ഏതു പ്രതിസന്ധിയിലും എവിടെയോ ഒരു പരിഹാരത്തിന്റെ നുറുങ്ങുവെട്ടം കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത്തരത്തിലുള്ള ചിന്തകളിലേക്ക് കടന്നുകയറാനുള്ള ചവിട്ടുപടികളാണ് നുറുങ്ങുകളായി ഈ പുസ്തകത്തില്‍ പടുത്തുവെച്ചിരിക്കുന്നത്.
നാം ചെയ്തുപോരുന്ന ഏറ്റവും നിസ്സാരമെന്ന് നമുക്ക് തോന്നുന്ന നന്മകള്‍ പോലും എത്ര മഹത്തരമായാണ് അല്ലാഹുവില്‍ അടയാളപ്പെട്ടു കിടക്കുന്നത് എന്നറിയുമ്പോഴാണ് നന്മകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മനസ്സ് സ്വയം പ്രാപ്തമാവുന്നത്.
ഇതിനു വേണ്ടി മാത്രമായി സമയം ചെലവഴിക്കേണ്ടതുമില്ല. മറ്റു പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവുമ്പോഴും ഇത് സാധ്യമാണ്. ഇക്കാര്യം ധാരാളമായി യുക്തിഭദ്രതയോടെ 'നിങ്ങള്‍ക്കുമാകാം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വനിത' എന്ന പുസ്തകം വിളംബരം ചെയ്യുന്നുണ്ട്.
ഇഹത്തിലും പരത്തിലും ജീവിതവിജയം കൈവരിക്കാന്‍ പ്രചോദനം നല്‍കുന്ന, നമ്മളില്‍ പലരും ഒരുപക്ഷേ അത്ര കാര്യമാക്കാതെ വിട്ടുകളയുന്ന ഏതൊരു കാര്യത്തിലും പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ടെന്ന പൊരുള്‍ ഈ പുസ്തകം വായിക്കുമ്പോള്‍ ഒരു മിന്നല്‍പിണര്‍ പോലെ സന്ദര്‍ഭോചിതം ചിന്തയില്‍ തെളിഞ്ഞുവരും.
ഏതു പ്രതിസന്ധിയിലും എവിടെയോ ഒരു പരിഹാരത്തിന്റെ നുറുങ്ങുവെട്ടം കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത്തരത്തിലുള്ള ചിന്തകളിലേക്ക് കടന്നുകയറാനുള്ള ചവിട്ടുപടികളാണ് നുറുങ്ങുകളായി ഇതില്‍ പടുത്തുവെച്ചിരിക്കുന്നത്.
'നിങ്ങളുടെ ജീവിതത്തിന് അലങ്കാരങ്ങളാകുന്ന സുന്ദരങ്ങളായ ആശയങ്ങള്‍ അടക്കം ചെയ്ത ചെപ്പാണ് ഈ പുസ്തകം'- ഇങ്ങനെ അഭിസംബോധന ചെയ്തുകൊണ്ട് മൂലഗ്രന്ഥകാരന്‍ ഡോ. ഐദുല്‍ ഖര്‍നി, 'നിങ്ങള്‍ക്കുമാകാം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വനിത' എന്ന പുസ്തകത്തിനു തുടക്കമിടുന്നത്.
മികച്ച അധ്യാപക അവാര്‍ഡ് ജേതാവും എഴുപതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ എ കെ അബ്ദുല്‍ മജീദാണ് പുസ്തകം മൊഴിമാറ്റം ചെയ്തിരിക്കുന്നത്. വായനക്കാരികളായ വനിതകളോട് ഈ പുസ്തകം ചോദിക്കുന്നു: ''ദുഃഖം കൊണ്ട്, നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതായി കേട്ടിട്ടുണ്ടോ? ആകുലതകള്‍ തെറ്റുകളെ തിരുത്തിയിട്ടുണ്ടോ? പിന്നെയെന്തിന് ദുഃഖവും ആകുലതകളും?''

നമ്മുടെയൊക്കെ ദുഃഖത്തെയും ആകുലതകളെയും കുറിച്ചുള്ള ഈ ചോദ്യം സ്വന്തം മനസ്സിനോട് ഒട്ടേറെ തവണ ചോദിക്കാന്‍ ഈ വായന പര്യാപ്തമാവുമെന്നു തീര്‍ച്ച. തീര്‍ച്ചയായും എല്ലാ പ്രയാസങ്ങളോടൊപ്പവും ആശ്വാസമുണ്ടെന്ന ഖുര്‍ആന്‍ വചനം (94:6) സ്ഥിരീകരിക്കാന്‍ 'ഏകാധിപത്യത്തെ വെല്ലുവളിച്ച സ്ത്രീ' എന്ന ശീര്‍ഷകത്തില്‍ ഫിര്‍ഔനിന്റെ ഭാര്യയെ ഉദാഹരിക്കുന്നുണ്ട്.
