ലോകം അവസാനിക്കുമ്പോള്‍ എന്തിനാണ് ഒരു മരം നടുന്നത്? ഇവിടെ പ്രവാചകന്‍ കൂടുതല്‍ ആഴത്തിലുള്ള മഹാ തത്വം പഠിപ്പിക്കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനകാലത്തെ ഏറ്റവും ആശ്വാസകരമായ പ്രവാചക മാര്‍ഗനിര്‍ദേശം ഈ ഹദീസാണ്: ''നിങ്ങളുടെ കൈയില്‍ ഒരു തൈയുള്ളപ്പോള്‍ അവസാന സമയം അടുത്താല്‍, അത് വരുന്നതിനു മുമ്പ് നിങ്ങള്‍ക്ക് നടാന്‍ കഴിയുമെങ്കില്‍ അത് നടുക.'' ഒറ്റനോട്ടത്തില്‍ ഇത് യുക്തിരഹിതമാണെന്ന് തോന്നും.
ലോകം അവസാനിക്കുമ്പോള്‍ എന്തിനാണ് ഒരു മരം നടുന്നത്? എന്നാല്‍ പ്രവാചകന്‍ കൂടുതല്‍ ആഴത്തിലുള്ള ഒരു തത്വം പഠിപ്പിക്കുകയായിരുന്നു. വിശ്വാസികള്‍ ഒരിക്കലും വ്യര്‍ഥതയെക്കുറിച്ചുള്ള ഭയപ്പാടോടെ ഇരിക്കരുത്. ആത്യന്തിക നാശത്തെ അഭിമുഖീകരിക്കുമ്പോഴും, അല്ലാഹുവിനു വേണ്ടിയുള്ള നന്മയില്‍ വേരൂന്നിയ പ്രവൃത്തി അതിന്റെ മൂല്യം നിലനിര്‍ത്തുന്നു.
കാലാവസ്ഥാ വ്യതിയാന ഉത്കണ്ഠയെ (CCA) സംബന്ധിച്ച ആധുനിക ഗവേഷണങ്ങളുമായി ഈ പാഠം യോജിക്കുന്നുണ്ട്. യുഎസിലെ വളര്‍ന്നുവരുന്ന മുതിര്‍ന്നവരെക്കുറിച്ചുള്ള ഒരു സമീപകാല മിക്‌സഡ്-മെത്തേഡ്‌സ് പഠനത്തില്‍, കാലാവസ്ഥാ ഉത്കണ്ഠ General anxiety diosrder (GAD), Major depressive disorder (MDD) എന്നിവയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.
എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് Climate Change Anxiety (CAA)യെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു എന്നും പഠനം കണ്ടെത്തി. നേരെമറിച്ച്, വ്യക്തിഗത പ്രവര്‍ത്തനം പലപ്പോഴും നിസ്സാരമായി തോന്നുകയും ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
ഖുര്‍ആന്‍ കൂട്ടായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്: ''നീതിയിലും ഭക്തിയിലും സഹകരിക്കുക, എന്നാല്‍ പാപത്തിലും ആക്രമണത്തിലും സഹകരിക്കരുത്'' (5:2). കാലാവസ്ഥാ ഉത്കണ്ഠയെ അഭിമുഖീകരിക്കുമ്പോള്‍, ശക്തി ഐക്യദാര്‍ഢ്യത്തില്‍ നിന്നാണ് വരുന്നതെന്ന് ഈ വാക്യം നമ്മെ ഓര്‍മിപ്പിക്കുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഹൃദയങ്ങളെ ശക്തിപ്പെടുത്തുന്നു. നിരാശയ്ക്ക് ഇന്ധനമാകുന്ന ഒറ്റപ്പെടലിനെ കുറയ്ക്കുന്നു.
തൈ നടുന്നതിനെക്കുറിച്ചുള്ള ഹദീസ് ഈ ചലനാത്മകതയെ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നു. ഒരു മരം നടുന്നത് ഒറ്റപ്പെട്ട ഒരു പ്രവൃത്തിയല്ല. അതിന്റെ ഗുണങ്ങള്‍ ഒരാള്‍ക്കോ മനുഷ്യര്‍ക്ക് മാത്രമായോ പരിമിതപ്പെടുന്നില്ല. ഒരാള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ആവാസവ്യവസ്ഥകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും അത് ഗുണം ചെയ്യും. നമുക്കപ്പുറത്തേക്ക് വ്യാപിക്കുന്ന തുടര്‍ച്ചയുടെ ഒരു ദര്‍ശനം ഇത് ഉള്‍ക്കൊള്ളുന്നു.
