മധുരക്കിഴങ്ങു കൊണ്ട് ഉപ്പുമാവ്

എം പി ഹസീന

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദേറിയ നാടന്‍ വിഭവങ്ങള്‍ ഇതാ.

ചേരുവകള്‍:
മധുരക്കിഴങ്ങ് - 2
പച്ചമുളക് - 3
സവാള - 1
ചിരകിയ തേങ്ങ - ¼ കപ്പ്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2-3
ഉഴുന്നുപരിപ്പ് - 1 ടീസ്പൂണ്‍
കടലപ്പരിപ്പ് - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 ഇതള്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മധുരക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് വേവിക്കുക. കൂടുതല്‍ വെന്ത് പൊടിയാതിരിക്കാന്‍ ശ്രദ്ധിക്കണം. വേവിച്ച ശേഷം തൊലി കളഞ്ഞ് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഉപ്പുമാവിന്റെ പരുവത്തില്‍ ഉടച്ചെടുക്കുക.

ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. കടുക് ചേര്‍ത്ത് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും (പൊട്ടുകടല) ചേര്‍ക്കുക. ഇവ സ്വര്‍ണ നിറമാകുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ചേര്‍ക്കുക. ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.

വഴറ്റിയ മിശ്രിതത്തിലേക്ക് ഉടച്ചുവെച്ച മധുരക്കിഴങ്ങ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 2 സെക്കന്‍ഡ് മൂടിവെച്ച ശേഷം ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചൂടോടെ ചമ്മന്തിയോ പച്ചടിയോ ചേര്‍ത്തോ അല്ലാതെയോ കഴിക്കാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഈ ഉപ്പുമാവ് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതും ആരോഗ്യകരവുമാണ്.

ചെറുപയര്‍ അട

ചേരുവകള്‍:

ചെറുപയര്‍ - ഒരു കപ്പ്
ശര്‍ക്കര - 250 ഗ്രാം
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഏലക്കപ്പൊടി - ഒരു ടീസ്പൂണ്‍
അരിപ്പൊടി - ഒരു കപ്പ്
നെയ്യ് - ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കുതിര്‍ത്തുവെച്ച ചെറുപയര്‍ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. അര കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുത്ത ശര്‍ക്കരപാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി എന്നിവ വേവിച്ച ചെറുപയറില്‍ ചേര്‍ത്ത് ഇളക്കി അതിലുള്ള വെള്ളം വറ്റിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് മാറ്റിവെക്കുക.

ഒരു പാത്രത്തില്‍ അരിപ്പൊടി, ഉപ്പ്, ഒന്നേ കാല്‍ കപ്പ് തിളച്ച വെള്ളം എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇളം ചൂടില്‍ ചെറിയ ഉരുളകളാക്കുക. ഉരുളകള്‍ വാഴയിലയില്‍ വെച്ച് കനം കുറച്ച് കൈ ഉപയോഗിച്ച് പരത്തിയെടുക്കുക. ഇടക്കിടെ കൈ നനച്ച് പരത്തിയെടുത്താല്‍ എളുപ്പമാവും.

നടുവിലായി ചെറുപയര്‍ കൂട്ട് വെച്ച് ഇലയോടെ പകുതിയായി മടക്കി ഒട്ടിച്ചെടുക്കുക. ശേഷം ഇവ ഇഡലി ചെമ്പിലിട്ട് ആവിയില്‍ വേവിച്ചെടുക്കുക. രുചികരവും എണ്ണ പുരട്ടാത്തതുമായ ചെറു കടി തയ്യാര്‍.