പുതു സാധ്യതകളുടെ ഡിസൈനിംഗ് മേഖല


പരമ്പരാഗത രീതിയിലുള്ള കോഴ്സുകളില്‍ നിന്ന് വ്യത്യസ്തമായി, മികച്ച തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന സവിശേഷ കരിയര്‍ മേഖലയാണ് ഡിസൈന്‍.

പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഡിസൈന്‍ മേഖലയിലെ പഠന സാധ്യതകള്‍ വിശദമാക്കാമോ?

  • ഹിബ കരുവാരക്കുണ്ട്

പരമ്പരാഗതമായ രീതിയിലുള്ള കോഴ്സുകളില്‍ നിന്ന് വ്യത്യസ്തമായി, മികച്ച തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന സവിശേഷ കരിയര്‍ മേഖലയാണ് ഡിസൈന്‍. ഈ മേഖലയില്‍ വ്യത്യസ്തങ്ങളായ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ പ്രദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

ഡിസൈന്‍ അഭിരുചി പരിശോധിക്കുന്ന പ്രത്യേക പരീക്ഷകള്‍ വഴിയാണ് മിക്ക സ്ഥാപനങ്ങളിലും പ്രവേശനം. പരീക്ഷകള്‍ക്കായി നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പല പ്രവേശന പരീക്ഷകളും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മുമ്പുതന്നെ നടക്കാറുണ്ട്.

ഐഐടികളിലെ ഡിസൈന്‍ പ്രവേശന പരീക്ഷകളായ യുസീഡ് (UCEED), സീഡ് (CEED) എന്നിവ ജനുവരി 18നാണ്. ഒക്ടോബര്‍ ഒന്നിന് വിശദാംശങ്ങളടങ്ങിയ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി), എന്‍.ഐ.എഫ്.ടിയടക്കം പല പ്രമുഖ സ്ഥാപനങ്ങളിലെയും പ്രവേശന വിജ്ഞാപനങ്ങളും താമസിയാതെ പ്രതീക്ഷിക്കാം. പ്രധാന സ്ഥാപനങ്ങളെയും പ്രവേശന രീതികളെയും പരിചയപ്പെടാം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT)

മുംെബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, റൂര്‍ക്കി എന്നീ ഐ.ഐ.ടികളിലും ജബല്‍പൂരിലെ ഐ.ഐ.ഐ.ടി.ഡി.എമ്മിലും വിവിധ സ്‌പെഷ്യലൈസേഷനോടു കൂടിയ നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഐ.ഐ.ടി മുംബൈയില്‍ അഞ്ചു വര്‍ഷ ഡ്യുവല്‍ ഡിഗ്രി ബി.ഡിസ് + എം.ഡിസ് പ്രോഗ്രാമുമുണ്ട്.

അഖിലേന്ത്യാ അഭിരുചി പരീക്ഷയായ അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (UCEED) വഴിയാണ് പ്രവേശനം. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് യോഗ്യത.എന്നാല്‍ ഗുവാഹത്തി, റൂര്‍ക്കി ഐ.ഐ.ടികള്‍, ഐ.ഐ.ടി.ഡി.എം എന്നിവയില്‍ പ്ലസ്ടു സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

പ്രോഡക്ട് ഡിസൈന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ആനിമേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, സര്‍വീസ് ഡിസൈന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈന്‍, എര്‍ഗണോമിക്സ് ഉള്‍പ്പെടെയുള്ള സ്പെഷ്യലൈസേഷനുകളാണ് വിവിധ സ്ഥാപനങ്ങളിലുള്ളത്.

ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സി.ഇ.പി.ടി യൂണിവേഴ്സിറ്റി അഹ്മദാബാദ്, യു.പി.ഇ.എസ് ഡെറാഡൂണ്‍ തുടങ്ങി പല സ്ഥാപനങ്ങളും യുസീഡ് സ്‌കോര്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കാറുണ്ട്.

വെബ്സൈറ്റ്: http://www.uceed.iitb.ac.in .

എന്‍.ഐ.ഡി

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള ഡിസൈന്‍ പഠന കേന്ദ്രമാണിത്. അഹ്മദാബാദിലെ പ്രധാന കാമ്പസിനു പുറമേ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളിലും ബി.ഡിസ് പ്രോഗ്രാമുകളുണ്ട്.

