വഖ്ഫ് വിഷയം കത്തി നില്‍ക്കെ മുനമ്പം വിഷയത്തിന്റെ സൂക്ഷ്മ വസ്തുതകളെന്തെന്നും ആരാണ് യഥാര്‍ഥ പ്രതികളും വാദികളുമെന്നും അന്വേഷിച്ച് രേഖകളും വിധി തീര്‍പ്പുകളും ആധാരങ്ങളും മുന്‍നിര്‍ത്തി മലയാളത്തില്‍ സമഗ്ര വസ്തുതാന്വേഷണ പുസ്തകം ഇറങ്ങിയിരിക്കുന്നു.
പെരും നുണകള്‍ കൊണ്ട് കോട്ട കെട്ടുകയും അതിനകത്തിരുന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ഗാത്മക ജനതക്ക് നേരെ വംശീയതയുടെ തുപ്പാക്കി തിരിക്കുകയും ചെയ്യുന്ന നീച രാഷ്ട്രീയമാണ് പുതിയ വഖഫ് ഭേദഗതി. പുതിയ വഖ്ഫ് നിയമത്തിനനുകൂലമായി കേരളത്തിലും പുറത്തും സംഘ്പരിവാരങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച ഒരു ന്യായം മുനമ്പത്തെ 'പീഡിത' ജനതയുടെ വേവലാതികളായിരുന്നു.
മുനമ്പത്ത് പണം കൊടുത്ത് മേടിച്ച വ്യവസ്ഥാപിതത്വമുള്ള ഭൂമിയില്‍ നിന്നു യഥാര്‍ഥ ഉടമകളെ 'ദേശവിരുദ്ധ ഭീകര സമൂഹം' തെരുവിലേക്ക് തുരത്തിയിതാ മതാധിപത്യം വാഴാന്‍ വരുന്നേ എന്ന വിലാപം കലര്‍ന്ന ആക്രോശമാണല്ലോ ഉടനീളം കേട്ടുകൊണ്ടിരുന്നത്. വഖ്ഫ് എന്ന സംവിധാനം തന്നെ ദേശ വിരുദ്ധണെന്ന പ്രചരണവും ഇതോടെ ശക്തിപ്പെട്ടു.
മുസ്‌ലിം വിരുദ്ധത തിളയ്ക്കുന്ന ഉന്മാദ വംശീയത കൂടുതല്‍ സാന്ദ്രഭരിതമാക്കാന്‍ ഉലയും കൊണ്ട് നാടാകെ മണ്ടുന്ന പരിവാരങ്ങള്‍ക്ക് ഈ സാഹചര്യം ഒരു സൗഭാഗ്യമായി മാറുകയും ചെയ്തു. അപ്പോഴും എന്താണ് വഖ്‌ഫെന്നോ മുനമ്പം വിഷയത്തില്‍ എന്തൊക്കെയാണ് ഉള്ളടങ്ങിയതെന്നോ കേരളീയ പൊതു സമൂഹം വല്ലാതെ അന്വേഷിച്ചതുമില്ല. അവര്‍ വംശീയതയുടെ പെരുമ്പറക്കാട്ടില്‍ അന്തിച്ചു നില്‍ക്കുകയാണ്.
നമ്മുടെ നീതി വ്യവസ്ഥയും ന്യായശാസനകളും എന്തുകൊണ്ടാണ് മുനമ്പം വിഷയത്തില്‍ കൈയേറ്റക്കാരെ ഒരിക്കലും ഏറ്റെടുക്കാതിരിക്കുന്നതെന്നു പോലും ഇവരാരും തിരക്കിയില്ല. അത് തിരിച്ചറിയുന്നതും യഥാര്‍ഥ വസ്തുത പൊതു സമക്ഷം അവതരിപ്പിക്കുന്നതും രാജ്യദ്രോഹമായേക്കുമെന്നൊരു വിഭ്രമം സാമാന്യവത്കരിക്കപ്പെട്ട കാലമാണിത്.
അപ്പോഴാണ് മുനമ്പം വിഷയത്തിന്റെ സൂക്ഷ്മ വസ്തുതകളെന്തെന്നും ആരാണ് യഥാര്‍ഥ പ്രതികളും വാദികളുമെന്നും സര്‍ക്കാര്‍ രേഖകളും ന്യായാസന വിധി തീര്‍പ്പുകളും വകുപ്പാധാരങ്ങളും മുന്‍നിര്‍ത്തി ആകര ഉപാദാനങ്ങളുടെ പിന്തുണയോടെ മലയാളത്തില്‍ ആദ്യമായൊരു സമഗ്ര വസ്തുതാന്വേഷണ പുസ്തകം വരുന്നത്. കോഴിക്കോട് ഓപ്പണ്‍ റീഡ് പ്രസിദ്ധീകരിച്ച ടി. റിയാസ് മോന്റെ 'മുനമ്പം വഖഫ് രേഖകള്‍.'
