ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷകള്‍


പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിനിയാണ്. തയ്യാറെടുക്കേണ്ട പ്രവേശന പരീക്ഷകള്‍ പരിചയപ്പെടുത്താമോ?

  • ജസ്ന കീഴുപറമ്പ്

ഏത് സ്ട്രീമെടുത്ത് പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷകള്‍ പരിചയപ്പെടുത്തുന്നു.

രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അനുയോജ്യമായ പ്രവേശന പരീക്ഷകളെക്കുറിച്ച് മനസ്സിലാക്കുകയും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം.

ഏത് സ്ട്രീമെടുത്ത് പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷകള്‍ പരിചയപ്പെടുത്തുകയാണിവിടെ. പല പരീക്ഷകളുടെയും ഈ വര്‍ഷത്തെ അപേക്ഷയുടെ സമയം കഴിഞ്ഞു. വിശദാംശങ്ങള്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

എന്‍.ഐ.ഡി ഡിസൈന്‍ ആറ്റിറ്റിയൂഡ് ടെസ്റ്റ് (NID DAT)

ഡിസൈന്‍ മേഖലയില്‍ ശ്രദ്ധേയ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ കാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത.

പ്രധാന കാമ്പസായ അഹ്മദാബാദിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം കാമ്പസുകളിലും വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ പഠിക്കാം.

വെബ്സൈറ്റ്: http://admissions.nid.edu .

അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (UCEED)

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ഗുവാഹത്തി, റൂര്‍ക്കി ഐ.ഐ.ടികള്‍, ഐ.ഐ.ടി.ഡി.എം ജബല്‍പൂര്‍ എന്നീ സ്ഥാപനങ്ങളിലെ നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതുപരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത.

ഗുവാഹത്തി, റൂര്‍ക്കി ഐ.ഐ.ടികളിലും ഐ.ഐ.ടി ഡി.എം ജബല്‍പൂരിലും സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് UCEED സ്‌കോര്‍ പരിഗണിക്കാറുണ്ട്. 2026 ജനുവരി 18നാണ് ഈ വര്‍ഷത്തെ പരീക്ഷ.

വെബ്സൈറ്റ്: http://www.uceed.iitb.ac.in

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT) പ്രവേശന പരീക്ഷ

കേന്ദ്ര ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തുന്ന വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. കണ്ണൂരില്‍ അടക്കം 19 കാമ്പസുകളില്‍ വ്യത്യസ്തമായ സ്പെഷ്യലൈസേഷനോടു കൂടിയ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്ലസ്ടുവാണ് യോഗ്യത.

വെബ്സൈറ്റ്: www.nift.ac.in

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT)

കൊച്ചിയിലെ നുവാല്‍സ് (NUALS) ഉള്‍പ്പെടെ രാജ്യത്തെ 26 നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. ഈ വര്‍ഷത്തെ പരീക്ഷ ഡിസംബര്‍ 7നായിരുന്നു.

വെബ്സൈറ്റ്: conosrtiumofnlus.ac.in

ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET)

ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ. 45% മാര്‍ക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത. പരീക്ഷ ഡിസംബര്‍ 14ന്.

വെബ്‌സൈറ്റ്: www.nationallawuniversityludelhi.in

ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് ആറ്റിറ്റിയൂഡ് ടെസ്റ്റ് (IPMAT)

മാനേജ്മെന്റ് മേഖലയില്‍ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് രാജ്യത്തെ മുന്‍നിര മാനേജ്മെന്റ് സ്ഥാപനങ്ങളായ ഐ.ഐ.എം ഇന്‍ഡോറും ഐ.ഐ.എം റോത്തക്കും IPMAT എന്ന പേരില്‍ വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്.

പരീക്ഷാ പാറ്റേണില്‍ വ്യത്യാസമുണ്ട്. പ്ലസ്ടു തലത്തില്‍ 60% മാര്‍ക്ക് ലഭിച്ചിരിക്കണം.

വെബ്സൈറ്റുകള്‍: www.iimidr.ac.in, http://www.iimrohtak.ac.in .

റാഞ്ചി, അമൃത്സര്‍, ഷില്ലോംഗ് ഐ.ഐ.എമ്മുകളിലെ പഞ്ചവര്‍ഷ മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനും IPMAT (Indore) പരീക്ഷാ സ്‌കോര്‍ പരിഗണിക്കാറുണ്ട്. ഐ.ഐ.എം ഷില്ലോംഗ് പ്രവേശനത്തിന് പ്ലസ്ടുവിന് മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT)

ജമ്മു, ബോധ്ഗയ ഐ.ഐ.എം കാമ്പസുകളിലെ പഞ്ചവര്‍ഷ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 60% മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.

