വെള്ളിയാഴ്ച പൊതുജനങ്ങള്‍ പള്ളിയില്‍ സമ്മേളിക്കുന്നതിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജുമുഅഃ ഖുത്ബ ശ്രദ്ധിക്കുകയും അതില്‍ നിന്ന് മതവിജ്ഞാനവും ദൈവബോധനവും നേടുക എന്നതുമാകുന്നു. ഖതീബുമാര്‍ക്ക് അക്കാര്യത്തില്‍ നല്ല ബോധ്യമുണ്ടാകണം.
ജുമുഅഃ എന്നാല്‍ കൂട്ടം, സമ്മേളനം എന്നൊക്കെയാണ് അര്‍ഥം. യൗമുല്‍ ജുമുഅഃ അഥവാ വെള്ളിയാഴ്ച ദിവസം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരേയൊരു ദിനമാണ്. ഈ സുദിനത്തിലെ സുപ്രധാനമായ ആരാധനയാണ് ജുമുഅഃ നമസ്‌കാരവും ഖുത്ബയും.
ഓരോ പ്രദേശത്തെയും മുസ്‌ലിംകള്‍ വെള്ളിയാഴ്ച ദിവസം ളുഹ്‌റിന്റെ സമയത്ത് പള്ളിയില്‍ ഒരുമിച്ചുകൂടും. ഖതീബ് അവര്‍ക്ക് അതത് കാലത്തിനും സാഹചര്യത്തിനും അനുസൃതമായ ഉദ്‌ബോധനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ജുമുഅഃ.
''നബി(സ) നിന്നുകൊണ്ടാണ് ഖുത്ബ നിര്‍വഹിച്ചിരുന്നത്. എന്നിട്ട് ഇരിക്കും. വീണ്ടും എഴുന്നേറ്റു നിന്ന് പ്രസംഗിക്കും'' (അഹ്മദ്). നബി(സ)യുടെ നമസ്‌കാരവും ഖുത്ബയും നന്നേ ചുരുങ്ങിയതോ ദീര്‍ഘിച്ചതോ ആയിരുന്നില്ല. അറഫയിലെ സംഗമത്തിനു ശേഷം ഏറ്റവും പ്രധാനപ്പെട്ടതാണ് ജുമുഅഃ ദിവസത്തെ സംഗമമെന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം സാദുല്‍ മആദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
''വെള്ളിയാഴ്ച ആരാധനയ്ക്കുള്ള ദിവസമാകുന്നു. ആഴ്ചയില്‍ വെള്ളിയാഴ്ചക്കുള്ള സ്ഥാനം മാസങ്ങളില്‍ റമദാനിനുള്ള സ്ഥാനവും, വെള്ളിയാഴ്ചയിലെ പ്രാര്‍ഥനയ്ക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമദാനിലെ ലൈലത്തുല്‍ ഖദ്‌റിനുള്ള സ്ഥാനവുമാകുന്നു'' (സാദുല്‍ മആദ് 1:398).
അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് നിങ്ങള്‍ ധൃതിപ്പെട്ടു വരിക. ക്രയവിക്രയങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ അറിയുന്നവരെങ്കില്‍'' (ജുമുഅഃ 9).
ഈ സൂക്തത്തിലെ 'ദിക്‌റുല്ലാ' എന്നതിന് ഉപദേശം എന്നാണ് മുന്‍ഗാമികളായ പല മുഫസ്സിറുകളും അര്‍ഥം നല്‍കിയത്. ഇമാം ഇബ്‌നു ജരീര്‍ പറയുന്നു: ''സത്യവിശ്വാസികളോട് വേഗത്തില്‍ ചൊല്ലാന്‍ അല്ലാഹു കല്‍പിച്ച ദിക്‌റ് ഖുത്ബയിലുള്ള ഇമാമിന്റെ സദുപദേശമാണ്.''
സദസ്സിന് മനസ്സിലാകത്തക്കവിധം പ്രയാസരഹിതമായ ഭാഷാപ്രയോഗങ്ങളിലൂടെ അവരുടെ മനസ്സില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭയവും ധര്‍മബോധവും തഖ്‌വയും ഇസ്‌ലാമിക നിഷ്ഠയും ഉണ്ടാക്കുന്ന വിധമുള്ളതായിരിക്കണം ഖുത്ബ. അതിനുള്ള പ്രാപ്തി ഖതീബിന് ഉണ്ടായിരിക്കണം.
