വ്യാജങ്ങള്‍ വീണ്ടും വീണ്ടും തുറന്നുവിട്ട് പൊതുബോധത്തെ മാറ്റിയെഴുതി ജനാധിപത്യത്തെ അട്ടിമറിച്ച് ഫാസിസ്റ്റുകള്‍ അധികാരമുറപ്പിക്കുകയാണ്.
ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപറിനും സിദ്ധാര്‍ഥ് വരദരാജനും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗുവാഹത്തി ക്രൈംബ്രാഞ്ച് സമന്‍സ് അയച്ച ഒരു സന്ദര്‍ഭത്തിലാണ് ഹിന്ദുത്വ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. 'ദി വയര്‍' എന്ന സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സ്ഥാപക പത്രാധിപരാണ് സിദ്ധാര്‍ഥ് വരദരാജന്‍.
രാജ്യത്തെ ഏറ്റവും നിര്‍ഭയനായ പത്രപ്രവര്‍ത്തകനാണ് കരണ്‍ ഥാപര്‍. ഭാരതീയ ന്യായസംഹിത (BNS) സെക്ഷന്‍ 152, 196, 197 (11) (D)/3(6), 353, 45 പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് അസം പോലീസ് കുറ്റം ചുമത്തിയത്. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
നരേന്ദ്ര മോദി ഇന്നും ഓര്‍മിക്കാന്‍ ഭയപ്പെടുന്ന ഇന്റര്‍വ്യൂ നടത്തി മോദിയെ വെള്ളം കുടിപ്പിച്ച ആളാണ് കരണ്‍ ഥാപര്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിന്റെ സൈനിക വിമാനങ്ങള്‍ നഷ്ടമായെന്ന സൈനിക മേധാവിയുടെ പ്രസ്താവന വളച്ചുകെട്ടില്ലാതെ റിപോര്‍ട്ട് ചെയ്ത 'ദി വയറി'ന്റെ എഡിറ്ററാണ് സിദ്ധാര്‍ഥ് വരദരാജന്‍.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇറങ്ങിയ Gujarath: The Making of a Tragedy എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയാണ് സിദ്ധാര്‍ഥ് വരദരാജന്‍. അപ്പോള്‍ പിന്നെ രാജ്യദ്രോഹക്കുറ്റം വന്ന വഴി അന്വേഷിക്കുകയെന്നത് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും പ്രസക്തമല്ല തന്നെ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ഉണ്ടായതിന്റെ പതിന്മടങ്ങ് മാറ്റങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് രാജ്യത്തെ മാധ്യമമേഖലയില്‍ ഉണ്ടായത്.
വര്‍ത്തമാനകാലത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് മാധ്യമപ്രവര്‍ത്തനമെന്നത് അവഗണിച്ച് വ്യാജ ചരിത്രമെഴുത്തിനും വ്യാജ മുന്‍ധാരണകള്‍ രൂപപ്പെടുത്തലിനുമുള്ള ഉപകരണമായി മാറിയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. പൊതുബോധ വ്യവഹാരത്തില്‍, പൊതുബോധം രൂപപ്പെടുത്തുന്നതില്‍ അസത്യത്തിനും അബദ്ധങ്ങള്‍ക്കും ബോധപൂര്‍വം സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും വ്യാജങ്ങള്‍ക്കുമായാണ് മാധ്യമപ്രവര്‍ത്തനം പരിണമിച്ചിരിക്കുന്നത്.
സത്യാനന്തരകാലത്തെ ഇന്ത്യയില്‍ സത്യവും അസത്യവും വേര്‍തിരിച്ചറിയാത്ത വിധം വ്യാജങ്ങളുടെ കുത്തൊഴുക്കാണ് മാധ്യമങ്ങളില്‍. സത്യത്തെക്കാള്‍ ആയിരം മടങ്ങ് വേഗതയിലാണ് അസത്യം പ്രചരിക്കുന്നത്. നുണകളുടെ പ്രളയത്തില്‍ സത്യത്തെ കണ്ടെത്തുക വെല്ലുവിളി നിറഞ്ഞതായിരിക്കുന്നു.