ദേശീയതലത്തില്‍ നടത്തപ്പെടുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (DAT) വഴിയാണ് പ്രവേശനം. പ്രിലിംസ്, ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങളുണ്ട്. പ്ലസ്ടു പരീക്ഷാ വിജയമാണ് യോഗ്യത. ഈ വര്‍ഷം പ്ലസ്ടുവിനു പഠിക്കുന്നവര്‍ക്കും എഴുതാം. എന്‍ജിനീയറിംഗില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.

എക്സിബിഷന്‍ ഡിസൈന്‍, ആനിമേഷന്‍ ഫിലിം ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍, സെറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍ തുടങ്ങിയ സ്പെഷ്യലൈസേഷനുകള്‍ വിവിധ കാമ്പസുകളില്‍ ലഭ്യമാണ്. വിവിധ കാമ്പസുകളില്‍ പി.ജി പ്രോഗ്രാമായ എം.ഡിസും ലഭ്യമാണ്. വെബ്സൈറ്റ്: http://admissions.nid.edu

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT)

കണ്ണൂരിലടക്കം രാജ്യത്തെ 19 എന്‍.ഐ.എഫ്.ടി കാമ്പസുകളിലായി വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്രത്യേക കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയാണ് പ്രവേശനം. ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ആക്സസറി ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ബി.ഡിസ് പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു വിജയമാണ് യോഗ്യത. എന്നാല്‍ അപ്പാരല്‍ പ്രൊഡക്ഷനിലുള്ള ബി.എഫ്.ടെക് (ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി) പ്രോഗ്രാമിന് പ്ലസ്ടു സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും ഈ പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. കേരളത്തില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് NIFT കണ്ണൂര്‍ കാമ്പസില്‍ ഏഴ് സീറ്റുകള്‍ (ഡൊമിസൈല്‍ സീറ്റുകള്‍) അധികമായുണ്ട്. വെബ്‌സൈറ്റ്: http://nift.ac.in

ഫൂട്വെയര്‍ ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (FDDI)

പാദരക്ഷാ വ്യവസായ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ശ്രേഷ്ഠ സ്ഥാപനമായ എഫ്.ഡി.ഡി.ഐയുടെ ചെന്നൈ, ഹൈദരാബാദ് അടക്കം 12 കാമ്പസുകളില്‍ ഫൂട്വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍, ഫാഷന്‍ ഡിസൈന്‍, ലെതര്‍, ലൈഫ് സ്‌റ്റൈല്‍ ആന്റ് പ്രൊഡക്ട് ഡിസൈന്‍ എന്നീ സ്‌പെഷ്യലൈസേഷനുകളില്‍ നാല് വര്‍ഷ ബി.ഡിസ് പ്രോഗ്രാമുകള്‍ ലഭ്യമാണ്.

വിദേശത്തും ഡിസൈന്‍ പഠനത്തിന് നിരവധി അവസരങ്ങളുണ്ട്. യു.കെ, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, ആസ്ത്രേലിയ, ജര്‍മനി, സ്വീഡന്‍, ഫിന്‍ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച സ്ഥാപനങ്ങളുണ്ട്.

റീട്ടെയില്‍ ആന്റ് ഫാഷന്‍ മര്‍ക്കന്റൈസില്‍ ബി.ബി.എ പ്രോഗ്രാമുമുണ്ട്. സി.യു.ഇ.ടി.യു.ജി വഴിയാണ് പ്രവേശനം. പ്ലസ് ടു വിജയമാണ് യോഗ്യത. മൂന്ന് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: http://www.fddiindia.com .