സ്ത്രീമനസ്സിന് ഇത്രമേല്‍ ആശ്വാസം പകരുന്ന മറ്റൊരു സന്ദര്‍ഭമുണ്ടാവില്ല. സമാധാനിക്കാനും സന്തോഷിക്കാനും മാത്രമല്ല, അതുവഴി പോലും പുണ്യം നേടാനും കാരണമാവുന്നു എന്നതാണ് ഓര്‍ക്കാതെ പോകുന്ന സത്യം.
എന്തെങ്കിലും ദുഃഖങ്ങളോ പ്രയാസങ്ങളോ ഉണ്ടായാല്‍ അവ പാപമോചനത്തിനു നിമിത്തമാവും എന്നോര്‍ക്കുക. ഒരു കുഞ്ഞ് മരിച്ചുപോയാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ആ കുഞ്ഞ് നിങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യും. ഏതെങ്കിലും അസുഖമോ വൈകല്യമോ സംഭവിച്ചാല്‍ അതു മുഖേന അല്ലാഹുവില്‍ നിന്ന് പ്രത്യേക സമ്മാനമുണ്ട്.
മറ്റുള്ളവരോട് താരതമ്യം ചെയ്ത് ജീവിതത്തെ നിരാശാജനകം എന്ന് സ്വയം അടയാളപ്പെടുത്തുന്നവര്‍ക്ക് പുനര്‍വിചിന്തനം നടത്താന്‍ പല ഘട്ടങ്ങളായി കൊച്ചു കൊച്ചു അധ്യായങ്ങളിലൂടെ ഡോ. ഐദുല്‍ ഖര്‍നിയുടെ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു.
അത് അവന്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. വിശപ്പ്, രോഗം, ദാരിദ്ര്യം എന്നിവയ്ക്കെല്ലാം അവയുടേതായ പ്രതിഫലമുണ്ട്. ഒന്നും നഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കാനുള്ള ഒരു നിധിയായി കാത്തുവെച്ചിരിക്കുകയാണ് അവ. പരലോകത്തു വെച്ച് ഉടമകള്‍ക്ക് അവന്‍ നല്‍കുന്നതാണ്.
ഭംഗിവാക്കുകളോ താല്‍ക്കാലിക ആശ്വാസവചനങ്ങളോ അല്ല ഇവയൊന്നുമെന്ന് ചരിത്രവും തെളിവുകളും നിരത്തി പ്രഖ്യാപിക്കുകയാണ് ഇവിടെ.
''നിങ്ങളെ കഷ്ടത്തിലാക്കുന്ന ധാരാളത്തേക്കാള്‍ നല്ലതാണ് നിങ്ങള്‍ സന്തോഷിപ്പിക്കുന്ന അല്‍പം.''
മറ്റുള്ളവരോട് താരതമ്യം ചെയ്ത് ജീവിതത്തെ നിരാശാജനകം എന്ന് സ്വയം അടയാളപ്പെടുത്തുന്നവര്‍ക്ക് പുനര്‍വിചിന്തനം നടത്താന്‍ പല ഘട്ടങ്ങളായി കൊച്ചു കൊച്ചു അധ്യായങ്ങളിലൂടെ ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു.
സ്വര്‍ണമോ വെള്ളിയോ അല്ല നിങ്ങളുടെ അലങ്കാരം, മറിച്ച്, ഫജ്‌റിന്റെ രണ്ട് റക്അത്തും നോമ്പിന്റെ ദാഹവും അല്ലാഹു അല്ലാതെ മറ്റാരും അറിയാത്തവിധം ഗോപ്യമാക്കിവെച്ച പാതിവ്രത്യവും പാപം കഴുകിക്കളയുന്ന ചുടുബാഷ്പങ്ങളും താഴ്മയോടെയുള്ള ദീര്‍ഘനേരത്തെ സുജൂദും ദുഷ്ചിന്തകള്‍ക്ക് വഴിപ്പെട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ലജ്ജയുമാണ് നിങ്ങളുടെ ആഭരണങ്ങള്‍.
ഒരു സ്ത്രീക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാന്‍ ധൈര്യം പകരുന്നതാണ് ഈ വായന. ഹദീസില്‍ ബിരുദാനന്തര ബിരുദം നേടിയ ലോക ഇസ്ലാമിക പണ്ഡിതന്‍ ഡോ. ഐദുല്‍ ഖര്‍നി രചിച്ച ഈ ഗ്രന്ഥം മലയാളികള്‍ക്ക് പരിഭാഷപ്പെടുത്തുക വഴി വിവര്‍ത്തകന്‍ എ.കെ. അബ്ദുല്‍ ഹമീദ് ഇസ്ലാമിക പുസ്തകശേഖരത്തിലേക്ക് ഒരു ഗ്രന്ഥം കൂടി ചേര്‍ത്തുവെക്കുകയാണ്.
യുവത പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇസ്ലാമിക വായനയുടെ തെളിമയെ അടയാളപ്പെടുത്തുന്ന ഒരു മുതല്‍ക്കൂട്ടാണ്.