പാനിക് അറ്റാക്ക്; കരുതല്‍ വേണം

നാജിയ ടി

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അതിതീവ്രമായ ഉത്കണ്ഠ അനുഭവിക്കുകയും ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പാനിക് അറ്റാക്ക്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിയതാണ് 32കാരിയായ അധ്യാപിക. നെഞ്ചുവേദനയും അമിതമായ നെഞ്ചിടിപ്പും ഉണ്ടായിരുന്നു. ശരീരമാകെ വിയര്‍ത്തൊലിച്ച്, ശ്വാസം കിട്ടാതെ, കണ്ണില്‍ ഇരുട്ട് കയറുന്ന അവസ്ഥ തനിക്ക് ഉണ്ടായെന്ന് അവര്‍ പറയുന്നു. പക്ഷേ, എല്ലാ മെഡിക്കല്‍ ചെക്കപ്പുകളും ചെയ്തിട്ടും ഇതിനൊരു കാരണം ഡോക്ടര്‍ക്ക് കണ്ടെത്താനായില്ല.

പിന്നീട് പല ദിവസങ്ങളിലും ഇതേ ലക്ഷണങ്ങള്‍ അവര്‍ക്കുണ്ടായി. അങ്ങനെയാണ് ഇത് പാനിക് അറ്റാക്കാണോ എന്ന സംശയത്തിലേക്ക് എത്തിയത്. ഹൃദയാഘാതം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളുള്ള ഒരു അവസ്ഥയാണ് പാനിക് അറ്റാക്ക്. മരിച്ചുപോവുകയാണ് എന്ന തോന്നല്‍ വരെ ഉണ്ടായേക്കാവുന്ന ഒരവസ്ഥ.

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അതിതീവ്രമായ ഉത്കണ്ഠ അനുഭവിക്കുകയും അതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ കഠിനമായ അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പാനിക് അറ്റാക്ക്. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം നീണ്ടുനില്‍ക്കുന്ന ഈ അവസ്ഥയില്‍ അതിസങ്കീര്‍ണമായ ശാരീരിക ബുദ്ധിമുട്ടുകള്‍ വ്യക്തി അനുഭവിക്കും.

മരണത്തിലൂടെയാണ് താന്‍ കടന്നുപോകുന്നത് എന്ന രീതിയിലായിരിക്കും ആ സമയം അവര്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍. മനസ്സിനെ അലട്ടുന്ന വിഷമതകളോ പ്രശ്‌നങ്ങളോ ഇല്ലാതിരിക്കുന്ന സമയത്തു പോലും ചിലപ്പോള്‍ ഇത് വന്നേക്കാം.

ഇത്തരമൊരു അറ്റാക്ക് ഉണ്ടാകുന്ന സമയത്ത് താഴെപ്പറയുന്ന ചില ലക്ഷണങ്ങള്‍ കാണാം: നെഞ്ചുവേദന, നെഞ്ചില്‍ ഭാരം കയറ്റിവെച്ച അവസ്ഥ, അമിതമായ നെഞ്ചിടിപ്പ്, ശ്വാസതടസ്സം, ശരീരമാസകലം വിയര്‍ക്കല്‍,
തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലുള്ള അവസ്ഥ, വിറയല്‍, തലവേദനയും തലചുറ്റലും, ഛര്‍ദിക്കാന്‍ തോന്നുക, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുക, തലയ്ക്ക് മന്ദത അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ട് കയറുന്ന അവസ്ഥ, വെപ്രാളം.

ഇവയില്‍ ഏതെങ്കിലും നാല് ലക്ഷണങ്ങളെങ്കിലും എന്തായാലും പാനിക് അറ്റാക്ക് ഉണ്ടാകുന്ന അവസ്ഥയില്‍ കാണാറുണ്ട്. ഇതു 15 മിനിറ്റോളം നീണ്ടുനിന്ന് പിന്നീട് തീവ്രത കുറഞ്ഞ് അവസാനിക്കും. എന്നാല്‍ ഇത് അനുഭവിക്കുന്ന സമയത്ത് വ്യക്തികള്‍ക്ക് അതിതീവ്രമായ ഭയം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ വീണ്ടും ഇത്തരം ഒരവസ്ഥ വരും എന്ന പേടിയോടെ ഇവര്‍ കാത്തിരിക്കും. തുടര്‍ച്ചയായി ഒരു മാസമെങ്കിലും പാനിക് അറ്റാക്കുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഇതിന് പാനിക് ഡിസോര്‍ഡര്‍ എന്നു വിളിക്കാം. പാരമ്പര്യമായി ഉത്കണ്ഠാ രോഗങ്ങളുള്ള കുടുംബങ്ങളില്‍ പാനിക് ഡിസോര്‍ഡറും കാണാറുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണാറുള്ളത്.

യുവജനങ്ങളിലാണ് സാധാരണയായി കൂടുതല്‍ വരുന്നതെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചെറിയൊരു ശതമാനം കുട്ടികളിലും മുതിര്‍ന്നവരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

അനാവശ്യ ചിന്തകളെ മറികടക്കാനും പോസിറ്റീവായ ജീവിതശൈലി കൊണ്ടുവരാനും സൈക്കോതെറാപ്പികളും റിലാക്സേഷന്‍ വ്യായാമങ്ങളും സഹായിക്കും.

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹൃദയാഘാതം പോലെ തോന്നുമെങ്കിലും തിരിച്ചും സംഭവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം മുന്നോട്ടുപോകേണ്ടത്. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാനുള്ള പ്രാഥമിക വഴികള്‍ ചെയ്തിട്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നില്ലെങ്കില്‍ ഉടനടി ഡോക്ടറെ കണ്ട് ഹൃദയാഘാതമല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

കാരണം അപ്പോള്‍ കണ്ടെത്താന്‍ കഴിയാത്ത അമിതമായ ഉത്കണ്ഠ ഉള്ളില്‍ ഉള്ളതുകൊണ്ടായിരിക്കാം പാനിക് അറ്റാക്കുകള്‍ വരുന്നത്. അതിനാല്‍ ഉത്കണ്ഠയുടെ കാരണമെന്തെന്ന് മനസ്സിലാക്കി പരിഹരിക്കണം. മരുന്നുകളും മനഃശാസ്ത്ര ചികിത്സയും സംയോജിപ്പിച്ചാണ് പാനിക് അറ്റാക്ക് ചികിത്സിക്കുന്നത്.

ഉത്കണ്ഠയിലേക്ക് നയിക്കുന്ന തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ മരുന്നുകള്‍ക്കാകും. ഇതോടൊപ്പം അനാവശ്യ ചിന്തകളെ മറികടക്കാനും പോസിറ്റീവായ ജീവിതശൈലി കൊണ്ടുവരാനും സൈക്കോതെറാപ്പികളും റിലാക്സേഷന്‍ വ്യായാമങ്ങളും സഹായിക്കും. ജീവിതശൈലിയില്‍ ധാരാളം നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ തന്നെ ഇതിന്റെ തീവ്രത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

Rehabilitation Psychologist


നാജിയ ടി എഴുത്തുകാരി, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്