 നീതിയുടെ പക്ഷം ചേര്‍ന്നുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമല്ലാത്ത വിധം കോര്‍പറേറ്റുകളുടെ മൂലധനത്തിന്റെ അടിത്തറയിലാണ് ഇന്ന് മാധ്യമങ്ങളുടെ നിലനില്‍പ്. രാജ്യത്തെ 400-ഓളം വരുന്ന വാര്‍ത്താ ചാനലുകള്‍ കോര്‍പറേറ്റുകള്‍ കൈയടക്കിക്കഴിഞ്ഞു.
സ്ഥാപകനായ പ്രണയ് റോയ് പോലും അറിയാതെ രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ 'എന്‍ഡിടിവി' അദാനിയുടെ കൈകളിലെത്തി. 2003-2004 കാലത്ത് സ്ഥാപിതമായ രാജീവ് സര്‍ദേശായിയുടെ 'സിഎന്‍എന്‍ ഐബിഎന്‍' ചാനലിപ്പോള്‍ 'ന്യൂസ് 18' ആയി റിലയന്‍സ് കൈയിലാക്കി. 2014നു ശേഷം ഒട്ടേറെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ധാര്‍മികത കാത്തുസൂക്ഷിക്കാന്‍ കഴിയാതെ രംഗം കാലിയാക്കി.
രവീഷ് കുമാര്‍, ബര്‍ഖാ ദത്ത്, റാണ അയ്യൂബ്, ശ്രീനിവാസ് തുടങ്ങിയ പ്രമുഖര്‍ അക്കൂട്ടത്തിലുണ്ട്. കോര്‍പറേറ്റ്-ഭരണകൂട കൂട്ടുകെട്ടിന്റെ താല്‍പര്യ സംരക്ഷണത്തിനുള്ള ഉപകരണമായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞതോടെ മാധ്യമങ്ങളുടെ ബിസിനസ് അജണ്ടകള്‍ തിരുത്തിയെഴുതപ്പെട്ടു.
വ്യാജങ്ങള്‍ തുറന്നുവിട്ട് പൊതുബോധത്തെ മാറ്റിയെഴുതി ജനാധിപത്യത്തെ അട്ടിമറിച്ച് ഫാസിസ്റ്റുകള്‍ അധികാരമുറപ്പിച്ചു. പൊതുമേഖലാ മാധ്യമ സംരംഭമായ 'ദൂരദര്‍ശനെ' പോലും രാഷ്ട്രീയവത്കരിച്ചു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാധ്യമങ്ങളുടെ ഡെസ്‌കുകള്‍ രൂപം കൊണ്ടു.
കോവിഡ് കാലത്ത് രാഹുല്‍ ഗാന്ധി നല്‍കിയ മുന്നറിയിപ്പുകള്‍ മറച്ചുവെക്കാന്‍ മോദിയുടെ 'മയിലിനു തീറ്റ കൊടുക്കലി'ന് വന്‍ കവറേജ് നല്‍കി. മോദി സര്‍ക്കാരിന്റെ തെറ്റായ നടപടി കാരണം കോവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ ദുരന്തപൂര്‍ണമായ പലായനം മറച്ചുവെക്കാന്‍ 'തബ്‌ലീഗ് കോവിഡെ'ന്ന വ്യാജങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞാടി. ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടവും സംഘ്പരിവാറും ഉല്‍പാദിപ്പിക്കുന്ന വെറുപ്പ് മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന കേന്ദ്രങ്ങളായി കോര്‍പറേറ്റ് മൂലധന മാധ്യമങ്ങള്‍ മാറി. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതില്‍ നുണഫാക്ടറികളായി വര്‍ത്തിച്ചു മാധ്യമങ്ങള്‍.
കോര്‍പറേറ്റുകള്‍ കൈയടക്കിയ മാധ്യമങ്ങള്‍ക്ക് രാജ്യത്തോടോ സമൂഹത്തോടോ യാതൊരു കടപ്പാടുമില്ലാതായി. പകരം ഭരണകൂടത്തിന്റെ വേട്ടനായ്ക്കളായി മാറി. ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹക്കുറ്റത്തിന് വഴിമാറിക്കൊടുക്കേണ്ട ഗതികേടിലായി.
