സ്വപ്‌നങ്ങളുടെ ചിറകരിയുന്ന ആരാച്ചാര്‍മാര്‍


സമൂഹത്തിന്റെ അളവുകോലുകളില്‍ അവള്‍ പരിപൂര്‍ണയായിരുന്നു. ശാന്തമായ പുഴ പോലെ തോന്നിച്ച അവളില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു.

ന്റെ കൗണ്‍സലിങ് മുറിയുടെ നിശ്ശബ്ദതയിലേക്ക് അവള്‍ ഒരു നേര്‍ത്ത കാറ്റുപോലെയാണ് കടന്നുവന്നത്. 37 വയസ്സിന്റെ ചെറുപ്പത്തിലും, കണ്ണുകളില്‍ ഒരുപാട് കാലത്തിന്റെ ക്ഷീണം നിഴലിച്ചിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ സ്‌നേഹനിധിയായ ഉമ്മ, ഭര്‍ത്താവിന്റെ പ്രാണനായ പ്രിയപ്പെട്ടവള്‍, ഒരു വീടിന്റെ മുഴുവന്‍ വെളിച്ചമായ മിടുക്കിയായ മരുമകള്‍...

സമൂഹത്തിന്റെ അളവുകോലുകളില്‍ അവള്‍ പരിപൂര്‍ണയായിരുന്നു. ശാന്തമായ പുഴ പോലെ തോന്നിച്ച ആ മുഖത്തിനു താഴെ ഒരു കടല്‍ ഇരമ്പുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല. അരികിലിരുന്ന് അവള്‍ അവളുടെ ഭംഗിയുള്ള പേര് പറഞ്ഞു.

'എന്തു ചെയ്യുന്നു' എന്ന എന്റെ സ്വാഭാവികമായ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം അവള്‍ പതറി. സ്വരം നേര്‍ത്തു. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. പിന്നെ, നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ മെനക്കെടാതെ അവള്‍ പറഞ്ഞു: 'ഒന്നും ചെയ്യുന്നില്ല മാം. ഞാന്‍ ഒരു പ്രൊഫഷനല്‍ ഹോം മെയ്ഡാണ്.'

ആ വാക്കുകളിലെ വേദനയുടെ ആഴം അളക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒന്നു നിര്‍ത്തി, ഒന്നുകൂടി സ്വരം താഴ്ത്തി അവള്‍ കൂട്ടിച്ചേര്‍ത്തു: 'എന്റെ ഏറ്റവും വലിയ സ്വപ്‌നം ഐഎഎസ് നേടിയെടുക്കലായിരുന്നു മാം.'

ആ നിമിഷം, കരച്ചിലടക്കാന്‍ പാടുപെടുന്ന, സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെ അവള്‍ അവളുടെ നനഞ്ഞ കണ്ണുകളില്‍ എനിക്കായി വരച്ചിട്ടു. അവിടെ എന്റെ മുന്നിലിരുന്ന്, ഹൃദയത്തെ കീറിമുറിക്കുന്ന ഒരു ജീവിതകഥ അവള്‍ സൗമ്യമായി പറഞ്ഞുതുടങ്ങി.

അതൊരു പെണ്‍കുട്ടിയുടെ മാത്രം കഥയായിരുന്നില്ല, മറിച്ച്, നമ്മുടെ സമൂഹത്തിന്റെ മുഖത്തെ കണ്ണാടിയില്‍ കാണിക്കുന്ന നേര്‍സാക്ഷ്യമായിരുന്നു. ഓര്‍മകളുടെ പുസ്തകത്തില്‍ നിന്നൊരു സുവര്‍ണ അധ്യായം.

പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്, കേന്ദ്ര ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടെ ഡല്‍ഹിയിലെ ഏറ്റവും മികച്ച ഐഎഎസ് കോച്ചിംഗ് സെന്ററില്‍ അഡ്മിഷന്‍ കിട്ടിയ മിടുമിടുക്കി. അവളുടെ ഗ്രാമത്തിലെ ഓരോ മനുഷ്യരുടെയും മനസ്സില്‍ അവള്‍ അന്നേ ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി സ്ഥാനമേറ്റിരുന്നു.