എന്നാല്‍ ഇമാം സദസ്യര്‍ക്ക് ബഹുമാനവും മതിപ്പും തോന്നുന്ന വേഷവിധാനം സ്വീകരിക്കേണ്ടതാണ്. ആഭാസകരമായ ഒന്നും ഇമാമിന്റെ വ്യക്തിത്വത്തില്‍ ഉണ്ടാവാന്‍ പാടില്ല.
നബി(സ)യുടെ ഖുത്ബയുടെ രീതിയെക്കുറിച്ച് ജാബിര്‍(റ) പറയുന്നു: ''നബി ഖുത്ബ നിര്‍വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കും. ശബ്ദം ഉയരും. ഗൗരവം കൂടും. പ്രഭാതത്തില്‍ അല്ലെങ്കില്‍ പ്രദോഷത്തില്‍ നിങ്ങളുടെ അടുക്കല്‍ ശത്രുസേന എത്താറായിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു സര്‍വ സൈന്യാധിപനെപ്പോലെയായിരുന്നു അദ്ദേഹം'' (മുസ്‌ലിം).
ജുമുഅഃ ഖുതുബ പാണ്ഡിത്യപ്രകടനത്തിനുള്ള വേദിയാക്കാതെ സദസ്യര്‍ക്ക് വിജ്ഞാനവര്‍ധനവും ഭക്തിയുമുണ്ടാക്കുന്നതിന് ഉപയുക്തമായിരിക്കണം. ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊണ്ടായിരിക്കണം ഉദ്‌ബോധനം നടത്തേണ്ടത്. ഉമ്മു ഹിശാം(റ) പറയുന്നു: ''ജനങ്ങളോട് അവിടുത്തെ തിരുനാവില്‍ നിന്ന് കേട്ട് മാത്രമാണ് ഞാനത് പഠിച്ചത്'' (മുസ്‌ലിം).
മിമ്പറില്‍ വെച്ച് സംശയനിവാരണത്തിന് ഉതകുംവിധം ചോദ്യോത്തരങ്ങള്‍ നടത്താമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അലി(റ)യോട് അനന്തരാവകാശ സംബന്ധമായ സംശയങ്ങള്‍ ചോദിച്ചതിന് മിമ്പറില്‍ നിന്ന് അദ്ദേഹം മറുപടി നല്‍കിയത് 'മിമ്പര്‍ മസ്അല' അഥവാ 'ഔല്‍ മസ്അല' എന്ന പേരില്‍ പ്രസിദ്ധമാണ്.
ഖുത്ബക്കിടയില്‍ സദസ്യരില്‍ പെട്ടെന്ന് കാണുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുകയോ അവര്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യാം. ജാബിറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ''നബി(സ) വെള്ളിയാഴ്ച ദിവസം ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പള്ളിയില്‍ കടന്നുവന്നു. നബി ചോദിച്ചു: നീ നമസ്‌കരിച്ചുവോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി പറഞ്ഞു: എന്നാല്‍ എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്‌കരിക്കുക'' (മുസ്‌ലിം).
''ഉമര്‍(റ) ഖുത്ബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉസ്മാന്‍(റ) വൈകി പള്ളിയിലെത്തി. ഉമര്‍(റ) ചോദിച്ചു: ബാങ്ക് വിളിച്ചതിനു ശേഷവും വൈകുന്നവരുടെ സ്ഥിതിയെന്താണ്? ഉസ്മാന്‍(റ) പറഞ്ഞു: ഞാനൊരിടം വരെ പോയിരുന്നു. വന്നു വുദുവെടുത്ത ഉടനെ പള്ളിയിലെത്തി. വീണ്ടും ഉമറിന്റെ(റ) ചോദ്യം: വുദു മതിയെന്നോ? വെള്ളിയാഴ്ച കുളിക്കണമെന്ന് നബി പറഞ്ഞത് കേട്ടിട്ടില്ലേ?'' (മുസ്‌ലിം).
ഇസ്‌ലാമിക പ്രബോധനത്തിന്റെയും വൈജ്ഞാനിക പ്രസാരണത്തിന്റെയും ശക്തമായ മാധ്യമം കൂടിയാണ് ഖുത്ബ. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ് ഖുത്ബ ആരംഭിക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളിലോ നബിചര്യയിലോ വന്നിട്ടുള്ള ഹംദിന്റെ ഏതു രൂപങ്ങളിലും അത് ചൊല്ലാം.