എതിര്‍ശബ്ദങ്ങളെ, ജനാധിപത്യത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്നവരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നിശ്ശബ്ദമാക്കുന്നതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലാതായി. വംശീയത തലയ്ക്കു പിടിച്ച് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നതിനെതിരെ പ്രതികരിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും നിരന്തരമായി വേട്ടയാടുന്നു.
സുപ്രീം കോടതി റദ്ദു ചെയ്ത ഐപിസി 124, ബിഎന്‍എസ് 152 ആയി പുനരവതരിച്ച് രാജ്യദ്രോഹ ചാപ്പ കുത്തി മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നു. 2014നു ശേഷം 2021 വരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളില്‍ 65% ആണ് വര്‍ധനവുണ്ടായത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരിലുള്ള കൈയേറ്റങ്ങളും ആക്രമണങ്ങളും പതിന്‍മടങ്ങ് വര്‍ധിച്ചു. 16 പേര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും 28 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യുപിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നു. ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ക്രൂരമായി കൊന്ന് കത്തിച്ചുകളഞ്ഞ കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോയെന്ന ഒറ്റക്കാരണത്താല്‍ മലയാളിയായ സിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാക്കി ജയിലില്‍ അടച്ചു.
2020ല്‍ ഡല്‍ഹി കലാപം റിപോര്‍ട്ട് ചെയ്തു എന്നതിന്റെ പേരില്‍ മാത്രം 'ഏഷ്യാനെറ്റ് ന്യൂസി'നും 'മീഡിയാവണ്‍' ചാനലിനും യാതൊരു കാരണവും കൂടാതെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി. അതിന്റെ തുടര്‍ച്ചയെന്നോണം തന്നെയാണ് ഇപ്പോള്‍ കരണ്‍ ഥാപര്‍, സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് എടുത്തിരിക്കുന്നത്.
ഭരണകൂടം ഇച്ഛിക്കുന്നത് മാത്രമേ എഴുതാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന ശാഠ്യവുമായി നടക്കുന്ന സംഘ്പരിവാരങ്ങള്‍ സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരമായി സൈബര്‍ ആക്രമണം നടത്തുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രംഗം വിട്ടുകൊണ്ടിരിക്കുകയാണ്. പുലിറ്റ്‌സര്‍ പ്രൈസ് ജേതാവ് ദാനിഷ് സിദ്ദീഖി എന്ന പ്രമുഖനായ പത്രപ്രവര്‍ത്തകന്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ ഇനിയും വെളിച്ചം കണ്ടിട്ടില്ല.
ജേണലിസം ഘടനാപരമായും ആശയപരമായും ജനിതകപരമയും ആക്ടിവിസത്തില്‍ അധിഷ്ഠിതമാണ്. അനീതിക്കും അഴിമതിക്കുമെതിരില്‍ പടവാളായി മാറുന്ന ജേണലിസ ആക്ടിവിസത്തെ മോദിഫൈഡ് ഇന്ത്യയില്‍ മൂലധന ശക്തികളും ഹിന്ദുത്വ ഭരണകൂടവും ഒത്തുചേര്‍ന്ന് സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുകയാണ്. മൂലധനം മാധ്യമങ്ങളുടെ കണ്ടന്റും ഡെസ്‌കും നിശ്ചയിക്കുന്നേടത്ത് മാധ്യമരംഗം അധഃപതിച്ചു.