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആന്റ് ഡിസൈന്‍ (IICD)

ഐ.ഐ.സി.ഡി ജയ്പൂരില്‍ സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍, ഹാര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ക്ലോത്തിങ് ഡിസൈന്‍, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷന്‍, ജ്വല്ലറി ഡിസൈന്‍ എന്നീ സ്പെഷ്യലൈസേഷനുകളോടു കൂടിയ ബി.ഡിസ് പ്രോഗ്രാമുകളുണ്ട്. പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. പ്ലസ്ടു വിജയമാണ് യോഗ്യത. വെബ്സൈറ്റ്: http://www.iicd.ac.in

യു.പി.ഇ.എസ് ഡെറാഡൂണ്‍, ബിറ്റ്‌സ് ഡിസൈന്‍ സ്‌കൂള്‍ മുംബൈ, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഡി.വൈ. പാട്ടീല്‍ യൂണിവേഴ്സിറ്റി, സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ഡിസൈന്‍ ആന്റ് ടെക്നോളജി, പേള്‍ അക്കാദമി, ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍, സി.ഇ.പി.ടി അഹ്മദാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, ജയ്പൂര്‍ നാഷണല്‍ യൂനിവേഴ്സിറ്റി, എം.ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പൂനെ, വി.ഐ.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ വെല്ലൂര്‍, ജെ.ഡി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി തുടങ്ങി നിരവധി സ്ഥാപനങ്ങളിലും മികവുറ്റ ഡിസൈന്‍ പ്രോഗ്രാമുകളുണ്ട്.

ഡിസൈന്‍ പഠനം കേരളത്തില്‍

കേരളത്തില്‍ NIFT കണ്ണൂര്‍ കാമ്പസിനു പുറമെ ഡിസൈന്‍ പ്രോഗ്രാമുകള്‍ നല്‍കുന്ന മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. കേരള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷനു കീഴില്‍ കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (IFTK)യില്‍ നാല് വര്‍ഷ ബി.ഡിസ് (ഫാഷന്‍ ഡിസൈന്‍) പ്രോഗ്രാമുണ്ട്. പ്ലസ്ടു വിജയമാണ് യോഗ്യത.

അഭിരുചി പരീക്ഷയും അഭിമുഖവും വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: iftk.ac.in. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനി (KSID)ലും ബി.ഡിസ് പ്രോഗ്രാമുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KS DAT) വഴിയാണ് പ്രവേശനം.

(വെബ്സൈറ്റ്: http://www.lbscentre.kerala.gov.in ). പ്രവേശനത്തിന് നാറ്റ, യൂസീഡ്, എന്‍.ഐ.ഡി ഡാറ്റ്, NIFT എന്‍ട്രന്‍സ് തുടങ്ങിയവയുടെ റാങ്കും പരിഗണിക്കാറുണ്ട്. വിശദ വിവരങ്ങള്‍ക്ക് ksid.ac.in സന്ദര്‍ശിക്കുക. കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ ബി.എസ്സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാം ലഭ്യമാണ് (http://iihtkannur.ac.in ).

കൂടാതെ കേരളത്തിലെ വിവിധ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ഡിസൈന്‍ മേഖലയുമായി ബന്ധപ്പെട്ട ത്രിവത്സര ബാച്ചിലര്‍ കോഴ്സുകളുണ്ട്. സെന്റ് തെരേസാസ് കോളജ് തൃശൂര്‍, അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, വിമല കോളജ് തൃശൂര്‍, എം.ഇ.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോഴിക്കോട്, നിര്‍മല കോളജ് ചാലക്കുടി, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് വയനാട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

വിദേശത്തും അവസരം

വിദേശത്തും ഡിസൈന്‍ പഠനത്തിന് നിരവധി അവസരങ്ങളുണ്ട്. യു.കെ, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, ആസ്ത്രേലിയ, ജര്‍മനി, സ്വീഡന്‍, ഫിന്‍ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച സ്ഥാപനങ്ങളുണ്ട്.

ന്യൂയോര്‍ക്ക് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലണ്ടന്‍ കോളജ് ഓഫ് ഫാഷന്‍, പാരീസിലെ മോഡ് ആര്‍ട്ട് ഇന്റര്‍നാഷണല്‍, കൊളറാഡോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി (യു.എസ്), സെന്‍ട്രല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് (ചൈന), റോയല്‍ കോളജ് ഓഫ് ആര്‍ട്ട് (യു.കെ), പിയേഴ്സന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ (യു.എസ്), യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി (ആസ്ത്രേലിയ) തുടങ്ങിയവ ഉദാഹരണങ്ങളാണ്.