കൃത്യമായ ഭാഷാ പ്രാസം ഒഴിവാക്കി മനസ്സിന്റെ ഉള്ളില്‍ നിന്നു വരുന്ന സ്തുതിയും പുകഴ്ത്തലുമാണ് വേണ്ടത്. ഇപ്രകാരമാണ് നബി(സ) ഖുത്ബയുടെ ആമുഖത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലണം.
തഖ്വ കൊണ്ടുള്ള വസിയ്യത്തും അവസാനം സത്യവിശ്വാസികള്‍ക്ക് പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്. അവരുടെ ഐഹികവും പാരത്രികവുമായ നന്മയ്ക്കു വേണ്ടിയും മുസ്‌ലിം ഉമ്മത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാം.
നബി സമൂഹത്തെ സമുന്നതമായ പദവിയിലേക്ക് ഉയര്‍ത്താനും സത്പാന്ഥാവിലേക്ക് നയിക്കാനും തന്നിഷ്ടങ്ങളുടെയും ദേഹേച്ഛകളുടെയും ദാസ്യത്തില്‍ നിന്ന് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി മാറ്റാനുള്ള പ്രാപ്തി കൈവരിക്കാനും പരിശീലിപ്പിച്ചത് അദ്ദേഹത്തിന്റെ ഖുത്ബകളിലൂടെയായിരുന്നു.
ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''നബി ഖുത്ബയില്‍ തന്റെ സഹാബിമാരെ ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളും മതനിയമങ്ങളും പഠിപ്പിക്കുമായിരുന്നു. ഖുത്ബക്കിടയില്‍ തന്നെ ചില കാര്യങ്ങള്‍ വിലക്കുകയും മറ്റു ചിലവ കല്‍പിക്കുകയും ചെയ്യും.
ജുമുഅഃക്കിടയില്‍ കയറിവന്ന് സുന്നത്ത് നമസ്‌കരിക്കാതെ ഇരുന്ന വ്യക്തിയോട് എഴുന്നേറ്റ് രണ്ടു റക്അത്ത് നമസ്‌കരിക്കൂ എന്നു പറഞ്ഞു. ജനങ്ങളുടെ പിരടികള്‍ക്കിടയിലൂടെ കയറിവന്ന വ്യക്തിയോട് അത് അരുതെന്നും അവിടെ ഇരിക്കണമെന്നും കല്പിച്ചു'' (സാദുല്‍ മആദ് 1:143).
നബി ഖുത്ബയില്‍ ഖുര്‍ആന്‍ ഓതുകയും ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഹദീസിലുണ്ട്. ഏതു കാലത്തെ ഖുത്ബയും അങ്ങനെയായിരിക്കണം. വെള്ളിയാഴ്ച പൊതുജനങ്ങള്‍ പള്ളിയില്‍ സമ്മേളിക്കുന്നതിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജുമുഅഃ ഖുത്ബ ശ്രദ്ധിക്കുകയും അതില്‍ നിന്ന് മതവിജ്ഞാനവും ദൈവബോധനവും നേടുകയെന്നതുമാകുന്നു.
മുസ്‌ലിം ഉമ്മത്തിന്റെ നവോത്ഥാനവും നവജാഗരണവും സാധ്യമാക്കാന്‍ സഹായകമായ ഫലപ്രദമായ ഒരു സംവിധാനമാണ് ജുമുഅഃ ഖുത്ബ. അറിവില്ലാത്തവനെ പഠിപ്പിക്കാനും അശ്രദ്ധനെ ശ്രദ്ധാലുവാക്കാനും വഴി തെറ്റിയവനെ നേര്‍വഴി കാണിക്കാനും ഖുത്ബ സഹായകമാണ്.
വിശ്വാസികളുടെ ആത്മവിശ്വാസം ഉയര്‍ത്താനും മതത്തെ കുറിച്ച് ആത്മാഭിമാനബോധവും അന്തസ്സും വര്‍ധിപ്പിക്കാനും സര്‍വോപരി തങ്ങളുടെ സകല കാര്യങ്ങളുടെയും സുരക്ഷിതത്വവും കുടികൊള്ളുന്ന ദീനിനെ കുറിച്ചുള്ള അവബോധം ഊട്ടിയുറപ്പിക്കാനും ഖുത്ബയിലൂടെ സാധിക്കുന്നു.
