ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്നു


കെ കെയുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഈ പുസ്തകത്തിലൂടെ സാധിക്കുന്നു. ലളിതവും ആകര്‍ഷകവും പാണ്ഡിത്യ ഗരിമയുമുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ ഹൃദയഹാരിയായ ചില അടരുകളെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.

ജീവിതകഥപറയാന്‍ മറ്റുള്ളവരില്‍നിന്ന് വേറിട്ട ജീവിതമുണ്ടായിരിക്കണമെന്നത് സ്വാഭാവികമായ ഒരു യുക്തിയാണ്. അല്ലെങ്കില്‍ എല്ലാവരുടെ കഥയും ഒന്നായിത്തീരും. അപ്പോള്‍ അത് മറ്റാര്‍ക്കെങ്കിലും വായിക്കേണ്ടതായോ അതില്‍ നിന്ന് ആര്‍ക്കെങ്കിലും പ്രചോദനമോ പാഠങ്ങളോ ഉള്‍ക്കൊള്ളേണ്ടതായോ ഉണ്ടാവില്ല.

ആഢംബരവും ധൂര്‍ത്തും സാധാരണയായി തീര്‍ന്ന ഒരു കാലത്ത് അത്യധികം സാധാരണ മനുഷ്യനായി ജീവിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ല. അങ്ങനെ വ്യത്യസ്തമായ ഒരു ജീവിത ചരിത്രമാണ് പണ്ഡിതനും ഇസ്‌ലാഹി നേതാവുമായ കെ കെ മുഹമ്മദ് സുല്ലമിയെക്കുറിച്ചുള്ള ഈ പുസ്തകം പറയുന്നത്.

'പരിഷ്‌കര്‍ത്താക്കള്‍' എന്ന ഗ്രന്ഥപരമ്പരയില്‍ ഉള്‍പ്പെടുത്തി 'കെ കെ മുഹമ്മദ് സുല്ലമി' എന്ന പേരില്‍ യുവത ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് മന്‍സൂറലി ചെമ്മാടാണ്. സമ്പൂര്‍ണ ജീവചരിത്രം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും കെ കെയുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഈ പുസ്തകത്തിലൂടെ സാധിക്കുന്നുണ്ട്.

അത്രമേല്‍ ലളിതവും ആകര്‍ഷകവും പാണ്ഡിത്യ ഗരിമയുമുള്ള കെ കെയുടെ ജീവിതത്തിലെ ഹൃദയഹാരിയായ ചില അടരുകളെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. കഥപറയുന്ന ശൈലി വശമുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഭാഷയുടെ ലാളിത്യവും കാവ്യാത്മകതയും ഈ കൃതിയുടെ ആഖ്യാനത്തെ മികച്ചതാക്കുന്നു.

ജീവചരിത്രമാണെന്നു പോലും ഓര്‍ക്കാതെ ഒഴുക്കില്‍ വായിച്ചാസ്വദിക്കാന്‍ സാധിക്കും. പാണ്ഡിത്യവും മാനവികതയുമുള്ള ഒരു ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ ഏതൊരാള്‍ക്കും മാതൃക പകരുന്നതാണ്. ഏതൊരാള്‍ക്കും തന്റെ ജീവിതത്തോടു ചേര്‍ത്തുവെക്കാവുന്ന പല മുഹൂര്‍ത്തങ്ങളും ഈ പുസ്തകത്തിലുണ്ട്. മുജാഹിദ് ആദര്‍ശ ബന്ധുക്കള്‍ക്ക് ഈ പുസ്തകം ഒരു ജീവിത ഗൈഡാക്കാവുന്നതാണ്.

ആശയ പ്രചാരണത്തിലും പ്രസ്ഥാനത്തിന്റെ വ്യാപനത്തിലും വലിയ പങ്കുവഹിച്ച പണ്ഡിതനാണ് കെ കെ മുഹമ്മദ് സുല്ലമി. പ്രഭാഷകന്‍, വായനക്കാരന്‍, സംഘാടകന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം അടയാളപ്പെടുത്തിയ ജീവിതമാണത്.

പ്രസംഗത്തിനായി ചെന്നിടത്ത് സദസ്സിലിരുന്ന് കുശലവും തമാശകളും പറയുന്ന ആളായും തന്നെ തേടി വന്ന വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിക്കൊടുക്കുന്നയാളായും പ്രസംഗിക്കുമ്പോള്‍ കൂവിയ എതിര്‍വിഭാഗക്കരെ സരസമായ തമാശയിലൂടെ നിശ്ശബ്ദരാക്കിയും എതിരാളികളെക്കൊണ്ട് സ്വന്തം ഭാഷണം തീരുവോളം അതിന്റെ കാന്തികവലയത്തിലേക്ക് ആകര്‍ഷിച്ചും സമ്മേളനവേദികളുടെ പിറകില്‍ ഭക്ഷണ വകുപ്പിന്റെ മേല്‍നോട്ടവുമായി ഓടിനടന്ന് അധ്വാനിച്ചും, പ്രസംഗത്തിന് തന്റെ ഊഴമെത്തുമ്പോള്‍ വിയര്‍പ്പും കരിയും തുടച്ച് വന്നു നിന്ന് പ്രൗഢ പ്രസംഗത്താല്‍ സദസ്സിനെ പിടിച്ചുനിര്‍ത്തുകയും അമ്പരപ്പിക്കുയും ചെയ്യുന്ന ആളായും അദ്ദേഹം നമ്മുടെ മുന്നില്‍ അവതരിച്ചിട്ടുണ്ട്.

സമയനിഷ്ഠയിലെ അദ്ദേഹത്തിന്റെ സൂക്ഷ്മതയും ഗുരുതരരോഗം വന്ന് കിടപ്പിലായിരിക്കുമ്പോഴും തന്നെക്കാള്‍ സംഘടനയെക്കുറിച്ച് വിചാരപ്പെടുന്ന പ്രാസ്ഥാനികനായുമെല്ലാമുള്ള സുല്ലമിയുടെ സവിശേഷ വ്യക്തി മഹത്വത്തെ ഗ്രന്ഥകാരന്‍ ചിത്രണം ചെയ്യുന്നുണ്ട് പുസ്തകത്തില്‍.

ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രതിരോധത്തിന്റെ കാലത്തും അതിന് മുമ്പും നെടുംതൂണുകളിലൊന്നായി അതിന്റെ കര്‍മസരണിയില്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ച ലാളിത്യത്തിന്റെ ആള്‍രൂപമായ ഒരു വലിയ മനുഷ്യനെ രേഖപ്പെടുത്തുന്ന ഈ പുസ്തകം ഏറെ വായിക്കപ്പെടേണ്ടതുണ്ട്.