നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍


  • നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷകളുണ്ടോ? വിശദാംശങ്ങള്‍ പ്രതീക്ഷിക്കുന്നു - നദ സൈനബ്, മോങ്ങം.

കേരളത്തിലെ നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബിരുദ-ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനം പ്ലസ്ടു മാര്‍ക്ക് പരിഗണിച്ചാണ്. എന്നാല്‍ ദേശീയതലത്തിലുള്ള മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷകള്‍ വഴിയാണ് നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളെ അറിയാം.

എയിംസ്

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (AIIMS) വിവിധ കാമ്പസുകളില്‍ ബി.എസ്സി (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാം, ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്), വിവിധ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബിരുദ പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രവേശനം സ്ഥാപനം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ്. (http://www.aiimsexams.ac.in )

പി.ജി.ഐ.എം.ആര്‍

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (PGIMER) ബി.എസ്സി നഴ്സിങ്, ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമുകളുടെ പ്രവേശനത്തിന് പ്രത്യേകം പരീക്ഷയുണ്ട്. വിവിധ അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍ക്കും പ്രത്യേക പരീക്ഷ വഴി പ്രവേശനം നല്‍കുന്നുണ്ട്. (www.pgimer.edu.in).

നിംഹാന്‍സ്

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (NIMHANS)ലെ ബി.എസ്സി നഴ്സിങ്, വിവിധ അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ വഴി അഡ്മിഷന്‍ നേടാം. (nimhans.ac.in).

ഐഷ്

മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങില്‍ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) പ്രവേശനം സ്ഥാപനം നടത്തുന്ന പ്രത്യേക പരീക്ഷ വഴിയാണ് (http://aiishmysore.in ).

അലിയാവര്‍ ജംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈയിലെ അലിയാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ഡിസെബിലിറ്റീസ്, വിവിധ കാമ്പസുകളില്‍ നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രവേശനത്തിന് സ്ഥാപനം പ്രത്യേക പരീക്ഷ നടത്തുന്നുണ്ട്. വിവിധ കാമ്പസുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രത്യേക പരീക്ഷ വഴിയാണ് (http://ayjnishd.nic.in ).

ദിവ്യാംഗ്ജന്‍ സ്ഥാപനങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ (ദിവ്യാംഗ്ജന്‍) കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ, പി.ഡി.യു.എന്‍.ഐ. പി.പി.ഡി ന്യൂഡല്‍ഹി, സി.ആര്‍.സി.എസ്.ആര്‍.ഇ ഗുവാഹത്തി എന്നിവിടങ്ങളിലെ ബിരുദ പ്രോഗ്രാമുകളായ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (BPT), ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (BOT), ബാച്ചിലര്‍ ഇന്‍ പ്രോസ്തെറ്റിക്സ് ആന്റ് ഓര്‍ത്തോട്ടിക്സ് (BPO), ബാച്ചിലര്‍ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP)പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ്. (http://admission.svnirtar.nic.in ).

നീറ്റ് വഴിയും പ്രവേശനം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET UG) വഴിയും ചില സ്ഥാപനങ്ങളില്‍ നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം ലഭിക്കും.

ന്യൂഡല്‍ഹിയിലെ നഴ്സിങ് കോളജുകളായ അഹല്യാ ബായി കോളജ്, ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ കോളജ്, ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജ്, രാജ്കുമാരി അമൃത് കൗര്‍ കോളജ്, സഫ്ദര്‍ ജംഗ് ഹോസ്പിറ്റല്‍, വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ചില ഇ.എസ്.ഐ.സി കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിനും നീറ്റ് യു.ജി റാങ്ക് പരിഗണിക്കാറുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ (ദിവ്യാംഗ്ജന്‍) കീഴിലുള്ള വിവിധ പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ്.

പോണ്ടിച്ചേരി ജിപ്മറിലെ നാലു വര്‍ഷ ബി.എസ്സി നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകളുടെ പ്രവേശനം നീറ്റ് യു.ജി റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനം നേരിട്ട് നടത്തുന്ന കൗണ്‍സലിംഗ് വഴിയാണ് (jipmer.edu.in).

ആംഡ്ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസി (AFMS)ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള നഴ്സിങ് പ്രവേശനവും നീറ്റ് യു.ജി റാങ്ക് പരിഗണിച്ചാണ് (joinindianarmy.nic.in).

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷനി (AIIPMR)ലെ ബാച്ച്‌ലര്‍ ഓഫ് പ്രോസ്തെറ്റിക്സ് & ഓര്‍ത്തോട്ടിക്സ് (http://aiipmr.gov.in ), എയിംസ് മംഗളഗിരിയിലെ ബി.എസ്സി എമര്‍ജന്‍സി മെഡിക്കല്‍ ടെക്നോളജി, ബി.എസ്സി ഹെമറ്റോളജി & ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ പ്രോഗ്രാമുകള്‍ (http://www.aiimsmangalagiri.edu.in ), എയിംസ് ദിയോഗറിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ പബ്ലിക് ഹെല്‍ത്ത് (http://www.aiimsdeoghar.edu.in ) തുടങ്ങിയവയുടെ പ്രവേശനത്തിനും നീറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്.