നിരന്തരം മാധ്യമവേട്ട നടക്കുന്ന നിലവിലുള്ള സാഹചര്യത്തില്‍ മൂലധന ശക്തികളെ വെല്ലുവിളിച്ച് സത്യം ഉറക്കെ വിളിച്ചുപറയാന്‍ ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് ഹിന്ദുത്വ ഇന്ത്യയില്‍ സാധ്യതകള്‍ ഉള്ളത്. ചതിയിലൂടെ ഓഹരികള്‍ കൈവശപ്പെടുത്തി എന്‍ഡിടിവി അദാനി കൈയടക്കിയപ്പോള്‍ സ്ഥാപകരായ പ്രണയ് റോയിയും രാധിക റോയിയും എന്‍ഡിടിവിയില്‍ നിന്ന് പടിയിറങ്ങി. അക്കൂട്ടത്തില്‍ 1994 മുതല്‍ 2022 വരെ 28 വര്‍ഷം എന്‍ഡിടിവിയില്‍ ജോലി ചെയ്ത പ്രമുഖ ഹിന്ദി ടെലിവിഷന്‍ ജേണലിസ്റ്റായ രവീഷ് കുമാറും എന്‍ഡിടിവി വിട്ടു.
വേള്‍ഡ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 180 രാഷ്ട്രങ്ങളില്‍ നിലവില്‍ 151-ാം സ്ഥാനത്തിരിക്കുന്ന ഇന്ത്യ അതിനെയും മറികടന്ന് മാധ്യമവേട്ടയില്‍ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ അധിക കാലം വേണ്ടിവരില്ലെന്നതാണ് ഹിന്ദുത്വ ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്.
എന്നാല്‍ രവീഷ് കുമാര്‍ അടങ്ങിയിരുന്നില്ല. ഭരണകൂട-മുതലാളിത്ത-ഹിന്ദുത്വരാഷ്ട്രീയ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചുകൊണ്ട് 'രവീഷ് കുമാര്‍ ഒഫീഷ്യല്‍' എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. രവീഷ് കുമാര്‍ ഒഫീഷ്യല്‍ 9.26 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണിന്ന്.
'ദി വയര്‍', 'കാരവന്‍' പോലുള്ള നൂറുകണക്കിന് യൂട്യൂബ് ചാനലുകള്‍ നിലവില്‍ ഉത്തരേന്ത്യയില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നുണഫാക്ടറികളിലെ വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കിയതിന്റെ ഫലമാണ് ഉത്തരേന്ത്യയില്‍ സമീപകാലത്ത് ഉണ്ടായ ഹിന്ദുത്വ ഫാസിസത്തിനെതിരായ മുന്നേറ്റം.
2024ലെ തിരഞ്ഞെടുപ്പുകാലത്ത് ഉത്തരേന്ത്യയില്‍ ആഞ്ഞുവീശിയ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന് ഒരു വലിയ പങ്കുവഹിച്ചത് ഓണ്‍ലൈ ന്‍ ചാനലുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ളയ്ക്ക് കൂട്ടുനിന്നില്ലായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് റിസല്‍ട്ട് മറിച്ചാകുമായിരുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബിജെപിയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം. കേവല മൂലധന ശക്തികളെ കൂട്ടുപിടിച്ചതുകൊണ്ട് മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കുക സാധ്യമല്ലെന്നതിനാലാണ് രാജ്യദ്രോഹമെന്ന കുറ്റം ചുമത്തി വായടപ്പിക്കാനുള്ള ശ്രമം.
അസമിലെ ഹിമന്ത ശര്‍മയെന്ന നിയോ ഫാസിസ്റ്റ് കരണ്‍ ഥാപറിനും സിദ്ധാര്‍ഥ് വരദരാജനും ഇപ്പോള്‍ സമന്‍സ് അയച്ചതില്‍ വ്യക്തമായ ഭീഷണിയുണ്ട്. ഭരണകൂടത്തിന്റെ നെറികേടുകളെ വിമര്‍ശിച്ചാല്‍ എത്ര വലിയ മാധ്യമപ്രവര്‍ത്തകനാണെങ്കിലും ജയിലില്‍ അടച്ച് നിശ്ശബ്ദമാക്കുമെന്ന ഭീഷണി.
വേള്‍ഡ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 180 രാഷ്ട്രങ്ങളില്‍ നിലവില്‍ 151-ാം സ്ഥാനത്തിരിക്കുന്ന ഇന്ത്യ അതിനെയും മറികടന്ന് മാധ്യമവേട്ടയില്‍ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ അധിക കാലം വേണ്ടിവരില്ലെന്നതാണ് ഹിന്ദുത്വ ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്.
