സര്‍വവേദ സത്യവാദം; മഹാ വിശാലതയുടെ ലക്ഷണമോ!

കെ എം ജാബിർ

മലയാളികള്‍ക്കിടയില്‍ പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വേദങ്ങള്‍ കാലാതിവര്‍ത്തിയും നിത്യപ്രസക്തവുമാണെന്നും വേദങ്ങളെല്ലാം സത്യവും പൂര്‍ണവുമാണെന്നും വാദങ്ങളുണ്ട്.

ല്ലാഹു നിയോഗിച്ചയച്ച മുഴുവന്‍ പ്രവാചകന്മാരിലും അവന്‍ അവതരിപ്പിച്ച മുഴുവന്‍ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണെന്ന് ഖുര്‍ആന്‍ പറയുന്നു: ''തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു, സത്യവിശ്വാസികളും. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. അവര്‍ പറയുകയും ചെയ്തു: ഞങ്ങള്‍ ഇതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം'' (2:285).

രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍, നാലാം സൂക്തത്തില്‍ മുന്‍ വേദങ്ങളിലുള്ള വിശ്വാസത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവിടെ എക്കാലത്തെയും ധര്‍മനിഷ്ഠ പാലിച്ചു ജീവിക്കുന്നവരുടെ മാറ്റമില്ലാത്ത ഗുണമായിട്ടാണത് പറഞ്ഞത്. അത് ഇങ്ങനെയാണ്: ''നിനക്കും നിനക്കു മുമ്പും അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളില്‍ വിശ്വസിക്കുകയും പരലോകത്ത് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍)'' (2:04).

അതുപോലെ, വിശുദ്ധ ഖുര്‍ആനില്‍ മുന്‍കാല ദൈവദൂതന്‍മാര്‍ക്ക് അല്ലാഹു പ്രമാണങ്ങള്‍ (കിതാബ്, സുഹുഫ്, സുബുര്‍) നല്‍കിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട് (3:184). ''അതിനാല്‍ അവര്‍ താങ്കളെ നിഷേധിച്ചുവെങ്കില്‍, താങ്കള്‍ക്കു മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം ചൊരിയുന്ന ഗ്രന്ഥവും കൊണ്ടുവന്ന പല ദൂതന്‍മാരും കളവാക്കപ്പെട്ടിട്ടുണ്ട്'' (3:184).

ഖുര്‍ആനിനു പുറമേ മൂന്നു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചത്. തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നിവയാണത്. ഈ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കല്‍ ഏകദൈവവിശ്വാസികളായ മുസ്‌ലിംകളുടെ ബാധ്യതയാണ്. തര്‍ക്കമില്ലാത്ത കാര്യം.

എന്നാല്‍, മൂസാ നബിക്ക്(അ) അല്ലാഹു അവതരിപ്പിച്ചുകൊടുത്ത തൗറാത്തും ഈസാ നബിക്ക്(അ) അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ഇന്‍ജീലും ദാവൂദ് നബി(അ)ക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത സബൂറും അവയുടെ സാക്ഷാല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ല. മുസ്‌ലിം ലോകത്ത് ഇക്കാര്യത്തില്‍ അഭിപ്രായാന്തരമില്ല.

പഴയ നിയമ പുസ്തകം (Old testament), പുതിയ നിയമ പുസ്തകം (New testament) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബൈബിള്‍, ഖുര്‍ആനില്‍ പറഞ്ഞ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നീ വേദഗ്രന്ഥങ്ങളാണെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ നിര്‍വാഹമില്ല. കാരണം, പില്‍ക്കാലങ്ങളില്‍ വന്നുപോയിട്ടുള്ള വെട്ടിക്കുറയ്ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ച ഗ്രന്ഥങ്ങളെ ദൈവികമായും പ്രാമാണികമായും സ്വീകരിക്കുക സാധ്യമല്ല.

വേദങ്ങള്‍ കാലഹരണപ്പെടില്ല എന്നും പരസ്പരം സത്യപ്പെടുത്തിയും സ്ഥിരീകരിച്ചുമാണ് അവ അവതരിച്ചിട്ടുള്ളതെന്നും വാദങ്ങളുയരുന്നു.

അതേസമയം, സാക്ഷാല്‍ ദൈവിക വചനങ്ങളുടെ മൗലിക സന്ദേശങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് നിഷേധിക്കാനുമാവില്ല. ഖുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പു കാണാം:

''എന്നാല്‍, സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്, അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അതു മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാണ് (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (2:79).