ഒരു ചെറിയ പ്രവൃത്തി സമൂഹം കെട്ടിപ്പടുക്കാനും നിരാശയ്ക്ക് ഒരു പ്രതിവിധി നല്‍കാനും സഹായിക്കുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ അര്‍ഥത്തില്‍ നടീല്‍ അക്ഷരാര്‍ഥത്തിലും പ്രതീകാത്മകമായും സംഭവിക്കുന്നു. നമ്മള്‍ നന്മയുടെ പ്രവൃത്തികള്‍ നടുന്നു. അതിന്റെ ഫലം നമ്മള്‍ പോയി വളരെക്കാലം കഴിഞ്ഞ് കൊയ്യാന്‍ കഴിയും. പ്രധാനമായി, സാഹചര്യം നിരാശാജനകമാണെന്ന് തോന്നുമ്പോഴും (അതായത്, ലോകാവസാനം) ആ പ്രവൃത്തിക്ക് അല്ലാഹുവിന്റെ മുമ്പാകെ പുണ്യമുണ്ട്.
മറ്റൊരു വിവരണത്തില്‍ പ്രവാചകന്‍(സ) ഇത് ഊന്നിപ്പറഞ്ഞു: ''ഒരു മുസ്‌ലിം ഒരു മരം നടുകയോ ഒരു വിത്ത് വിതയ്ക്കുകയോ ചെയ്താല്‍ അത് ഒരു പക്ഷിയോ മനുഷ്യനോ മൃഗമോ തിന്നുന്നത് അവന് ഒരു ദാനധര്‍മമാണ്.'' ഈ ഹദീസിലൂടെ, ഒരു വിത്തിന്റെ ഗുണങ്ങള്‍ എണ്ണമറ്റ ദിശകളിലേക്ക് വ്യാപിക്കുകയും, നടീല്‍ വളരെക്കാലം കഴിഞ്ഞ് ദാനധര്‍മത്തിന്റെയും പ്രതിഫലത്തിന്റെയും ഉറവിടമായി മാറുകയും ചെയ്യുന്നുവെന്ന് പ്രവാചകന്‍(സ) നമുക്ക് കാണിച്ചുതരുന്നു. വിശ്വാസിയുടെ നന്മയ്ക്കാണ് വൃക്ഷം സാക്ഷ്യം വഹിക്കുന്നത്.
''ഒരു നല്ല പ്രവൃത്തിയെയും, അത് നിങ്ങളുടെ സഹോദരനെ കണ്ടുമുട്ടുമ്പോഴുള്ള പുഞ്ചിരിയാണെങ്കില്‍ പോലും നിസ്സാരമായി കാണരുത്'' എന്ന് പറഞ്ഞുകൊണ്ട് പ്രവാചകന്‍ ഈ ധാര്‍മികതയെ ശക്തിപ്പെടുത്തി. ഒരു പ്രവൃത്തിയും പ്രാധാന്യമില്ലാത്തത്ര ചെറുതല്ല. ഒരു വിത്ത് നടുന്നത്, മാലിന്യം കുറയ്ക്കുന്നത്, കാലാവസ്ഥാ നീതിക്കായി വാദിക്കുന്നത് തുടങ്ങി അല്ലാഹുവിനു വേണ്ടി ചെയ്യുന്ന ഓരോ സംഭാവനയും ലൗകികമായി നിസ്സാരമായി തോന്നിയാലും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ അര്‍ഥവത്താണ്.
കാര്യനിര്‍വഹണവും ഐക്യദാര്‍ഢ്യവും
വയലുകള്‍ കത്തിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, വിഷമയമായ ജലസംവിധാനങ്ങള്‍, കൂട്ട കുടിയിറക്കം, യുദ്ധങ്ങള്‍ എന്നിവയിലൂടെ പരിസ്ഥിതി നാശം വര്‍ധിപ്പിക്കുന്നു. ഗസ്സയിലെയും സുഡാനിലെയും നമ്മുടെ സഹോദരങ്ങള്‍ യുദ്ധത്തിന്റെ കെടുതികള്‍ മാത്രമല്ല പാരിസ്ഥിതിക നാശം കൂടി അനുഭവിക്കുന്നുണ്ട്.
ഇത്തരമൊരവസ്ഥ നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. വിദൂര ദേശങ്ങളിലാണ് ഈ സംഘര്‍ഷങ്ങള്‍ സംഭവിക്കുന്നത് എങ്കിലും അവയുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ ദേശീയ അതിര്‍ത്തികളെ മാനിക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
കൃഷിഭൂമിയുടെ നാശം, ജലമലിനീകരണം, അന്തരീക്ഷത്തിലേക്ക് വിഷവസ്തുക്കള്‍ പുറന്തള്ളല്‍ എന്നിവയെല്ലാം ആഗോള പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നു. ഇതിനര്‍ഥം അലംഭാവം പാടില്ല എന്നു തന്നെയാണ്. ഈ പ്രതിസന്ധികളില്‍ നിന്ന് പിന്തിരിയുക എന്നതിനര്‍ഥം അവയുടെ അനന്തര ഫലങ്ങള്‍ ഗ്രഹത്തില്‍ ഉടനീളം പ്രതിധ്വനിക്കുകയും നമ്മെയെല്ലാം ബാധിക്കുന്ന കാലാവസ്ഥാ ഉത്കണ്ഠകള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു എന്നതാണ്.