ക്ലാസിലെ ഓരോ ദിവസവും അവളുടെ നോട്ടുകളായിരുന്നു ചര്‍ച്ചാവിഷയം. ഒരു 'ഐക്കണ്‍ പേപ്പര്‍' പോലെ അധ്യാപകരും വിദ്യാര്‍ഥികളും അതിനെ കണ്ടു. അറിവിന്റെ ലോകത്ത് അവള്‍ ഒരു സ്‌കോളറെപ്പോലെയായിരുന്നു.

പ്രണയത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവ്, ഐഎഎസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ്, അവളുടെ മാത്രം നിര്‍ബന്ധപ്രകാരം ആ വിവാഹം നടക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകളെ അവള്‍ കണ്ടില്ലെന്നു നടിച്ചു.

മറ്റൊന്നിനും വേണ്ടി മാറ്റിവെക്കാനാവാത്ത വിധം അവള്‍ ആ പ്രണയത്തില്‍ അന്ധയായിരുന്നു. ഒടുവില്‍ നിക്കാഹ് കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്വപ്‌നങ്ങളിലേക്ക് ചിറകു വിരിച്ച് അവള്‍ ഡല്‍ഹിയിലേക്ക് മടങ്ങി.

അസൂയയുടെ വിഷവിത്തുകള്‍

എന്നാല്‍, കഥയുടെ ഗതി മാറിയത് വളരെ പെട്ടെന്നായിരുന്നു. ആ കഥയിലെ പ്രധാന കഥാപാത്രം ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായിരുന്നു. ഡിഗ്രി മാത്രം യോഗ്യതയുള്ള അവര്‍ക്ക്, വിദ്യാസമ്പന്നയും ലക്ഷ്യബോധവുമുള്ള അനിയത്തിയെ ഭാവിയിലെ ഐ.എ.എസുകാരിയായി കാണുന്നത് അചിന്തനീയമായിരുന്നു.

അപകര്‍ഷബോധം പതുക്കെ അസൂയയുടെ വിഷവിത്തുകളായി അവളുടെ മനസ്സില്‍ മുള പൊട്ടി. അതിന് വെള്ളവും വളവും നല്‍കാന്‍ ഭര്‍തൃവീട്ടുകാരും കൂടെയുണ്ടായിരുന്നു. അവരുടെ കണ്ണില്‍ അവള്‍ 'വീട്ടുപണികളൊന്നും ചെയ്യാതെ അന്യനാട്ടില്‍ പോയി കൂത്താടുന്ന തന്നിഷ്ടക്കാരി' മാത്രമായി.

ഒടുവില്‍ ആ ഒറ്റയാള്‍ പോരാട്ടത്തില്‍ അവള്‍ പരാജയപ്പെട്ടു. പ്രതികരണശേഷി കുറവായിരുന്ന ആ പാവം പെണ്‍കുട്ടിക്ക് അവരുടെ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി വന്നു. പരീക്ഷയ്ക്കു തൊട്ടുമുമ്പായി പല കള്ളങ്ങളും പറഞ്ഞ് അവര്‍ അവളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു.

എങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. പിന്നീട് കിട്ടിയ അവസരങ്ങള്‍ അവള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങളെല്ലാം അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു 'നല്ല കുടുംബിനി'യെ വാര്‍ത്തെടുക്കുന്നതില്‍ മാത്രം ഒതുങ്ങിപ്പോയി.

നോവുന്ന വര്‍ത്തമാനങ്ങള്‍

15 വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ശരീരം മാത്രമായി മാറിയിരുന്നു. സ്വന്തം വ്യക്തിത്വം ഇല്ലാതാകുന്നു എന്നു തിരിച്ചറിയുന്ന നിമിഷങ്ങളില്‍, അവള്‍ ജീര്‍ണിച്ചുതുടങ്ങിയ തന്റെ പഴയ പേഴ്സ് തുറക്കും. അതിനുള്ളില്‍, അവളുടെ ചുറുചുറുക്കുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ അദ്ഭുതവും അഭിമാനവും പൂണ്ട ചില ഉയര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്‌നേഹത്തോടെ നല്‍കിയ അവരുടെ ഐഡി കാര്‍ഡുകളുണ്ട്.