ഖുര്‍ആനിലെ ഈ വചനം ഖുര്‍ആന്റെ അവതരണ ഘട്ടത്തിലെത്തന്നെ വേദക്കാരുടെ പൊള്ളയായ അവകാശവാദത്തെ തൊലിയുരിക്കുന്നുണ്ട്.

'സര്‍വവേദ സത്യവാദം' 'വേദസന്ദേശങ്ങളുടെ
ആകാശവിശാലത'യോ?

എന്നാല്‍, മലയാളികള്‍ക്കിടയില്‍ ഇന്ന് പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വേദങ്ങള്‍ കാലാതിവര്‍ത്തിയും നിത്യപ്രസക്തവുമാണെന്നും അതിനാല്‍ അവയില്‍ പഴയത്, പുതിയത് എന്നിങ്ങനെയോ പ്രാദേശികം, സാര്‍വലൗകികം എന്നിങ്ങനെയോ ഉള്ള ഭേദങ്ങള്‍ ഇല്ല എന്നും, വേദങ്ങളെല്ലാം സത്യവും പൂര്‍ണവുമാണെന്നും ഒരു വേദം മറ്റൊരു വേദത്തെ ദുര്‍ബലപ്പെടുത്തുകയില്ല എന്നും വാദങ്ങളുണ്ട്.

വേദങ്ങള്‍ ഒരിക്കലും കാലഹരണപ്പെടുകയില്ല എന്നും പരസ്പരം സത്യപ്പെടുത്തിയും സ്ഥിരീകരിച്ചുമാണ് വേദങ്ങള്‍ അവതരിച്ചിട്ടുള്ളതെന്നും വാദിക്കുന്നതായി കാണാം. ഏത് വേദത്തെ പിന്‍പറ്റിയാലും മോക്ഷമുണ്ട് എന്നും വേദങ്ങളില്‍ കാണുന്ന അനുഷ്ഠാന നിയമങ്ങളിലെ വ്യത്യാസങ്ങള്‍ അടിസ്ഥാനപരമല്ല എന്നും, വ്യത്യസ്ത ആരാധനാരീതികളും അനുഷ്ഠാന-ആചാര നിയമങ്ങളും പിന്തുടരുമ്പോഴും പരസ്പരം വിവാഹിതരാകാമെന്നും ഒന്നിച്ചു ജീവിക്കാമെന്നും, നിലവില്‍ വേദഗ്രന്ഥങ്ങളായി അറിയപ്പെടുന്ന എല്ലാ വേദങ്ങളും ഇപ്പോഴും എപ്പോഴും ലോകാവസാനം വരെ ദൈവികം തന്നെയാണ് എന്ന് വിശ്വസിക്കണമെന്നും ഒരു വിഭാഗം വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മറിച്ച്, പൂര്‍വ വേദഗ്രന്ഥങ്ങള്‍ സാക്ഷാല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ല എന്ന വിശ്വാസം ഗുരുതരമായ പിഴവാണെന്നും അത്തരം ധാരണകള്‍ നൂറ്റാണ്ടുകളായി സമുദായത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ശ്രേഷ്ഠതാവാദത്തിന്റെ അടയാളമാണെന്നും ഈ വിഭാഗം വാദിക്കുന്നു. ഖുര്‍ആന്‍ അടക്കമുള്ള വേദസന്ദേശങ്ങളുടെ ആകാശവിശാലത ബോധ്യപ്പെടാത്ത പൗരോഹിത്യ യാഥാസ്ഥിതിക നിലപാടാണതെന്നും വാദിക്കപ്പെടുന്നു!

യഥാര്‍ഥത്തില്‍ ഇവ്വിഷയകമായി വിശുദ്ധ ഖുര്‍ആന്‍ നേര്‍ക്കുനേരെ പറഞ്ഞിട്ടുള്ള പല ആയത്തുകളെയും കണ്ടില്ല എന്നു നടിക്കുകയും ചില വചനങ്ങളെ പച്ചയായി ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം വികല വാദങ്ങള്‍ ഉന്നയിക്കുന്നത്.


കെ എം ജാബിർ പണ്ഡിതൻ, എഴുത്തുകാരൻ. എറണാകുളം സ്വദേശി