മുസ്‌ലിം വഖഫ് സമ്പ്രദായത്തിന്റെ ഉത്ഭവവും മതപരമായ ഉദ്ദേശ്യവും വികാസപരിണാമങ്ങളും വിശദപ്പെടുത്തിക്കൊണ്ടാണ് റിയാസ്‌മോന്റെ പുസ്തകം സമാരംഭിക്കുന്നത്. ആ അറിവ് മുനമ്പം സംവാദം നിഷ്പക്ഷമായി അന്വേഷിക്കുന്നവര്‍ക്ക് അനിവാര്യമാണ്. മുനമ്പം വഖ്ഫ് സ്വത്തല്ലെന്നതാണ് 'താമസക്കാരുടേ'യും അവരുടെ പിറകേ അന്ധബോധ്യ പിന്തുണാ ഭാണ്ഡവുമായി പായുന്ന പരിവാരങ്ങളുടേയും ദുഷ്ട വാദം.
ഈ ആഖ്യാനം എത്രമാത്രം സത്യത്തോട് വിദൂരമാണെന്നത് ഈ പുസ്തകം വിശദമാക്കുന്നു. മുനമ്പം ഭൂമി വഖ്ഫല്ലെന്ന് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് പോലും പറഞ്ഞു കളയുന്ന ഒരു സന്ദിഗ്ധത ഇന്ന് നമ്മുടെ മുന്നിലുണ്ട്. മുനമ്പം തര്‍ക്കത്തിലെ നിര്‍ണായക വിഗതിയാണിത്. ഇതിന്റെ വസ്തുതയും പരിശോധിക്കപ്പെടണം.
മുനമ്പം വഖ്ഫല്ലാതായത് എങ്ങനെ?
റിയാസ് മോന്റെ പുസ്തകം ഈ ഭാഗം സത്യസന്ധമായി വിശകലനം ചെയ്യുന്നുണ്ട്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് എടുത്തു കൊടുത്ത ഈയൊരു മുറിച്ചുരികയുമായാണ് മുനമ്പം പരിവാരങ്ങള്‍ വഖഫ് ബോര്‍ഡിനോടും മുസ്‌ലിം സംഘടനകളോടും ശംഖ് വിളിച്ച് പടക്കിറങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ഭാഗം വിസ്താരത്തില്‍ അന്വേഷിക്കണം.
വഖ്ഫാധാരത്തിന്റെ അസ്സല്‍ രേഖകള്‍ അവതരിപ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ ഈ കപട ന്യായത്തിന്റെ മുന ഒടിക്കുന്നത് നല്ലൊരു വായാനാ സന്ദര്‍ഭമാണ്. മാത്രമല്ല പറവൂര്‍ കോടതിയില്‍ നിന്നുണ്ടായ ചരിത്രപ്രധാനമായ മുനമ്പം വിധിയില്‍ ഈ ഭൂമി വഖ്ഫ് വസ്തു തന്നെയാണെന്ന് സ്ഥിരീകരിച്ച ഭാഗവും എടുത്തു ചേര്‍ക്കുന്നുണ്ട്. 1971ല്‍ ഹൈക്കോടതി നടത്തിയ അപ്പീല്‍ വിധിയില്‍ കീഴ്‌ക്കോടതി തീര്‍പ്പ് അന്തിമവിധിയായി അംഗീകരിച്ചതും പുസ്തകം വിപുലതയില്‍ തന്നെ ചര്‍ച്ചക്കെടുക്കുന്നു.
സത്യവിശ്വാസികളും ഉദാരമനസ്‌കരുമായിരുന്നു മുനമ്പം വഖ്ഫാധാരം ഫാറൂഖ് കോളെജിന് സമര്‍പ്പിച്ച മൂസാ സേട്ടുവും കുടുംബവും. അവരുടെ പരലോകമോക്ഷത്തിനാണവര്‍ മുനമ്പം ഭൂമി പൊതു സൂഹത്തിന് വഖ്ഫാക്കി നല്‍കിയത്. ആ വഖ്ഫാധാരം ആരുമറിയാതെ ദാനാധാരമായി വില്പന പ്രമാണങ്ങളിലേക്ക് പരകായം നടത്തിയ ഇന്ദ്രജാലവും പുസ്തകം ഗഹനതയില്‍ അന്വേഷിക്കുന്നുണ്ട്.
വഖ്ഫാധാരം ദാനാധാരമായി മാറിയ 'അത്ഭുത'ത്തിന്റെ മറവില്‍ വസ്തുവഹകള്‍ വില്പനക്ക് വെച്ച ഫാറൂഖ് കോളെജ് ചുമതലക്കാരെയും അതില്‍ ഇടനിലനിന്നു കൊടുത്ത സാമൂഹ്യ ദ്രോഹികളെയും പുസ്തകം നിഷ്‌കൃഷ്ടമായി കുറ്റവിചാരണ ചെയ്യുന്നുണ്ട്.