ജീവിതത്തിന്റെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി അവതരിച്ച വിശുദ്ധ ഖുര്‍ആനിക നിയമങ്ങളെയും പ്രവാചക അധ്യാപനങ്ങളെയും അടുത്തറിയാനും ഉള്‍ക്കൊള്ളാനുമുള്ള അവസരം അതു മുഖേന ലഭിക്കുന്നു.
സദസ്സിന്റെ വൈവിധ്യം
സദസ്യരുടെ വൈവിധ്യമാണ് ജുമുഅഃയുടെ മറ്റൊരു സവിശേഷത. ഒരു പ്രദേശത്തെ, ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരെല്ലാം പള്ളിയിലെത്തുന്നു. തൊഴിലാളികളും തൊഴിലുടമയും അധ്യാപകരും വിദ്യാര്‍ഥിയും ഉദ്യോഗസ്ഥരും മേലധികാരികളും ധനികരും ദരിദ്രരും പണ്ഡിതരും പാമരനും എല്ലാവരും ഒരൊറ്റ സമയം അഭിസംബോധിതരായിത്തീരുന്നു.
മാത്രവുമല്ല, നല്ല മതഭക്തരും അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ കൃത്യമായി പങ്കെടുക്കാത്തവരും ജുമുഅഃക്കു മാത്രം വരുന്നവരും അവരുടെ കൂട്ടത്തിലുണ്ടാകും. അതിനാല്‍ തന്നെ ഖതീബിന് എല്ലാവരെയും ഒരുമിച്ച് ഉദ്‌ബോധിപ്പിക്കാനുള്ള അതുല്യവും അസുലഭവുമായ അവസരമായി ജുമുഅഃ മാറുന്നു.
അവര്‍ക്കെല്ലാം വേണ്ടത് ഖുത്ബയിലൂടെ നല്‍കാന്‍ ഒരു ഖതീബിന് കഴിഞ്ഞാല്‍ എത്ര വലിയ നേട്ടമായിരിക്കുമത്!
സദസ്യര്‍ അധികവും കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ച് സുഗന്ധങ്ങള്‍ പൂശി നല്ലൊരു ഉദ്‌ബോധനം ശ്രവിക്കാനും നമസ്‌കരിക്കാനും തയ്യാറായി വരികയാണ്.

വിനയാന്വിതരായി, അനുതപിക്കുന്ന മനസ്സോടെ, ഭക്തിസാന്ദ്രമായൊരു അന്തരീക്ഷത്തില്‍ നല്‍കുന്നത് സ്വീകരിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന മനസ്സുകളെയാണ് ഒരു ഖതീബിന് ലഭിക്കുന്നത്. തപിക്കുന്ന മനസ്സുകള്‍ക്ക് കുളിരും, അസ്വസ്ഥമായ ഹൃദയങ്ങള്‍ക്ക് സമാധാനവും കലുഷിതമായ ഖല്‍ബുകള്‍ക്ക് ശാന്തിയും ഇവിടെ നിന്ന് ലഭിക്കണം.
എല്ലാ ആഴ്ചകളിലും ആവര്‍ത്തിക്കുന്ന ഒരു ആരാധനയാണിത്. ഒരു വര്‍ഷത്തില്‍ അമ്പതിലധികം ഖുത്ബകള്‍ കേള്‍ക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിക്കുന്നു. ഓരോ ഖതീബുമാരും ഓരോ പ്രദേശത്തിനും നിവാസികള്‍ക്കും അനുയോജ്യവും അത്യാവശ്യവുമായ അമ്പതു വിഷയങ്ങള്‍ തിരഞ്ഞെടുത്താല്‍ ഖുത്ബക്ക് പരിപൂര്‍ണമായൊരു വാര്‍ഷിക പാഠ്യപദ്ധതി തന്നെ രൂപകല്പന ചെയ്യാന്‍ കഴിയും.
ആധുനിക പ്രശ്നങ്ങളും ഗവേഷണാത്മകമായ വിഷയങ്ങളും കൃത്യമായി പഠിച്ച് പ്രമാണബദ്ധമായി അവതരിപ്പിക്കാന്‍ സാധിക്കണം. ശ്രോതാക്കളില്‍ സംശയം ജനിപ്പിക്കുംവിധം അവതരണത്തില്‍ അലംഭാവമരുത്.