കാലാവസ്ഥാ ഉത്കണ്ഠയെ നേരിടുന്നതിനുള്ള ഒരു പദാവലിയും ഒരു മാര്‍ഗരേഖയും പ്രവാചക പാരമ്പര്യം നമുക്ക് നല്‍കുന്നു.
വിശ്വാസികളെ ഭൂമിയുടെ പരിപാലകരായി ചിത്രീകരിക്കുന്നു: ''അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്‍ഗാമികളാക്കിയത്, നിങ്ങളില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന പദവികള്‍ അവന്‍ നല്‍കിയത് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്'' (6:165). പ്രവാചകന്‍ പറയുന്നു: ''ആരുടെ നാവില്‍ നിന്നും കൈയില്‍ നിന്നും ആളുകള്‍ സുരക്ഷിതരാണോ അവനാണ് മുസ്‌ലിം. ആളുകള്‍ അവരുടെ ജീവിതത്തെയും സമ്പത്തിനെയും തൊട്ട് ആരുടെ മേലാണോ വിശ്വസിക്കുന്നത് അവനാണ് വിശ്വാസി.''
ഭൂമിയുടെ മേലുള്ള മേല്‍നോട്ടവും മനുഷ്യരുടെ മേലുള്ള മേല്‍നോട്ടവും ഒന്നുതന്നെയാണ്. പരിസ്ഥിതി സംരക്ഷണം എന്നത് മണ്ണ്, ജലം, വായു എന്നിവയുടെ സംരക്ഷണം മാത്രമല്ല, ഭൂമിയില്‍ വസിക്കുന്നവരുടെ ജീവനും അന്തസ്സും ഭാവിയും സംരക്ഷിക്കുക എന്നതുകൂടിയാണ്. ഒന്നിനെ അവഗണിക്കുന്നത് മറ്റൊന്നിനെ അവഗണിക്കുന്നതിന് തുല്യമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലെ ഐക്യദാര്‍ഢ്യം എന്നാല്‍ പരിസ്ഥിതി കാര്യനിര്‍വഹണത്തോടുള്ള നമ്മുടെ ആശങ്കയെ, അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് നീതി നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയുമായി ബന്ധിപ്പിക്കുക എന്നതാണ്. ഭൂമിക്കും അതിലെ ജനങ്ങള്‍ക്കും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഉത്തരവാദിത്വം പൂര്‍ണമാകൂ.
ഉത്കണ്ഠയുടെ കാലത്തെ പ്രവാചക പ്രത്യാശ
കാലാവസ്ഥാ ഉത്കണ്ഠ യഥാര്‍ഥമാണ്. യുവാക്കളില്‍ അതിന്റെ സ്വാധീനം ആഴമേറിയതാണ്. എന്നിരുന്നാലും, പ്രവാചക പാരമ്പര്യം അതിനെ നേരിടുന്നതിനുള്ള ഒരു പദാവലിയും ഒരു മാര്‍ഗരേഖയും നമുക്ക് നല്‍കുന്നു. സമൃദ്ധമായ സംയമനം, പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ, അനീതിയെ നേരിടുന്നതിലെ ഐക്യദാര്‍ഢ്യം, അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ള വിശ്വാസം എന്നിവയാണവ.
നമ്മുടെ കൈകളിലെ തൈ ചെറുതായി തോന്നാം, പക്ഷേ, അത് വരും തലമുറകള്‍ക്ക് തണലിന്റെയും നിലനില്‍പിന്റെയും നവീകരണത്തിന്റെയും വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പാരിസ്ഥിതിക ധാര്‍മികത മാത്രമല്ല, ഒരു ആത്മീയ പാതയാണ്. ഉത്കണ്ഠയെ പ്രത്യാശയായും ഒരു ചെടിയെ ജീവവൃക്ഷമായും മാറ്റുന്ന ഒന്ന്.
വിവ. അഫീഫ ഷെറിന്‍
ആദ്യഭാഗം: കാലാവസ്ഥാ വ്യതിയാനം; മനുഷ്യന്റെ അമിതത്വത്തില്‍ നിന്ന് ഉടലെടുത്ത അഴിമതി