കൊച്ചിയിലെ അബ്ദുസ്സത്താര്‍ ഹാജി മൂസാ സേട്ടിന് രേഖകള്‍ വെച്ച് രജിസ്റ്റര്‍ ചെയ്ത് കിട്ടിയ ഭൂമിയാണ് മുനമ്പം. അത് മൂസാ സേട്ടിന് രാജാവ് പാട്ടത്തിന് നല്‍കിയതാണെന്ന വിചിത്ര ന്യായമാണ് സംഘപരിവാര്‍ മാധ്യമങ്ങളും അവരുടെ 'നിരീക്ഷകരും' പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വാദം സത്യമല്ലെന്ന് നിരവധി രേഖകളുടെയും അസ്സല്‍ പ്രമാണങ്ങളുടെയും ബലത്തിലാണ് പുസ്തകം സ്ഥാപിച്ചെടുക്കുന്നത്.
കയ്യേറ്റക്കാര്‍ സമാദരിക്കപ്പെടണമെന്നും യഥാര്‍ഥ ഉടമകള്‍ സ്വന്തം മണ്ണ് വിട്ട് തിരിച്ചിറങ്ങണമെന്നും പറയുന്ന വിചിത്ര വാദങ്ങളാണ് പരിവാര്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. യഥാര്‍ഥം പറഞ്ഞാല്‍ വളരെ കുറഞ്ഞ സ്ഥിരതാമസക്കാരേ മുനമ്പത്തുള്ളൂ.
തലമുറകളായി ഞങ്ങള്‍ മുനമ്പത്ത് താമസിക്കുന്നവരാണെന്നും അതുകൊണ്ട് ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ഭൂമിയാണിതെന്നുമാണ് 'മുനമ്പത്തു'കാരും അവര്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ വിചാരണക്കെത്തുന്ന പാറവക്കീലന്മാരും വാദിക്കുന്നത്. എന്നാല്‍ മുഹമ്മദ് സിദ്ദീഖ് സേട്ട് മുനമ്പത്തെ ഭൂമി ഫാറൂഖ് കോളെജിന് വഖഫ് ചെയ്യുമ്പോള്‍ അവിടെ സ്ഥിരതാമസക്കാരേ ഉണ്ടായിരുന്നില്ല എന്നാണ് കോടതി രേഖകള്‍ ഉപാദാനമാക്കി ഗ്രന്ഥകര്‍ത്താവ് വെളിപ്പെടുത്തുന്നത്.
നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് അതത്രയും നേര്‍ സത്യങ്ങളാക്കാന്‍ ശ്രമിച്ചാലും കോടതി വിധികളും സര്‍ക്കാര്‍ രേഖാ സാമഗ്രികളും മറ്റൊന്നു സംസാരിക്കില്ലല്ലോ. 1950ല്‍ വഖ്ഫാധാരമായി പ്രമാണമാക്കപ്പെട്ട ഭൂമിയാണ് മുനമ്പം. ശേഷം ഭൂമി തുണ്ടുകളായി മറിച്ചു വിറ്റുവെന്ന വിവരം വഖ്ഫ് ബോര്‍ഡിന്റെ ശ്രദ്ധയില്‍ വന്നപ്പോഴാണ് അത് തിരിച്ചു പിടിക്കാന്‍ അവര്‍ നിയമനടപടി ആരംഭിച്ചത്.
അല്ലാതെ ഭൂമാഫിയകളും അവരുടെ വാടക വക്താക്കളും പ്രചരിപ്പിക്കുന്നത് പോലെ മുന്നില്‍ കാണുന്ന ഭൂമിക്കെല്ലാം അവകാശവാദമുന്നയിച്ചു നടക്കുന്ന കൂട്ടത്തില്‍ വഖ്ഫ് ബോര്‍ഡ് ഇവിടേയും വന്നു കയറിയതല്ല.
കയ്യേറ്റക്കാര്‍ സമാദരിക്കപ്പെടണമെന്നും യഥാര്‍ത്ഥ ഉടമകള്‍ വെറും കയ്യോടെ സ്വന്തം മണ്ണ് വിട്ട് തിരിച്ചിറങ്ങണമെന്നും പറയുന്ന വിചിത്ര വാദങ്ങളാണ് പരിവാര്‍ വൃത്തങ്ങള്‍ ഇന്ന് ഉന്നയിക്കുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ വളരെ കുറഞ്ഞ സ്ഥിരതാമസക്കാരേ മുനമ്പത്തുള്ളൂ. ബാക്കി കയ്യേറ്റക്കാരും പിന്നെ നിക്ഷിപ്ത ലക്ഷ്യങ്ങളുള്ള വമ്പന്‍ റിസോര്‍ട്ട് മാഫിയകളുമാണ്.