നിര്‍ബന്ധമായും ആവര്‍ത്തിച്ചു വരേണ്ട വിഷയങ്ങളില്‍ തന്നെ പുതിയ പാഠഭാഗങ്ങള്‍ ചേര്‍ത്തു പുതുക്കാനും തുടര്‍വര്‍ഷങ്ങളില്‍ പുതിയ വിഷയങ്ങളെ ഉള്‍ക്കൊള്ളിക്കാനും സാധിക്കും. അങ്ങനെ വന്നാല്‍ ആ പ്രദേശത്ത് മതത്തിന്റെ അടിസ്ഥാനപരമായ അറിവുകളില്‍ അജ്ഞരായ ആരും മുസ്‌ലിംകളിലുണ്ടാവില്ല.
മാത്രവുമല്ല, എല്ലാവരും മതവിഷയങ്ങളില്‍ സാമാന്യ ജ്ഞാനമുള്ളവരായി മാറുകയും ചെയ്യും. ഖതീബുമാര്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും ഗുണകരവും ഫലപ്രദവുമായ വിഷയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഖതീബിന്റെ വൈജ്ഞാനിക വര്‍ധനവിനനുസരിച്ച് ആത്മവിശ്വാസം വര്‍ധിക്കുകയും ധൈര്യപൂര്‍വം വിഷയങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
വൈജ്ഞാനികവും ചിന്താപരവുമായ മികവ് കൈവരിക്കാന്‍ പരന്ന വായനയും നിരന്തരമായ അന്വേഷണ തൃഷ്ണയും വളര്‍ത്തിയെടുക്കണം. ശ്രോതാക്കളുടെ മനസ്സിനോട് സംവദിക്കുംവിധം ഹൃദയത്തിലേക്ക് ഇറങ്ങിവരുന്ന ലളിതവും ശ്രവണസുഖമുള്ളതുമായ ഭാഷയും ശൈലിയും പരിശീലിച്ച് ക്രമപ്പെടുത്തണം.
ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ചും നബിവചനങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിച്ച് ആശയങ്ങള്‍ ഗ്രഹിച്ച ശേഷമേ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാവൂ. പ്രമാണങ്ങള്‍ മൂലഗ്രന്ഥങ്ങളില്‍ നിന്ന് ആത്മവിശ്വാസത്തോടെ കൃത്യമായി അവതരിപ്പിക്കണം.
ഖുര്‍ആന്‍ സൂക്തങ്ങള്‍ പരമാവധി പാരായണ നിയമങ്ങള്‍ പാലിച്ചുതന്നെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. ആധുനിക പ്രശ്നങ്ങളും ഗവേഷണാത്മകമായ വിഷയങ്ങളും കൃത്യമായി പഠിച്ച് പ്രമാണബദ്ധമായി അവതരിപ്പിക്കാന്‍ സാധിക്കണം. ശ്രോതാക്കളില്‍ സംശയം ജനിപ്പിക്കുംവിധം അവതരണത്തില്‍ അലംഭാവമരുത്.
ഖുര്‍ആന്‍ തഫ്‌സീറുകള്‍, ഹദീസ് ഗ്രന്ഥങ്ങള്‍, കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍, ചരിത്രം, പ്രസിദ്ധ പണ്ഡിതന്മാരുടെ ഖുത്ബകള്‍ സമാഹരിച്ച ഗ്രന്ഥങ്ങള്‍ തുടങ്ങിയവ റഫറന്‍സിനായി ഉപയോഗപ്പെടുത്തണം.
പ്രഗത്ഭ പണ്ഡിതന്മാരുടെ ഖുത്ബകള്‍ കേള്‍ക്കാനും സമയം കണ്ടെത്തണം. ഒരേ ഉറവിടത്തെ മാത്രം അവലംബിക്കാതെ വിവിധ ഉറവിടങ്ങളില്‍ നിന്ന് ആശയങ്ങള്‍ സമാഹരിച്ചാല്‍ ഖുത്ബ ആശയസമുദ്രവും അര്‍ഥഗര്‍ഭവും സമഗ്രവുമാക്കാന്‍ സാധിക്കും.