വെബ്സൈറ്റ്: exams.nta.ac.in/JIPMAT

കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - അണ്ടര്‍ ഗ്രാജ്വേറ്റ് (CUET UG)

ഇന്ത്യയിലെ വിവിധ കേന്ദ്ര-ഡീംഡ്-പ്രൈവറ്റ് സര്‍വകലാശാലകളിലെ ബിരുദ-ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ.

വെബ്സൈറ്റ്: cuet.nta.nic.in

ഹോട്ടല്‍ മാനേജ്മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്സാം (NCHM JEE)

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളില്‍ ത്രിവത്സര ബി.എസ്സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത.

വെബ്സൈറ്റ്: exams.nta ac.in/NCHM.

നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (NCET)

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്റെ (എന്‍.സി.ടി.ഇ) കീഴിലുള്ള നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള (ഐ.ടി.ഇ.പി ) പ്രവേശന പരീക്ഷയാണിത്.

പ്ലസ്ടുവിനു ശേഷം വിദേശത്ത് പഠിക്കണമെങ്കില്‍ IELTS, TOEFL, SAT, ACT തുടങ്ങിയ പരീക്ഷകള്‍ക്കായി തയ്യാറെടുക്കേണ്ടതുണ്ട്.

റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍, കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍, ഡീംഡ്-പ്രൈവറ്റ് സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ബി.എ. ബി.എഡ്, ബി.കോം. ബി.എഡ്, ബി.എസ്സി. ബി.എഡ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

വെബ്സൈറ്റ്: exams.nta.ac.in/NCET

നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി (NDA & NA) പരീക്ഷ

ആര്‍മി, നേവി, എയര്‍ഫോഴ്സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NDA & NA യില്‍ ആര്‍മി വിംഗിലേക്ക് പ്ലസ്ടുവിന് ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു വിജയമാണ് യോഗ്യത. പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ നേവി, എയര്‍ഫോഴ്സ് പ്രവേശനത്തിന് പ്ലസ്ടു സയന്‍സ് പഠനം അനിവാര്യമാണ്.

വെബ്സൈറ്റ്: http://www.upsconline.nic.in

മറ്റ് പരീക്ഷകള്‍

ഐ.ഐ.എം കോഴിക്കോട് നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രോഗ്രാം (http://www.iimk.ac.in ), ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്റ് ഡിസൈനിലെ വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ (http://www.iicd.ac.in ), ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്റ് ഇകണോമിക്സില്‍ ബി.എസ്സി ഇകണോമിക്‌സ് (http://www.gipe.ac.in ), കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ബി.വോക് പ്രോഗ്രാം (www.cusat.ac.in), നാഷണല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്സിറ്റിയില്‍ വിവിധ ബിരുദ പ്രോഗ്രാമുകള്‍ (http://www.nsu.ac.in ), ലക്ഷ്മി ബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്വാളിയോറില്‍ ഇന്റഗ്രേറ്റഡ് ബി.പി.എഡ് പ്രോഗ്രാം (http://www.lnipe.edu.in ), നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ബി.ബി.എ-എം.ബി.എ പ്രോഗ്രാം (http://www.nfsu.ac.in ), കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ വിവിധ ഡിപ്ലോമ പ്രോഗ്രാമുകള്‍ (www.krnnivsa.com), വിവിധ സ്ഥാപനങ്ങളില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (BFA) പ്രോഗ്രാമുകള്‍ തുടങ്ങിയവയുടെ പ്രവേശനവും വിവിധ പരീക്ഷകള്‍ വഴിയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും പ്രവേശന പരീക്ഷയുണ്ട് (http://admission.uoc.ac.in ).

അസിം പ്രേംജി യൂനിവേഴ്സിറ്റി (http://azimpremjiuniversity.edu.in ), സിംബയോസിസ് (http://www.siu.edu.in ), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ (http://manipal.edu ), ക്രൈസ്റ്റ് യൂനിവേഴ്സിറ്റി (http://christuniversity.in ) തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളും വിവിധ പരീക്ഷകള്‍ വഴി നിരവധി പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.

പ്ലസ്ടുവിനു ശേഷം വിദേശത്ത് പഠിക്കണമെങ്കില്‍ IELTS, TOEFL, SAT, ACT തുടങ്ങിയ പരീക്ഷകള്‍ക്കായി തയ്യാറെടുക്കേണ്ടതുണ്ട്.