ഇങ്ങനെ കയ്യേറ്റക്കാര്‍ക്കും മാഫിയാ അധോലോകത്തിനും വേണ്ടി നടക്കുന്ന പ്രചാരണ യുദ്ധത്തില്‍ വീണുപോയവരാണ് നമ്മുടെ കുറേ മാധ്യമങ്ങള്‍. അവരാണ് വഖഫ് ബോര്‍ഡിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂമാഫിയയെന്ന് തെറിവിളിക്കുന്നത്. ഇതില്‍ ഒരു ജനാധിപത്യ ഭരണകൂടം പങ്കാളിയാവുന്ന ദൃശ്യവും ഇവിടെ കാണുന്നു. ഈ അധികാര പിന്‍ബലത്തിലാണ് വഖ്ഫ് നിയമങ്ങള്‍ മനുഷ്യവിരുദ്ധമാണെന്ന പ്രചാരണം ശക്തിപ്പെടുന്നതും.
ഇതില്‍ പരിഭ്രമിച്ചോ അതോ തങ്ങള്‍ അത്രമേല്‍ മാനവവാദികളണെന്ന് വരുത്തിത്തീര്‍ക്കുന്നതിനോ എനി മറ്റേതെങ്കിലും പുരസ്‌കാരങ്ങള്‍ ലക്ഷ്യമാക്കിയോ ആവാം ഒരു മതപണ്ഡിതന്‍ വരെ മുനമ്പത്തെ ഭൂമിയാസകലം സര്‍ക്കാര്‍ ഏറ്റെടുത്ത് താമസക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന ഗമണ്ടന്‍ മണ്ടത്തരം പോലും വ്യക്തിപരമായി ഉന്നയിച്ചുകളയുന്നത്.
ഇവരുടെയൊക്കെ തിരിച്ചറിവിലേക്കും ഈ പുസ്തകം ഉപകാരമാകും. പുതിയ വഖ്ഫ് ബില്ലും മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നവുമൊക്കെ കൂട്ടിക്കുഴച്ചാണിന്നും കേരളത്തില്‍ സംവാദം നടക്കുന്നത്. ഇത്രയേറെ ധര്‍മ പ്രവൃത്തികള്‍ നടത്തി സാമൂഹ്യ മധ്യത്തില്‍ അഭിജാതമായി നില്‍ക്കുന്നൊരു ജനതയെ നോക്കിയാണ് ഭൂമാഫിയക്കാരും അവരുടെ സാമന്തന്‍മാരും ചേര്‍ന്ന് തട്ടിപ്പറിക്കാരെന്ന് അശ്ലീലം പറയുന്നത്. അതിന്റെ സത്യസ്ഥിതി അറിയാന്‍ 'മുനമ്പം വഖഫ് രേഖകള്‍' എന്ന പുസ്തകം മാത്രം മതിയാവും.
സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനും മുസ്‌ലിം നവോത്ഥാന നായകനും ഫാറൂഖ് കോളേജ് സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന കെ.എം സിതി സാഹിബിന്റെ പൗത്രന്‍ കെ.എം അല്‍താഫിന്റെ പ്രൗഢമായൊരു അവതാരികയും മുസ്‌ലിം സാംസ്‌കാരിക രേഖാസൂക്ഷിപ്പുകാരനും എഴുത്തുകാരനുമായ അബ്ദുറഹ്മാന്‍ മങ്ങാടിന്റെ വഖഫ് പ്രബന്ധവും റിയാസ് മോന്റെ പുസ്തകത്തെ ഒന്നു കൂടി മൗലികമാക്കുന്നു.
ഈ വിഷയത്തില്‍ മലയാള ഭാഷയില്‍ ഇതിന് മുമ്പ് ഇതുപോലൊരു ആകര പുസ്തകമില്ല. വെറുതേ വാദിച്ചു പോകുന്ന പുസ്തകമല്ലിത്. നിരവധി കോടതി രേഖകളും പ്രമാണ പകര്‍പ്പുകളും അസ്സല്‍ എഴുത്തുകളും ഉപാദാനങ്ങളാക്കി എടുത്തു ചേര്‍ത്തുള്ള മൗലിക രചനയാണിത്. ഈ സംഘര്‍ഷ സങ്കീര്‍ണ കാലത്ത് ഏറെ വായന അനിവാര്യമാക്കുന്ന പുസ്തകം.
മുനമ്പം വഖ്ഫ് രേഖകള്‍
ടി. റിയാസ് മോന്‍.
പ്രസാ: ഓപ്പണ്‍റീഡ് കോഴിക്കോട്.
പേജ്:129, വില: 190