഞു: ''പര്യാപ്തതയ്ക്ക് മുകളിലുള്ളത് ഇസ്‌റാഫ് (അമിതവ്യയം) ആണ്.''
നിയന്ത്രണം എന്നത് ഇല്ലായ്മയെക്കുറിച്ചല്ല, മറിച്ച് ആവശ്യത്തിനും ആര്‍ഭാടത്തിനും ഇടയിലുള്ള അതിര്‍ത്തി തിരിച്ചറിയുന്നതിനെ കുറിച്ചാണെന്ന് കാണിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍. പരിധി അറിഞ്ഞ് ജീവിക്കുന്നത് കൃതജ്ഞതയെ വളര്‍ത്തുന്നു, മാലിന്യം കുറയ്ക്കുന്നു, കൂടാതെ ഖുര്‍ആനിന്റെ സന്തുലിതാവസ്ഥയുടെ നൈതികതയുമായി പൊരുത്തപ്പെടുന്നു.
എന്തെങ്കിലും പ്രാപ്യമാണെന്നതുകൊണ്ട് അത് സൗജന്യമാണെന്ന് അര്‍ഥമാക്കുന്നില്ലെന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിനും വെള്ളത്തിനും ബാധകമായ അതേ നിയന്ത്രണം ആധുനിക സാങ്കേതികവിദ്യകള്‍ക്കുമുണ്ട്. ഉദാഹരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ് മുന്നോട്ടുവെക്കുന്നത്.
കാരണം ഡാറ്റാ സെന്ററുകള്‍ക്ക് വലിയ അളവില്‍ ഊര്‍ജവും വെള്ളവും ആവശ്യമാണ്. ഇതിനര്‍ഥം കൂടുതല്‍ ഉപഭോഗം ചെയ്യാനുള്ള ഓരോ തിരഞ്ഞെടുപ്പും ഡിജിറ്റലായി പോലും അനന്തര ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്.
ലഭ്യതയിലെ സമൃദ്ധി ഒരിക്കലും കാര്യനിര്‍വഹണത്തിലെ ഉത്തരവാദിത്തം മറക്കാന്‍ നമ്മെ പ്രേരിപ്പിക്കരുത്. നിയന്ത്രണം അത്യാവശ്യമാണ്; പക്ഷേ അത് ഒരു പ്രാരംഭ ഘട്ടം മാത്രമാണ്. നമ്മള്‍ യഥാര്‍ഥത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്?
(അവസാനിക്കുന്നില്ല)
വിവ. അഫീഫ ഷെറിന്‍