ഒരു കാലത്ത് അവളുടെ പ്രചോദനമായിരുന്ന ആ കാര്‍ഡുകള്‍ ഇന്ന് ഉപയോഗശൂന്യമായ, നിറം മങ്ങിയ കടലാസുതുണ്ടുകള്‍ മാത്രം. അവയിലേക്ക് നോക്കി അവള്‍ ദീര്‍ഘമായി നിശ്വസിക്കും. അസ്വസ്ഥമായ മനസ്സിനൊപ്പം രോഗങ്ങള്‍ അവളുടെ ശരീരത്തെയും കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു.

ഓരോ വ്യക്തിയുടെയും പഠനരീതി വ്യത്യസ്തമാണ്. ക്ഷമയോടെയും സ്‌നേഹത്തോടെയുമുള്ള നമ്മുടെ പിന്തുണയാണ് അവള്‍ക്ക് ആവശ്യം.

കണ്‍മുന്നില്‍ തന്റെ മകളുടെ സ്വപ്‌നം തകര്‍ന്നുവീഴുന്നത് കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ട അവളുടെ പിതാവ്, ആ ആഘാതത്തില്‍ നിന്ന് ഇതുവരെ മോചിതനായിട്ടില്ല. ഇന്ന് അദ്ദേഹം മാനസികാരോഗ്യ ഗുളികകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.

കൂടെ നില്‍ക്കുക

ചിലര്‍ക്കെങ്കിലും തോന്നാം, ഈ ആധുനിക കാലത്ത് ഇത്തരം അനുഭവങ്ങള്‍ വളരെ വിരളമാണെന്ന്. എന്നാല്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ സ്വപ്‌നങ്ങളുടെ ചിറകരിയപ്പെടുന്ന ഒരുപാടു പേര്‍ നമുക്കു ചുറ്റുമുണ്ട്.

ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, അവളുടെ സ്വപ്‌നങ്ങള്‍ക്കു കൂടി ആ വീട്ടില്‍ ഇടം നല്‍കേണ്ടതുണ്ട്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുന്നത് കുടുംബബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയേയുള്ളൂ.

ഒരു മരുമകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍:

  • കേള്‍ക്കാന്‍ തയ്യാറാവുക

അവളുടെ ലക്ഷ്യങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാന്‍ ഒരവസരം നല്‍കുക. ആ സംഭാഷണങ്ങള്‍ക്ക് ചെവികൊടുക്കുക.

  • മാനസിക പിന്തുണ നല്‍കുക

നിന്നെക്കൊണ്ട് സാധിക്കും' എന്ന ഒരു വാക്ക് മതിയാകും ചിലപ്പോള്‍ അവള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍. അവളുടെ ചെറുതും വലുതുമായ നേട്ടങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.

  • സൗകര്യങ്ങള്‍ ഒരുക്കുക

പഠനത്തിന് ആവശ്യമായ ശാന്തമായ ഒരിടവും സമയവും നല്‍കുക. പരീക്ഷാസമയങ്ങളിലും പ്രോജക്ടുകളിലും വീട്ടുജോലികളില്‍ ഇളവ് നല്‍കുന്നത് വലിയ സഹായമായിരിക്കും.

  • സാമ്പത്തിക പിന്തുണ

പുസ്തകങ്ങള്‍ വാങ്ങുന്നതിനോ പരീക്ഷാ ഫീസ് അടയ്ക്കുന്നതിനോ കോച്ചിംഗിന് ചേരുന്നതിനോ ചെറിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക.

  • കഴിവുകളെ വിശ്വസിക്കുക

നിങ്ങളുടെ വിശ്വാസമാണ് അവളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

  • സൗമ്യമായി തിരുത്തുക

തെറ്റുകള്‍ മനുഷ്യസഹജമാണ്. ശാസിക്കുന്നതിനു പകരം സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക.

  • ഓര്‍മയില്‍ സൂക്ഷിക്കാന്‍

ഓരോ വ്യക്തിയുടെയും പഠനരീതി വ്യത്യസ്തമാണ്. ക്ഷമയോടെയും സ്‌നേഹത്തോടെയുമുള്ള നമ്മുടെ പിന്തുണയാണ് അവള്‍ക്ക് ആവശ്യം. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ അവളെ പ്രേരിപ്പിക്കുക.